അറസ്റ്റിലായവര്‍ക്ക് 100 രൂപ പിഴ, കോടതി പിരിയുന്നതുവരെ തടവ്

കോഴിക്കോട്: ചുംബനതെരുവ് പരിപാടിയോട് അനുബന്ധിച്ചു നടന്ന സംഘര്‍ഷത്തില്‍ അറസ്റ്റ് ചെയ്തവര്‍ക്ക് 100 രൂപ പിഴയും കോടതി പിരിയുന്നതുവരെ തടവും. കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഇവര്‍ക്ക് ഇന്നലെ ശിക്ഷ വിധിച്ചത്.
വെള്ളിയാഴ്ച ജാമ്യം അനുവദിച്ച കോടതി, ഇന്നലെ ഹാജരാവാന്‍ നിര്‍ദേശിച്ചിരുന്നു. പോലിസിനെ കൈയേറ്റം ചെയ്‌തെന്നാരോപിച്ച് അറസ്റ്റ് ചെയ്ത് ജയിലില്‍ കഴിയുന്ന തേജസ് ലേഖകന്‍ അനീബിന്റെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും.
അതേസമയം, നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് അനീബിനെ അറസ്റ്റ് ചെയ്ത പോലിസ് തങ്ങളുടെ നിയമവിരുദ്ധ പ്രവൃത്തി മറച്ചുവയ്ക്കാന്‍ പുതിയകഥകള്‍ മെനയുകയാണ്. അനീബ് മാവോവാദി സംഘത്തിലെ കണ്ണിയാണെന്നു വരുത്താനുള്ള ശ്രമങ്ങളാണ് പോലിസ് അണിയറയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
കോഴിക്കോട്ടെ ചില മാധ്യമപ്രവര്‍ത്തകരെ സ്വാധീനിച്ചാണ് പോലിസ് നുണപ്രചാരണം നടത്തുന്നത്. ഇന്നേവരെ ഒരു ക്രിമിനല്‍ കേസിലും പ്രതിചേര്‍ക്കപ്പെട്ടിട്ടില്ലാത്ത അനീബിനെതിരേ പത്തോളം കേസുകള്‍ ഉണ്ടെന്നായിരുന്നു സംഭവദിവസം പോലിസ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞിരുന്നത്. ഏതെല്ലാം കേസുകളാണ് അനീബിനെതിരേ എടുത്തിട്ടുള്ളത് എന്ന് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍, പോലിസ് അടവു മാറ്റി.
മാവോവാദി സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള അനീബിനെ മാസങ്ങളായി നിരീക്ഷിച്ചു വരുകയായിരുന്നു എന്നും ഇദ്ദേഹത്തിന് എതിരേ മാവോവാദി ബന്ധം സ്ഥിരീകരിക്കുന്ന തെളിവുകള്‍ ലഭിച്ചതായും പിന്നീട് പറഞ്ഞു. ഇന്ന് കോടതി അനീബിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഇതിനെ എതിര്‍ക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് പോലിസ്.
ഇതേസമയം, അന്യായമായി അനീബിനെ അറസ്റ്റ് ചെയ്ത പോലിസ് നടപടിയിലും പോലിസിന്റെ ക്രിമിനല്‍വല്‍ക്കരണത്തിനും എതിരേ സംസ്ഥാന വ്യാപകമായി ജനകീയ കാംപയിന്‍ ആരംഭിക്കാന്‍ കോഴിക്കോട്ടു ചേര്‍ന്ന സാംസ്‌കാരിക പ്രവര്‍ത്തകരുടെ യോഗം തീരുമാനിച്ചു. ഇതിന്റെ മുന്നോടിയായി നാളെ വൈകീട്ട് നാലുമണി മുതല്‍ കിഡ്‌സണ്‍ കോര്‍ണറില്‍ സാംസ്‌കാരിക പ്രതിഷേധ പരിപാടികള്‍ നടത്താനും ആലോചനയുണ്ട്.
കൂടാതെ, അനീബിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ന്യൂഡല്‍ഹി കേരളാ ഹൗസിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ കെയുഡബ്ല്യുജെ ഡല്‍ഹി ഘടകവും തീരുമാനിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it