thrissur local

അലക്ഷ്യമായ കുപ്പി ശേഖരണം കൊതുക് കേന്ദ്രമായി മാറുന്നെന്ന് പരാതി

മാള:  പഴയ കുപ്പി ശേഖരണ സ്ഥാപനം പകര്‍ച്ചാവ്യാധി ഭീ ഷണി ഉയര്‍ത്തുമ്പോളും ആരോഗ്യ വിഭാഗം നടപടിയെടുക്കുന്നില്ലെന്ന് പരാതി. മാള വള്ളോന്‍ സ്മാരക കോളനിയ്ക്കും ബി എഡ് കോളജിനും സമീപത്തായി സ്ഥിതി ചെയ്യുന്ന സ്ഥാപനത്തെ കുറിച്ചാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
ഉപേക്ഷിച്ച മദ്യ കുപ്പികളും പ്ലാസ്റ്റിക് കുപ്പികളുമാണ് ഇവിടെ അലക്ഷ്യമായി ശേഖരിച്ച് വച്ചിരിക്കുന്നത്. ഈ കുപ്പികള്‍ കഴുകി വൃത്തിയാക്കി മറ്റു സ്ഥാപനങ്ങളിലേയ്ക്ക് കയറ്റി അയക്കുന്നുണ്ടെങ്കിലും മൂടികള്‍ ഇല്ലാത്ത കുപ്പികള്‍ അലക്ഷ്യമായി സൂക്ഷിക്കുന്നതുമൂലം കുപ്പികളില്‍ വെള്ളം കെട്ടി കൊതുക് മുട്ടയിട്ട് പെരുകാന്‍ സാധ്യത ഏറിയിരിക്കുകയാണ്. പകല്‍ സമയങ്ങളില്‍ പോലും കൊതുകുകളുടെയും ഈച്ചകളുടെയും കേന്ദ്രമായി മാറിയിരിക്കയാണിവിടം.
കൂടാതെ കുപ്പിച്ചില്ലുകള്‍ നിറഞ്ഞിരിക്കയാണിവിടം. മഴക്കാലം അടുത്തിരിക്കുമ്പോഴും ആരോഗ്യ വകുപ്പിനെ അറിയിച്ചിട്ടും ഒരു നടപടിയും ഇല്ലെന്ന് നാട്ടുകാര്‍ പറയുന്നു. അതേസമയം, താന്‍ 32 വര്‍ഷമായി താനീ ബിസിനസ് ഇവിടെ നടത്തി വരികയാണെന്നാണ് സ്ഥാപനയുടമ പറയുന്നത്.
ബാറുകളില്‍ നിന്നും മറ്റും ശേഖരിക്കുന്ന കുപ്പികള്‍ ഒരാഴ്ചക്കുള്ളില്‍ ഇവിടെ നിന്നും നീക്കം ചെയ്യുന്നുണ്ട്. കോയമ്പത്തൂരിലെ പോളിയെസ്റ്റര്‍ നൂല്‍ കമ്പനിയിലേക്ക് പ്ലാസ്റ്റിക്ക് കുപ്പികള്‍ ചാക്കുകളിലാക്കി കയറ്റി അയക്കുകയാണ് പതിവ്. ഗ്ലാസ് കുപ്പികള്‍ മദ്യക്കമ്പനികള്‍ക്ക് കൊടുക്കുകയാണ്.
ലൈസന്‍സ് പുതുക്കാന്‍ കൊടുത്തിട്ട് കിട്ടിയില്ലയെന്നുമാണ് ഉടമയുടെ ന്യായീകരണം. എന്നാല്‍ മാസങ്ങളോളം അലക്ഷ്യമായി കുപ്പികള്‍ സൂക്ഷിക്കുകയാണിവിടെ എന്നാണ് നാട്ടുകാരില്‍ നിന്നുമുള്ള ആരോപണം.
Next Story

RELATED STORIES

Share it