അറസ്റ്റിലാവുന്നതിനു തലേന്ന്സരിത ക്ലിഫ് ഹൗസിലെ ലാന്‍ഡ്ഫോണിലേക്ക് വിളിച്ചു: സലിംരാജ്

കൊച്ചി: അറസ്റ്റിലാവുന്നതിനു തലേദിവസം സരിത എസ് നായര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ലാന്‍ഡ് ഫോണിലേക്ക് വിളിച്ചിരുന്നതായി മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ്. സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെ നല്‍കിയ മൊഴിയിലാണു സലിംരാജ് ഇക്കാര്യം വ്യക്തമാക്കിയത്.
പോലിസ് അറസ്റ്റ് ചെയ്യുന്നതിന്റെ തലേദിവസം 2013 ജൂണ്‍ രണ്ടിന് സരിതാ എസ് നായര്‍ തന്റെ മൊബൈല്‍ ഫോണിലേക്ക് വിളിച്ചിരുന്നു. താന്‍ ക്ലിഫ് ഹൗസിലുണ്ടെന്നു മനസ്സിലാക്കിയ സരിത സന്ധ്യക്കുശേഷം അവിടുത്തെ ലാന്‍ഡ് ഫോണിലേക്കും വിളിച്ചു. അതേ ഫോണില്‍ താന്‍ സരിതയെ തിരിച്ചുവിളിക്കുകയും ചെയ്തു. നിരവധി തവണ സരിതയെ ക്ലിഫ് ഹൗസിലെ ഫോണില്‍ നിന്നു വിളിച്ചിരുന്നതായും സലിംരാജ് മൊഴിനല്‍കി. ക്ലിഫ് ഹൗസിലെ ഫോണില്‍ നിന്നു സരിതയെ വിളിച്ചതന്വേഷിക്കാന്‍ ടി പി സെന്‍കുമാര്‍ സരിത വിളിക്കാറുണ്ടായിരുന്നോ എന്നും ഏതെല്ലാം നമ്പറുകളിലായിരുന്നു എന്നും മാത്രമാണ് ചോദിച്ചത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ലാന്‍ഡ് ഫോണിലേക്ക് വിളിച്ചിരുന്നോ എന്നു ചോദിച്ചില്ല. എന്നാല്‍ പ്രത്യേക അന്വേഷണസംഘ തലവനായിരുന്ന എഡിജിപി എ ഹേമചന്ദ്രന്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍നിന്നുള്ള ഫോണ്‍വിളികളെക്കുറിച്ച് ചോദിച്ചിരുന്നു. പറയാത്ത കാര്യങ്ങളും തന്റെ മൊഴിയായി ഹേമചന്ദ്രന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കടകംപള്ളി ഭൂമി ഇടപാടുകേസില്‍ തന്റെ ഫോണ്‍വിളികളുടെ വിശദാംശങ്ങളും വോയ്‌സ് റെക്കോഡും പിടിച്ചെടുക്കാനുള്ള ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയതു താനാവശ്യപ്പെട്ടിട്ടല്ല. തന്റെ വോയ്‌സ് റെക്കോഡ് ശേഖരിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ അഡ്വക്കറ്റ് ജനറല്‍ ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കി. തന്റെ ഫോണിലെ ചില സംഭാഷണങ്ങളില്‍ രാഷ്ട്രീയപ്രാധാന്യമുള്ള ഭാഗങ്ങളുണ്ടെന്നും അതു പുറത്തുവരുന്നതു പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും മനസ്സിലാക്കിയാണു സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയതെന്നും സലിംരാജ് മൊഴിനല്‍കി.
Next Story

RELATED STORIES

Share it