അറേബ്യയില്‍ ഇനി ഹീബ്രു വസന്തമോ?

ഇസ്രായേലിലെ അമേരിക്കന്‍ എംബസി ഖുദ്‌സിലേക്ക് (ജറുസലേമിലേക്ക്) മാറ്റുമെന്ന വാഗ്ദാനം നിറവേറ്റാനുള്ള ഒരുക്കത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇസ്രായേലിന്റെ തലസ്ഥാനം തെല്‍ അവീവില്‍ നിന്ന് ഖുദ്‌സിലേക്ക് മാറ്റുന്നതിനു മുന്നോടിയാണിത്. ഫലസ്തീന്‍ രാജ്യത്തിന്റെ അസ്തിത്വം നിഷേധിക്കുന്ന ഈ കുടിലതന്ത്രം പയറ്റുന്നതിനു പാകമായ കാലാവസ്ഥ പ്രധാന അറബ്‌രാജ്യങ്ങളുടെ സഹകരണത്തോടെ ഉണ്ടാക്കിയെടുത്താണ് ട്രംപിന്റെ നീക്കം. അറബ് ലോകത്തെ തന്റെ ഉറ്റകച്ചവടപങ്കാളി സൗദി കിരീടാവകാശിയുമായി (യഥാര്‍ഥ ഭരണാധികാരി) ഉണ്ടാക്കിയ ബന്ധങ്ങളാണ് ഇക്കാര്യത്തില്‍ ട്രംപ് ഭരണകൂടത്തിന്റെ ധൈര്യം.അറബ്‌ലോകത്ത് മേല്‍ക്കോയ്മ നേടാന്‍ അമിതാവേശം കാണിക്കുന്ന സൗദി കിരീടാവകാശി ചുവടുകള്‍ നീട്ടിവച്ചു മുന്നോട്ടുപോവുകയാണ്. എന്നാല്‍ യുവ കിരീടാവകാശിയുടെ നടപടികള്‍ ആലുസ്സുഊദ് രാജവംശത്തിന്റെ നിലനില്‍പിനെ തന്നെ ബാധിക്കുമെന്ന് അഭയാര്‍ഥികളായി പുറംലോകത്തു കഴിയുന്ന സൗദി വംശജരായ രാഷ്ട്രീയവിമര്‍ശകര്‍.സിറിയയിലും യമനിലും ഇറാഖിലും സൗദി നടത്തിയതും ഏറക്കുറേ പരാജയപ്പെട്ടതുമായ ഇടപെടലുകള്‍, ഖത്തറിനെതിരേ തുടരുന്ന ഉപരോധം, ശരീഅ ഭരണത്തിന് അറുതിവരുത്തി മതേതരമാവാനുള്ള അപഹാസ്യനീക്കങ്ങള്‍, ആഭ്യന്തര ഭീഷണികള്‍ അടിച്ചമര്‍ത്താന്‍ അഴിമതി വിരുദ്ധതയുടെ അഡ്രസ്സില്‍ രാജകുടുംബത്തില്‍ തന്നെ നടത്തുന്ന വെട്ടിനിരത്തലുകള്‍, സയണിസ്റ്റ് ഇസ്രായേലുമായി പരസ്യ ബാന്ധവത്തിനു ശ്രമിക്കുന്നത് തുടങ്ങി എല്ലാ വിക്രിയകള്‍ക്കും കുമാരന് ഉപദേശനിര്‍ദേശങ്ങള്‍ നല്‍കുന്നത് രണ്ടു കൂട്ടരാണ്: ഒന്ന്, സൗദിയെ മുന്നില്‍നിര്‍ത്തി മേല്‍ക്കോയ്മ നേടാന്‍ പിന്‍സീറ്റ് ഡ്രൈവിങ് നടത്തുന്ന അബൂദബിയിലെ കിരീടാവകാശിയും കൂട്ടാളികളും. രണ്ട്, കച്ചവടക്കണ്ണോടെ മാത്രം അധികാരം വിനിയോഗിക്കുന്ന അമേരിക്കന്‍ പ്രസിഡന്റും തികഞ്ഞ സയണിസ്റ്റ് പക്ഷപാതിയായ ഉപദേശക മരുമകനും.