അലഞ്ഞുതിരിയുന്നവരെ പുനരധിവസിപ്പിക്കണം, ആദിവാസി പ്രശ്‌നം പരിഹരിക്കണം

തിരുവനന്തപുരം: ഓരോ പ്രദേശത്തും അലഞ്ഞുതിരിയുന്ന മനോദൗര്‍ബല്യമുള്ളവരെയും യാചകരെയും പുനരധിവസിപ്പിക്കുന്നതിന് ഷെല്‍ട്ടര്‍ ഹോമുകള്‍ ഒരുക്കാന്‍ കാര്യക്ഷമമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍മാരോട് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
ആദിവാസി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക ശ്രദ്ധവേണമെന്നും സംസ്ഥാന വികസനവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സിങിലൂടെ ആശയവിനിമയം നടത്തവെ മുഖ്യമന്ത്രി നിര്‍ദേശിച്ചു.
സാമൂഹിക സുരക്ഷാ വകുപ്പ് നടത്തുന്ന ഭിന്നശേഷിക്കാരുടെ കണക്കെടുപ്പിന്റെ പുരോഗതിയും മുഖ്യമന്ത്രി ആരാഞ്ഞു. ലൈഫ് മിഷന്‍ പദ്ധതിയില്‍ വരുന്ന മുടങ്ങിക്കിടന്ന വീടുകളുടെ നിര്‍മാണം മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ഭൂമിയുള്ളവര്‍ക്കുള്ള വീടു നിര്‍മാണം 2019ല്‍ പൂര്‍ത്തിയാക്കാന്‍ കഴിയണം. ഓരോ ജില്ലയിലും പട്ടയവിതരണത്തില്‍ എത്രമാത്രം പുരോഗതിയുണ്ടായി എന്നതു സംബന്ധിച്ചും മുഖ്യമന്ത്രി റിപോര്‍ട്ട് തേടി.  ഈ വര്‍ഷം സംസ്ഥാനത്ത് മൂന്നുകോടി മരങ്ങള്‍ വച്ചുപിടിപ്പിക്കും.  ഉല്‍സവങ്ങള്‍ നടക്കുന്ന സീസണായതിനാല്‍ കരിമരുന്നുപ്രയോഗം അപകടരഹിതമായി നടക്കുന്നതിന് മുന്‍കരുതലെടുക്കണം.
നിര്‍മാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ കലക്ടര്‍മാര്‍ ഇടപെടണം. ഓരോ ജില്ലയിലും പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ സംബന്ധിച്ച് കലക്ടര്‍മാരില്‍നിന്നു റിപോര്‍ട്ടും തേടി. അനധികൃത മണലൂറ്റിനെതിരേ കര്‍ശന നടപടി സ്വീകരിക്കണം.
ദേശീയപാതാ വികസനം, ഗെയില്‍ പ്രകൃതിവാതക പൈപ്പ്‌ലൈന്‍, മലയോര ഹൈവേ, തീരദേശ ഹൈവേ, കിഫ്ബി മുഖേനയുള്ള പദ്ധതികള്‍ എന്നിവയ്ക്കുള്ള സ്ഥലമെടുപ്പ് വേഗത്തിലാക്കുന്നതിന് കലക്ടര്‍മാരുടെ കൃത്യമായ മേല്‍നോട്ടം ഉണ്ടാവണം. വരള്‍ച്ച നേരിടാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it