World

അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകര്‍ക്ക് മാലദ്വീപ് വിടാന്‍ നിര്‍ദേശം

മാലി: മാലദ്വീപില്‍ അറസ്റ്റിലായ ഇന്ത്യക്കാരനുള്‍പ്പെടെയുള്ള രണ്ടു വിദേശ മാധ്യമപ്രവര്‍ത്തര്‍ക്കു രാജ്യംവിടാന്‍ നിര്‍ദേശം. ഇന്ത്യക്കാരനായ മണി ശര്‍മ, ഇന്ത്യന്‍ വംശജനായ ബ്രിട്ടിഷ് പൗരന്‍ അതീഷ് രവി പട്ടേല്‍ എന്നിവരോടാണ് രാജ്യംവിടാന്‍ മാലദ്വീപ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഫ്രഞ്ച് വാര്‍ത്താ ഏജന്‍സി എഎഫ്പിയുടെ റിപോര്‍ട്ടര്‍മാരാണ് ഇരുവരും. തടവില്‍ നിന്നു മാറ്റിയ ഇരുവരെയും എമിഗ്രേഷന്‍ വിഭാഗത്തിനു കൈമാറിയതായി മാലദ്വീപ് സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്തെ കുടിയേറ്റ നിയമം ലംഘിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ ജോലിചെയ്യുന്ന—തെന്നാരോപിച്ചായിരുന്നു അറസ്റ്റ്. മാധ്യമപ്രവര്‍ത്തകരായി എഎഫ്പിക്കു വേണ്ടി ജോലി ചെയ്യുന്ന രണ്ടുപേരും ടൂറിസ്റ്റ് വിസയിലാണ് രാജ്യത്തെത്തിയിട്ടുള്ളത്. എമിഗ്രേഷന്‍ ആക്ട് ആന്റ് റെഗുലേഷന്‍സ് പ്രകാരം ടൂറിസ്റ്റ് വിസയിലെത്തി രാജ്യത്തു ജോലി ചെയ്യുന്നത് നിയമലംഘനമാണെന്നും എമിഗ്രേഷന്‍ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മാലദ്വീപില്‍ അടിയന്തരാവസ്ഥ നിലനില്‍ക്കെ സ്വകാര്യ ചാനലിനുവേണ്ടി ജോലി ചെയ്യുന്ന രണ്ടുപേരും രാജ്യത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തിനു ഭീഷണിയാണെന്നു പോലിസും എമിഗ്രേഷന്‍ വകുപ്പും പറയുന്നു. സുരക്ഷാപ്രശ്‌നം ഉന്നയിച്ച് ടെലിവിഷന്‍ ചാനലായ റജ്ജേ ടിവിയുടെ ഓഫിസ് മാലദ്വീപ് സര്‍ക്കാര്‍ അടച്ചുപൂട്ടിയിരുന്നു. രാജ്യത്തെ നിലവിലെ സ്ഥിതി മാധ്യമപ്രവര്‍ത്തകരെ വ്യക്തിഗതമായും സ്വതന്ത്രരായും റിപോര്‍ട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് എഎഫ്പി റിപോര്‍ട്ട് ചെയ്തിരുന്നു. മാലദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്ത സംഭവത്തില്‍ തങ്ങളുടെ ജീവനക്കാര്‍ക്കു ഭീഷണിയുള്ളതായി റജ്ജേ ടിവിയും പ്രതികരിച്ചിട്ടുണ്ട്. മാലദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷം അറസ്റ്റിലായ ആദ്യ വിദേശമാധ്യമപ്രവര്‍ത്തകരോടാണ് ഇപ്പോള്‍ രാജ്യംവിടാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തേ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെ രണ്ടു ജഡ്ജിമാരെയും അവരുടെ ബന്ധുക്കളെയും പോലിസ് അറസ്റ്റ് ചെയ്തിരുന്നു. രാഷ്ട്രീയത്തടവുകാരെ വിട്ടയയ്ക്കാനുള്ള സുപ്രിംകോടതി ഉത്തരവ് പാലിക്കാന്‍ മാലദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീന്‍ തയ്യാറാവാത്തതാണ് രാജ്യത്ത് പ്രതിസന്ധികള്‍ക്കു വഴിവച്ചത്.
Next Story

RELATED STORIES

Share it