Pravasi

അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ ഖത്തറില്‍ നിന്ന് വന്‍സംഘം



ദോഹ: മിഡില്‍ ഈസ്റ്റിലെ യാത്രാ, വിനോദസഞ്ചാര വ്യവസായത്തിനുള്ള പ്രധാന വേദിയായ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റി (എടിഎം)ല്‍ ഖത്തറില്‍ നിന്ന് പങ്കെടുക്കുന്നത് വന്‍ സംഘം. ഈ മാസം 24 മുതല്‍ 27 വരെ നടക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ ഖത്തര്‍ ടൂറിസം അതോറിറ്റി (ക്യുടിഎ)യുടെ നേതൃത്വത്തില്‍ ഹോട്ടലുകള്‍, ടൂര്‍ ഓപറേറ്റേഴ്‌സ്, മറ്റ് സേവനദാതാക്കള്‍ എന്നിവയടക്കം 38 സ്ഥാപനങ്ങളാണ് പങ്കെടുക്കുക. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 26 ശതമാനം വര്‍ധനയാണിത്.ഖത്തറിന്റെ വിനോദസഞ്ചാര മേഖലയിലെ പുരോഗതികളും നൂതന വിനോദസഞ്ചാര അതിഥി സല്‍ക്കാര വാഗ്ദാനങ്ങളും പ്രദര്‍ശിപ്പിക്കാനുള്ള വേദിയായി ഇത് മാറും. ഖത്തറിന്റെ പൈതൃകവും യാത്രാനുഭവവും പ്രദര്‍ശിപ്പിക്കും. മാത്രമല്ല, മുന്‍നിര ആഡംബര താമസകേന്ദ്രങ്ങളും സാംസ്‌കാരിക ആകര്‍ഷണീയതകളും കുടുംബ വിനോദ കേന്ദ്രങ്ങളും ഫെസ്റ്റിവലുകളും പരിപാടികളും ഷോപ്പിങും ഭക്ഷണവും വിശ്രമവുമെല്ലാം പ്രദര്‍ശനത്തിനുണ്ടാകും. ദീര്‍ഘദൂര യാത്രക്കാരെ ആകര്‍ഷിക്കാനും അവരുടെ താമസത്തിന് സൗകര്യമൊരുക്കാനും പുതിയ പദ്ധതിയും ക്യുടിഎയും ഖത്തര്‍ എയര്‍വെയ്‌സും പ്രദര്‍ശനത്തിനിടെ പ്രഖ്യാപിക്കും. യുഎന്‍ ലോക വിനോദസഞ്ചാര സംഘടന (യുഎന്‍ഡബ്ല്യുടിഒ)യും എടിഎം മന്ത്രിതല ഫോറവും സംഘടിപ്പിക്കുന്ന ഉന്നതതല ചര്‍ച്ചകളിലടക്കം ക്യുടിഎ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. യുഎന്‍ ഡബ്ല്യുടിഒയുടെ ലോക ടൂറിസം ദിനം ക്യുടിഎ ആചരിക്കും. 'സുസ്ഥിര വിനോദസഞ്ചാരം: വികസനത്തിനുള്ള മാര്‍ഗം' എന്ന പ്രമേയത്തിലുള്ള ദിനാചരണം വിവിധ പരിപാടികളോടെ സപ്തംബറിലാണ് നടക്കുക.
Next Story

RELATED STORIES

Share it