Flash News

അലഞ്ഞുതിരിയുന്നവരെ പുനരധിവസിപ്പിക്കണം

തിരുവനന്തപുരം:  സംസ്ഥാനത്ത് അലഞ്ഞുതിരിയുന്നവരും റെയില്‍വേ സ്‌റ്റേഷന്‍, ബസ് സ്റ്റാന്റ്, ക്ഷേത്രവളപ്പ്, റോഡുകള്‍ എന്നിവിടങ്ങളില്‍ കഴിയുന്നവരുമായ മുഴുവന്‍ വയോജനങ്ങളെയും കണ്ടെത്തി പുനരധിവസിപ്പിക്കണമെന്ന് വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും സംബന്ധിച്ചു പഠനം നടത്താന്‍ നിയോഗിക്കപ്പെട്ട  ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ ശുപാര്‍ശ. പോലിസിന്റെ സഹായത്തോടെ ഇവരെ കണ്ടെത്തി അനുയോജ്യമായ വൃദ്ധസദനങ്ങളില്‍ താമസിപ്പിക്കണം. കമ്മീഷന്‍ റിപോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി.
ആരോഗ്യമുള്ളവരും സ്വയം കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ളവര്‍, ഭാഗികമായി മറ്റുള്ളവരെ ആശ്രയിക്കുന്നവര്‍,  പൂര്‍ണമായും പരാശ്രയം വേണ്ടവരോ കിടപ്പിലായവരോ ആയവര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍ എന്നിങ്ങനെ നാലായി തിരിച്ചാണ് ഇവരെ പുരവധിവസിപ്പിക്കേണ്ടത്. ഓരോ വിഭാഗങ്ങളെയും പ്രത്യേകം കെട്ടിടങ്ങളില്‍ താമസിപ്പിക്കണം. വൃദ്ധസദനങ്ങളില്‍ അനുവദിക്കപ്പെട്ട എണ്ണത്തിന്റെ 10 ശതമാനത്തിലധികം ആളുകളെ പാര്‍പ്പിക്കാന്‍ പാടില്ല. വാര്‍ഡ്തല കമ്മിറ്റികള്‍ മുഖേന വയോജനങ്ങളുടെ മക്കളുടെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കണം. രക്ഷിതാക്കളെ സംരക്ഷിക്കാത്ത മക്കള്‍ക്കെതിരേ നിയമാനുസൃതം നടപടി സ്വീകരിക്കണം. മക്കള്‍ക്കു സാമ്പത്തികനില മോശമാണെങ്കില്‍ വയോജനങ്ങളെ സാമൂഹിക നീതി വകുപ്പ് സംരക്ഷിക്കണം.
വൃദ്ധസദനങ്ങളിലെ സ്റ്റാഫിനും നിശ്ചിത യോഗ്യതയുണ്ടായിരിക്കണം. സര്‍ക്കാര്‍ സ്വന്തംനിലയില്‍ പുതിയ വൃദ്ധസദനങ്ങള്‍ സ്ഥാപിക്കേണ്ടതില്ല. സ്വകാര്യ വൃദ്ധസദനങ്ങളില്‍ ഇപ്പോള്‍ 10000ത്തോളം പേര്‍ക്കുള്ള ഒഴിവുകളുണ്ട്. സര്‍ക്കാര്‍ വൃദ്ധസദനങ്ങളില്‍ 485 ഒഴിവുകളുണ്ട്.  സ്വകാര്യ വൃദ്ധസദനങ്ങളോട് ചേര്‍ന്ന് സ്ഥലമുണ്ടെങ്കില്‍ അവിടെ നിബന്ധനകള്‍ക്കു വിധേയമായി കെട്ടിടം പണിയുന്നതിനു സര്‍ക്കാരിന് സഹായം നല്‍കാവുന്നതാണ്. 10 പേര്‍ക്കെങ്കിലും താമസസൗകര്യമില്ലാത്ത വൃദ്ധസദനങ്ങള്‍ക്ക് അംഗീകാരം നല്‍കേണ്ടതില്ല.
മെഡിക്കല്‍, നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് വൃദ്ധസദനങ്ങളില്‍ രണ്ടാഴ്ചത്തെ ഇന്റേണ്‍ഷിപ്പ് നിര്‍ബന്ധമാക്കണം. വൃദ്ധസദനങ്ങളിലെ അന്തേവാസികള്‍ക്ക് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി നിയമസഹായം ലഭ്യമാക്കണം.
70 കഴിഞ്ഞ വയോജനങ്ങളുടെ പെന്‍ഷന്‍ 2000 രൂപയായി ഉയര്‍ത്തണം. 80 കഴിഞ്ഞവര്‍ക്ക് 3000 രൂപ നല്‍കണം. വയോജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി പണം സ്വരൂപിക്കുന്നതിനു പ്രത്യേക ഭാഗ്യക്കുറി നടത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കണം. ആശുപത്രികള്‍, റേഷന്‍ ഷാപ്പുകള്‍, വൈദ്യുതി ബോര്‍ഡ് ഓഫിസുകള്‍, വാട്ടര്‍ അതോറിറ്റി മുതലായ സ്ഥലങ്ങളില്‍ വയോജനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.
മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ്, മുന്‍ ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ ഡോ. ജമീല ബാലന്‍ എന്നിവരാണ് കമ്മീഷനിലെ മറ്റ് അംഗങ്ങള്‍.
Next Story

RELATED STORIES

Share it