ആരുമായി ബന്ധം സ്ഥാപിക്കണം, മുറിക്കണം എന്നൊക്കെ അതതു രാജ്യങ്ങള്‍ക്കു തീരുമാനിക്കാമെന്നത് ന്യായം. എന്നാല്‍, ഫലസ്തീന്‍ ഭൂമിയില്‍ ബലാല്‍ സ്ഥാപിക്കപ്പെട്ട സയണിസ്റ്റ് രാജ്യവുമായി നയതന്ത്ര, സൗഹൃദ, വ്യാപാരബന്ധങ്ങള്‍ പാടില്ലെന്ന അറബ് മുസ്‌ലിം പൊതുനിലപാടിനെ അവഗണിച്ചുകൊണ്ടാണ് ഇസ്രായേലുമായി സൗഹൃദം സ്ഥാപിക്കാന്‍ കുമാരന്‍ ധൃതി കാണിക്കുന്നത്. സൗദി-സയണിസ്റ്റ് ബാന്ധവം ചൂടുപിടിക്കുന്ന പല സൂചനകളും ഈയിടെ പുറത്തുവന്നിരുന്നു. സപ്തംബറില്‍ സൗദി കിരീടാവകാശി തെല്‍ അവീവില്‍ രഹസ്യസന്ദര്‍ശനം നടത്തിയത് ഇസ്രായേല്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. രാജകുടുംബം നടത്തുന്ന 'ഈലാഫ്' പത്രം ഇസ്രായേല്‍ സൈനികത്തലവനുമായി നടത്തിയ അഭിമുഖത്തില്‍ ഇസ്രായേലിനും സൗദിക്കുമിടയില്‍ സൈനികവിവരങ്ങളുടെയും സാങ്കേതികവിദ്യയുടെയും കൈമാറ്റം നടക്കാറുണ്ടെന്ന് തുറന്നുപറഞ്ഞു. റിയാദ് അടക്കമുള്ള പല അറബ് തലസ്ഥാനങ്ങളുമായും തെല്‍ അവീവ് ബന്ധം പുലര്‍ത്തുന്നുണ്ടെന്നും സൗദിക്കും ഇസ്രായേലിനുമിടയ്ക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും ഇസ്രായേല്‍ ഊര്‍ജമന്ത്രി പറഞ്ഞതും ഈയിടെയാണ്. റിയാദില്‍ നടക്കാന്‍ പോവുന്ന ചെസ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ സൗദി വിസയ്ക്ക് കാത്തിരിക്കുകയാണ് ഇസ്രായേല്‍ ടീമംഗങ്ങള്‍. സൗദി മുഫ്തിയെ തെല്‍ അവീവ് സന്ദര്‍ശിക്കാന്‍ ക്ഷണിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ നവംബറില്‍ ഇസ്രായേല്‍ അധികൃതര്‍ പുറത്തുവിട്ടതോടെ സയണിസ്റ്റ് ബാന്ധവങ്ങള്‍ക്കു മതമേലങ്കിയുമായി.ഇസ്രായേല്‍-സൗദി അതിവേഗ പാത ഒരുക്കുന്നതിന് സാമൂഹികമാധ്യമങ്ങളില്‍ പ്രചാരമേകാന്‍ ചില പേനയുന്തികളെ രംഗത്തിറക്കിയിട്ടുണ്ട്. രസകരമാണ് ഇവരുടെ സ്തുതിഗീതങ്ങള്‍. ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനു ദീര്‍ഘായുസ്സ് നേര്‍ന്നും ഉഭയസന്ദര്‍ശനങ്ങള്‍ സ്വാഗതം ചെയ്തും ചിലര്‍. ഇസ്രായേല്‍ നക്ഷത്രക്കൊടി റിയാദില്‍ പറക്കുന്നതോടെ സൗദിയില്‍ വിനോദസഞ്ചാര വിസ്‌ഫോടനം നടക്കുമെന്ന് വേറെ ചിലര്‍. ഇത്രകാലം ഫലസ്തീനികളെ പോറ്റിയതിന്റെ ലാഭനഷ്ടക്കണക്ക് നിരത്തുന്നവരുമുണ്ട്. സഹോദരരാജ്യമായ ഖത്തറിനെതിരേ ചുമത്തിയ ഉപരോധം തീരുമെന്ന കിംവദന്തി കേട്ടപ്പോള്‍ അനുകൂലമായി ദുആ ട്വീറ്റ് ചെയ്ത കാരണം പറഞ്ഞ് പ്രമുഖ പണ്ഡിതന്‍ സല്‍മാന്‍ ഔദയെ പിടിച്ചു തുറുങ്കിലടച്ച അതേ സ്ഥലത്താണ് ഇസ്രായേല്‍ സ്തുതിഗീതങ്ങള്‍ ഒഴുകിനടക്കുന്നത്.