thrissur local

അറസ്റ്റ് വൈകുന്നതിനെതിരേ പ്രതിഷേധം ശക്തമാവുന്നു

തൃശൂര്‍: ദലിത് നിയമ വിദ്യാര്‍ഥിനി ജിഷ ക്രൂരമായി കൊലചെയ്യപ്പെട്ടിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്ത പോലിസിന്റെ അനാസ്ഥക്കെതിരേ ജില്ലയിലെങ്ങും പ്രതിഷേധം. വിവിധ വനിതാ സംഘടനകളുടേയും യുവജന-വിദ്യാര്‍ഥി സംഘടനകളുടേയും നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങളും ധര്‍ണയും നടത്തി.
ജിഷക്ക് നീതി ലഭിക്കണമെന്നും യഥാര്‍ത്ഥ കുറ്റവാളികളെ ഉടന്‍ കണ്ടെത്തി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് എസ്‌ഐഒ കൊടുങ്ങല്ലൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറിയാട്, എടവിലങ്ങ് സെന്റ്‌റുകളില്‍ മൗനജാഥയും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. എസ്‌ഐഒ തൃശൂര്‍ ജില്ലാ സമിതിയംഗം അഫ്‌സല്‍ കോതപറമ്പ് സംസാരിച്ചു. കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിന് സമഗ്രവും സത്വരവുമായ അന്വേഷണം നടത്തണമെന്നും ചാലക്കുടിയില്‍ ചേര്‍ന്ന ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് വനിത അഭിഭാഷക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി അഡ്വ.സി ബി സ്വാമിനാഥന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്തംഗം അഡ്വ.ജയന്തി അധ്യക്ഷത വഹിച്ചു.
ജിഷയുടെ ഘാതകരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ എ ഉണ്ണികൃഷ്ണന്‍ സൗത്ത് ജങ്ഷനില്‍ സത്യഗ്രഹ സമരം നടത്തി. കെപിഎംഎസ് ചാലക്കുടി ഏരിയ യൂനിയന്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എന്‍ ടി വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ഏരിയപ്രസിഡന്റ് സുനില്‍ അക്കര അധ്യക്ഷത വഹിച്ചു. കെ കെ സുരേഷ്, വി കെ ദേവാനന്ദന്‍, വി എ ജെയ്‌സണ്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it