അറസ്റ്റ് വൈകുന്നത് പോലിസുമായി ഒത്തുകളിക്കുന്നതിനാല്‍: ജ. കെമാല്‍ പാഷ

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പിനെ ഇതുവരെയും അറസ്റ്റ് ചെയ്യാത്തത് ആശ്ചര്യമുണ്ടാക്കുന്നുവെന്നും ബിഷപ്പും പോലിസും തമ്മില്‍ കൊടുക്കല്‍ വാങ്ങല്‍ ബന്ധമുള്ളതായി സംശയിക്കുന്നുവെന്നും ഹൈക്കോടതി റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ.ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകളുടെ നേതൃത്വത്തില്‍ എറണാകുളം വഞ്ചി സ്‌ക്വയറില്‍ ആരംഭിച്ച സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സമരപ്പന്തലിലെത്തി സംസാരിക്കുകയായിരുന്നു അദേഹം. ഇപ്പോള്‍ നടക്കുന്നത് ചോദ്യംചെയ്യല്‍ നാടകമാണ്. ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നത് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ സര്‍ക്കാരിന് യോജിച്ച നടപടിയല്ല. സംസ്ഥാനത്തിനാകെ നാണക്കേടുണ്ടാക്കുന്ന കാര്യങ്ങളാണ് നടക്കുന്നത്. അറസ്റ്റിനെ ഭയന്നാണ് ഫ്രാങ്കോ മുളയ്ക്കല്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാതിരിക്കുന്നത്. അറസ്റ്റ് ഉണ്ടാവില്ലെന്ന് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ ബിഷപ്പിന് ഉറപ്പ് നല്‍കിയതായി സംശയിക്കുന്നുണ്ടെന്നും കെമാല്‍ പാഷ ആരോപിച്ചു. കേസ് അവസാനഘട്ടത്തിലാണെന്ന ഡിജിപിയുടെ പ്രസ്താവന തെറ്റിധാരണയുണ്ടാക്കുന്നതാണ്. പ്രധാന പ്രതിയെ പേരിന് പോലും ചോദ്യംചെയ്യാതെ എങ്ങനെ കേസ് അവസാനഘട്ടത്തിലെത്തിയെന്നും കെമാല്‍ പാഷ ചോദിച്ചു. പീഡനത്തിനിരയായ കന്യാസ്ത്രീക്കൊപ്പം സഭയിലെ ഒരു വിഭാഗമുണ്ടെന്ന് ഉറപ്പുനല്‍കി സിറോ മലബാര്‍ സഭാ മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാട്ടും സമരപ്പന്തലിലെത്തി. പീഡനക്കേസ് പുറത്തുവന്നത് മുതല്‍ സഭയില്‍ നിന്ന് കന്യാസ്ത്രീക്ക് പിന്തുണ നല്‍കിയവരില്‍ പ്രമുഖനാണ് ഫാ. പോള്‍ തേലക്കാട്ട്. നീതിക്ക് വേണ്ടിയുള്ള വലിയ വിലാപമാണ് കന്യാസ്ത്രീമാരുടേതെന്ന് പോള്‍ തേലക്കാട്ട് പറഞ്ഞു. ദുരന്തത്തിന്റെയും നാശത്തിന്റെയും പശ്ചാത്തലത്തില്‍ ഈ വിലാപത്തിന്റെ പ്രസക്തി മനസ്സിലാക്കാന്‍ സമൂഹത്തിന് ബാധ്യതയുണ്ട്. ഇരയുടെ ഒപ്പമാണ് സമൂഹവും രാഷ്ട്രവും നിലനില്‍ക്കേണ്ടത്. ഇപ്പോള്‍ ഭരിക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും പ്രത്യയശാസ്ത്രപരമായി ഇരയ്‌ക്കൊപ്പം നില്‍ക്കുന്നവരാണെന്ന് കരുതുന്നു. ഇരയാക്കപ്പെട്ടവരുടെ കൂടെ നില്‍ക്കാനാണ് ഇവിടെ എത്തിയത്. നീതി ലഭിക്കുംവരെ പിന്തുണയുണ്ടാകുമെന്നും പോള്‍ തേലക്കാട്ട് പറഞ്ഞു. ഫ്രാങ്കോ മുളയ്ക്കല്‍ അന്വേഷണവിധേയമായി സ്ഥാനമൊഴിയണമെന്ന് സമരത്തിന് പിന്തുണയുമായി പന്തലിലെത്തിയ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് കൊടുങ്ങല്ലൂര്‍ ഭദ്രാസനാധിപന്‍ ബിഷപ് മാര്‍ തോമസ് ഒസ്താതിയോസ് പറഞ്ഞു. കന്യാസ്ത്രീയുടെ അനുഭവം ക്രൈസ്തവസഭകളില്‍ പലര്‍ക്കുമുണ്ടായിരിക്കാം. ഭയംമൂലമാണ് തുറന്ന് പറയാത്തത്. സഹോദരിക്ക് നീതിതേടി തെരുവിലേ—ക്ക് ഇറങ്ങിയ അഞ്ച് കന്യാസ്ത്രീകളുടെ സമരം വിജയം കാണും. താന്‍ പ്രതിനിധാനം ചെയ്യുന്ന സഭയുടെ വക്താവായിട്ടല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം തികച്ചും വ്യക്തിപരമായിട്ടാണ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതെന്നും ബിഷപ് മാര്‍ തോമസ് ഒസ്താതിയോസ് പറഞ്ഞു. ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയനും പോലിസിനും ഭയമാണെന്ന് സമരത്തിനു പിന്തുണയുമായി എത്തിയ പി ടി തോമസ് എംഎല്‍എ പറഞ്ഞു. ജലന്ധറില്‍ നടക്കേണ്ട അന്വേഷണം മറ്റ് സംസ്ഥാനങ്ങളില്‍ നടത്തി പോലിസ് ജനങ്ങളെ അപഹാസ്യരാക്കുകയാണെന്നും പി ടി തോമസ് ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it