Kottayam Local

അറിയിപ്പും അജണ്ടയുമില്ലെന്ന് : ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് അംഗങ്ങള്‍



കോട്ടയം: രാഷ്ട്രീയ കോലാഹലങ്ങള്‍ക്കിടയാക്കിയ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ശേഷം ചേര്‍ന്ന ജില്ലാ പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ ബഹളം. മുന്‍കൂട്ടി അറിയിച്ചില്ലെന്നും അജണ്ട നല്‍കിയില്ലെന്നും ആരോപിച്ച് കോണ്‍ഗ്രസ് അംഗങ്ങളാണു ബഹളമുണ്ടാക്കിയത്. യോഗം ആരംഭിച്ചപ്പോള്‍ തന്നെ വിമര്‍ശനവുമായി ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ എഴുന്നേല്‍ക്കുകയായിരുന്നു. മൂന്നു ദിവസം മുമ്പ് നോട്ടീസ് നല്‍കിയ ശേഷമാണു യോഗം ചേരേണ്ടതെന്നിരിക്കേ തലേന്ന് അറിയിപ്പ് നല്‍കിയാണു യോഗം ചേര്‍ന്നതെന്നു ജോഷി ഫിലിപ്പ് കുറ്റപ്പെടുത്തി. യോഗത്തിനു വ്യക്തമായ അജണ്ടയില്ലായിരുന്നുവെന്നും പിന്നീട് നല്‍കിയ രേഖയിലെ വിവരങ്ങള്‍ അപൂര്‍ണമായിരുന്നുവെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ കുറ്റപ്പെടുത്തി. അതേസമയം, ഇപ്പോള്‍ വിളിച്ചുചേര്‍ത്തത് അടിയന്തര കമ്മിറ്റി യോഗമാണെന്നും എല്ലാ അംഗങ്ങളെയും വിവരം അറിയിച്ചിരുന്നുവെന്നും പുതുതായി തിരഞ്ഞെടുത്ത പ്രസിഡന്റ് സഖറിയാസ് കുതിരവേലി പറഞ്ഞു. പദ്ധതി രൂപീകരണമായിരുന്നു പ്രധാന അജണ്ട. സെക്രട്ടറി മുഖേന അജണ്ട അംഗങ്ങള്‍ക്കു നല്‍കിയിരുന്നു. പദ്ധതിപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ ഉടനാരംഭിക്കുമെന്നും കുതിരവേലി വ്യക്തമാക്കി. ഭരണമാറ്റത്തിന്റെ പ്രതിഫലനത്തില്‍ വിറളിപൂണ്ട കോണ്‍ഗ്രസ് അംഗങ്ങള്‍ യോഗത്തില്‍ ബഹളമുണ്ടാക്കുകയായിരുന്നുവെന്ന് സിപിഎം ആരോപിച്ചു. അജണ്ടയില്ലെന്ന് ആരോപിച്ച് അനാവശ്യമായി മുന്‍ പ്രസിഡന്റ് ജോഷി ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം വയ്ക്കുകയായിരുന്നുവെന്നും സിപിഎം അംഗങ്ങള്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് സിപിഎമ്മിന്റെ പിന്തുണയോടെ കേരളാ കോണ്‍ഗ്രസ് (എം) അംഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസ്സിനെ വഞ്ചിച്ചു സിപിഎമ്മുമായി കൂട്ടുകെട്ടുണ്ടാക്കിയതിനെതിരേ കോണ്‍ഗ്രസ്സിനുള്ളില്‍ പുകയുന്ന അമര്‍ഷമാണ് ജില്ലാ കമ്മിറ്റി യോഗത്തിലും പ്രതിഫലിച്ചത്.
Next Story

RELATED STORIES

Share it