ഡസന്‍കണക്കിന് ഔദ്യോഗിക പണ്ഡിതരെ ജയിലിലടച്ചത് ഖത്തര്‍ ഉപരോധത്തെ അനുകൂലിക്കാത്തതുകൊണ്ടാണെന്ന് ആദ്യം കേട്ടിരുന്നുവെങ്കിലും ഇസ്രായേല്‍ ബാന്ധവ നീക്കം ശക്തമായതോടെയാണ് ഈ അറസ്റ്റുകളുടെ ഗുട്ടന്‍സ് ചര്‍ച്ചയായത്. ഭരണാധികാരിയുടെ താളം മനസ്സിലാക്കി തുള്ളാന്‍ തുടങ്ങിയവര്‍ രക്ഷപ്പെട്ടു. അമേരിക്കയും സൗദിയും ലോക സമാധാനത്തിന്റെ പുതിയ കാവല്‍ക്കാരാണെന്നു ന്യൂയോര്‍ക്കില്‍ തട്ടിവിട്ട ഹറം ഇമാം അബ്ദുര്‍റഹ്മാന്‍ സുദൈസ്, അധിനിവേശത്തെ ചെറുക്കുന്ന ഹമാസ് ഭീകരസംഘടനയാണെന്നു കണ്ണടച്ച് ഫത്‌വ കൊടുത്ത മുഫ്തി ആലുല്‍ ശെയ്ഖ് തുടങ്ങിയവരാണ് പുതിയ മാതൃകകള്‍. ഇസ്രായേലി സയണിസ്റ്റുകള്‍ ജിദ്ദ എയര്‍പോര്‍ട്ടില്‍ ഇറങ്ങുമ്പോള്‍ അവരെ അഹ്‌ലുല്‍ കിതാബുകാര്‍ എന്ന് ഹാരമണിയിച്ചു സ്വീകരിക്കാന്‍ ഇത്തരം വിശിഷ്ടവേഷക്കാര്‍ അണിനിരക്കുന്ന കാലം വിദൂരമല്ലെന്നു ബ്രിട്ടനില്‍ അഭയംതേടിയ ആലുസ്സുഊദ് വിമര്‍ശകന്‍ ഡോ. സഅദ് അല്‍ഫഖീഹ്.ഇസ്രായേല്‍ രൂപീകരണത്തിന് സയണിസ്റ്റ് കൊളോണിയല്‍ശക്തികള്‍ ശ്രമിക്കുന്ന കാലം മുതലേ അവരുമായി രഹസ്യബാന്ധവം ഭരണകൂടം സൂക്ഷിച്ചിരുന്നു. സൗദി അറേബ്യ സ്ഥാപകന്‍ അബ്ദുല്‍ അസീസ് ബിന്‍ സഊദ് മുതല്‍ ഇതുവരെയുള്ള ഭരണാധികാരികളില്‍ ഫൈസല്‍ രാജാവ് മാത്രമാണ് ഇതിനൊരു അപവാദം. ഹാഗാന എന്ന സയണിസ്റ്റ് കൊലയാളിക്കൂട്ടം ബ്രിട്ടിഷ് പിന്തുണയോടെ ഫലസ്തീനികളെ കൊന്നൊടുക്കുമ്പോള്‍ അതിനെതിരേ അറബ്‌ലോകത്ത് ഉയര്‍ന്ന ചെറുത്തുനില്‍പ് അന്നത്തെ സൗദി ഭരണാധികാരി തുരങ്കംവച്ചത് അടക്കമുള്ള ഉദാഹരണങ്ങള്‍ ഏറെയുണ്ട്. ഫഹദ് രാജാവിന്റെ കാലത്തും അബ്ദുല്ല രാജാവിന്റെ കാലത്തും ഇസ്രായേലുമായി രഹസ്യബന്ധങ്ങള്‍ ശക്തിപ്പെട്ടിരുന്നു. വിദേശകാര്യ വകുപ്പിലെ പ്രമുഖരായിരുന്ന തുര്‍ക്കി ബിന്‍ ഫൈസല്‍, സഊദ് ബിന്‍ ഫൈസല്‍, ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ തുടങ്ങിയവര്‍ ഇസ്രായേലുമായി ഊഷ്മളബന്ധം ഉണ്ടാക്കിയെടുക്കുന്നതിനു കുറച്ചൊന്നുമല്ല അധ്വാനിച്ചത്. അബ്ദുല്ല രാജാവിന്റെ കാലത്ത് 2006ല്‍ നടന്ന ഇസ്രായേല്‍-ലബ്‌നാന്‍ യുദ്ധത്തില്‍ ഇസ്രായേലിനെ സൗദി സഹായിച്ചിരുന്നുവെന്ന് ആരോപണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇക്കാലമത്രയും സൗദി-ഇസ്രായേല്‍ ബാന്ധവം രഹസ്യമായി നിലനിര്‍ത്തുന്നതില്‍ ഭരണകൂടം തീര്‍ത്തിരുന്ന മറയാണ് ഇപ്പോഴത്തെ കിരീടാവകാശി പൊളിച്ചുനീക്കുന്നത്. രാജകുടുംബത്തിലെ ഇസ്രായേല്‍പ്രേമികളെയൊക്കെ വകഞ്ഞുമാറ്റി ബിന്‍ സാഇദ് കോഷ്ണര്‍ നിര്‍ദേശങ്ങളാണ് കിരീടാവകാശി നടപ്പാക്കുന്നത്. അറബ്‌ലോകത്തെ അധീശശക്തിയായി സ്വയം അവരോധിക്കാന്‍ ഇസ്രായേലുമായുള്ള പരസ്യ ബാന്ധവം പ്രയോജനപ്പെടുമെന്ന് ബിന്‍ സല്‍മാന്‍ കണക്കുകൂട്ടുന്നു. അറബ്‌ലോകത്തെ അടിയാളന്മാരെ റിയാദില്‍ വിളിച്ചുവരുത്തി ഉണ്ടാക്കിയെടുക്കുന്ന പ്രതിസന്ധികളെല്ലാം സൗദി-ഇസ്രായേല്‍ ബന്ധത്തെ ശക്തിപ്പെടുത്താന്‍ കൂടി ഉദ്ദേശിച്ചുള്ളതാണെന്നു കാണാം. സൗദി പൗരന്‍ കൂടിയായ ലബ്‌നാന്‍ പ്രധാനമന്ത്രി സഅദ് അല്‍ഹരീരിയെ വിളിച്ചുവരുത്തി സമ്മര്‍ദം ചെലുത്തി രാജിവയ്പിച്ചതും ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ വിളിച്ചുവരുത്തി ഫത്ഹ്-ഹമാസ് ഐക്യശ്രമത്തിനു തുരങ്കംവയ്ക്കുന്നതുമെല്ലാം പുതിയ ഉദാഹരണങ്ങളാണ്. ഈയിടെ റിയാദില്‍ ഔദ്യോഗിക ക്ഷണിതാവായി എത്തിയ ടൈംസ് ഓഫ് ഇസ്രായേല്‍ പ്രതിനിധി ബെന്‍സിയോണ്‍  മദീനയിലെ മസ്ജിദുന്നബവിയില്‍ കറങ്ങിനടന്നതിന്റെയും റിയാദിലെ സൗദി കൊച്ചമ്മമാരോട് ശൃംഗരിക്കുന്നതിന്റെയും ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ അയാള്‍ പോസ്റ്റ് ചെയ്തത് സൗദി അധികൃതര്‍ അറിഞ്ഞുനടത്തിയ ഒരു ടെസ്റ്റ് ഡോസാണെന്നു വിമര്‍ശനമുണ്ടായിരുന്നു. ബെന്‍സിയോണിന്റെ നടപടിയെ വിമര്‍ശിക്കാത്ത സൗദി ഭരണകൂടം അയാളുടെ ചിത്രങ്ങള്‍ക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ രോഷപ്രകടനം നടത്തിയവരെ പിടിച്ച് അകത്തിട്ടത് ടെസ്റ്റ് ഡോസ് ആരോപണം ശരിവയ്ക്കുന്നുണ്ട്.ജനതയുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തി സ്ഥാപിച്ചെടുത്ത സിംഹാസനങ്ങള്‍ തകരാതിരിക്കാന്‍ മേഖലയിലെ പല ഭരണകൂടങ്ങളും സയണിസ്റ്റ് രാജ്യവുമായി രഹസ്യ സംബന്ധങ്ങള്‍ പുലര്‍ത്തുന്നുണ്ടെന്നത് അറബ് ജനതയുടെ ഒരു നിസ്സഹായതയാണ്. ഇസ്രായേല്‍ നക്ഷത്രക്കൊടി റിയാദില്‍ ഉയരുന്നത് ഇത്തരം രഹസ്യ സംബന്ധക്കാര്‍ക്കെല്ലാം സൗകര്യമായിരിക്കുമെന്നതിനാല്‍ ഈ കുളംതോണ്ടല്‍ നീക്കത്തിനെതിരേ ഔദ്യോഗിക എതിര്‍പ്പുകളൊന്നും ഉയരുന്നുമില്ല. അറബ്പ്രദേശങ്ങളില്‍ ഭരണപ്രതിസന്ധി സൃഷ്ടിച്ച് ഇസ്രായേല്‍ ചങ്ങാത്തവുമായി അധീശത്വനീക്കം മുന്നോട്ടുപോവുമ്പോള്‍ സൗദിയില്‍ നിന്നു ഹീബ്രു വസന്തം അടിച്ചുവീശുമെന്ന് തെല്‍ അവീവിലെ നയതന്ത്രജ്ഞര്‍ ആവേശംകൊള്ളുന്നുണ്ട്.             ി
Next Story

RELATED STORIES

Share it