kozhikode local

അറവ് മാലിന്യ നിക്ഷേപം : സ്റ്റാളുകള്‍ക്കെതിരേ കര്‍ശന നടപടിയുമായി ജില്ലാ ഭരണകൂടം



കോഴിക്കോട്: മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായും വിവിധ സ്ഥലങ്ങളില്‍ നിന്ന് മലേറിയ, ചിക്കന്‍ ഗുനിയ, ഡെങ്കിപ്പനി, എച്ച്1എന്‍1 എന്നീ മാരക പകര്‍ച്ചവ്യാധികള്‍ റിപോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലും കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ ചിക്കന്‍ സ്റ്റാളുകള്‍ക്കും ബീഫ് സ്റ്റാളുകള്‍ക്കും എതിരേ ദുരന്ത നിവാരണ നിയമ പ്രകാരം കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടം രംഗത്തിറങ്ങി. ബീഫ്, ചിക്കന്‍ സ്റ്റാളുകളില്‍ പരിശോധിച്ചു. മൂന്ന് ദിവസത്തിനകം കോര്‍ പറേഷന്‍ സെക്രട്ടറിക്ക് റിപോ ര്‍ട്ട് നല്‍കാന്‍ മൂന്നംഗം സമിതിക്ക് രൂപം നല്‍കി. കോഴിക്കോട് ഭൂരേഖ വിഭാഗം തഹസിര്‍ദാര്‍, വാര്‍ഡ് തല ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫിസറുടെ പ്രതിനിധി എന്നിവര്‍ ഉള്‍ക്കൊള്ളുന്നതാണ് സമിതി. സ്റ്റാളുകളില്‍ വച്ച് ഒരുകാരണവശാലും ആടുമാടുകളെ അറവ് നടത്താന്‍ പാടുള്ളതല്ല. കോര്‍പറേഷന്‍ നല്‍കുന്ന ലൈസന്‍സ് ഉണ്ടായിരിക്കണം. ഇറച്ചി, തല, ശരീര ഭാഗങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിച്ച് കച്ചവടം നടത്താന്‍ പാടുള്ളതല്ല. ഇറച്ചി കൈകാര്യം ചെയ്യുന്ന ആള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉണ്ടായിരിക്കണം. അറവ് മാലിന്യം സ്വമേധയാ ശാസ്ത്രീയമായി സംസ്‌കരിക്കണം. ഇത്തരം വിഷയങ്ങളാണ് സമിതി സ്റ്റാളുകള്‍ സന്ദര്‍ശിച്ച് വിലയിരുത്തുക. കോഴിക്കോട് കോര്‍പറേഷന്‍ ഓഫിസിനു മുന്‍വശം മുതല്‍ സൗത്ത് ബീച്ചിലെ കടല്‍പ്പാലം വരെയുള്ള കടല്‍തീരത്ത് കോഴിയുടെയും മാടിന്റെയും അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടുന്നത് മാധ്യമ വാര്‍ത്തയായിരുന്നു. പകര്‍ച്ചവ്യാധികള്‍ക്ക്  ഇടയാക്കുന്ന വിധമുളള മാലിന്യ നിക്ഷേപം സംബന്ധിച്ച് ജില്ലാ കലക്ടര്‍ കോര്‍പറേഷന്‍ ഹെ ല്‍ത്ത് ഓഫിസറില്‍ നിന്ന് അടിയന്തിര റിപോര്‍ട്ട് തേടിയിരുന്നു. കോഴിക്കോട് ബീച്ചിനെ മാലിന്യ മുക്തമാക്കുന്നതിനും മഴക്കാല രോഗങ്ങള്‍ പടരുന്നത് തടയാന്‍ ലക്ഷ്യമിട്ടും  ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വിളിച്ചു ചേര്‍ത്ത യോഗത്തിലെ തീരുമാനം പ്രകാരമാണ് അതോറിറ്റി ചെയര്‍മാനുകൂടിയായ ജില്ലാ കലക്ടര്‍ യു വി ജോസ് ഉത്തരവിറക്കിയിരിക്കുന്നത്. സമിതിയുടെ റിപോര്‍ട്ടിന്റെ  അടിസ്ഥാനത്തില്‍ പത്ത് ദിവസത്തിനകം കടക്കളുടെ പ്രവര്‍ത്തനം നിരോധിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ കലക്ടര്‍ കോര്‍പറേഷന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it