kannur local

അറവുമാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാര്‍ പിടികൂടി

ഇരിട്ടി: കീഴൂര്‍കുന്നില്‍ അറവുമാലിന്യങ്ങള്‍ തള്ളാനെത്തിയ വാഹനം നാട്ടുകാര്‍ പിടികൂടി തടഞ്ഞുവച്ചു. മഹാത്മാഗാന്ധി കോളജിന് സമീപം ജനവാസ കേന്ദ്രത്തില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് വിവിധ പ്രദേശങ്ങളില്‍ നിന്നു ശേഖരിച്ച അറവുമാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വാഹനം നാട്ടുകാര്‍ തടഞ്ഞുവച്ചത്. ശനിയാഴ്ച രാത്രി ഒമ്പതോടെയാണു സംഭവം.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇരിട്ടി പോലിസും നഗരസഭാ ആരോഗ്യവകുപ്പ് അടക്കമുള്ള അധികൃതരും സ്ഥലത്തെത്തി. അന്വേഷണത്തില്‍ ഈ സ്ഥലത്ത് നിരവധി ഇടങ്ങളിലായി യാതൊരു സുരക്ഷയുമില്ലാതെ മാലിന്യങ്ങള്‍ നിക്ഷേപിച്ചതായി കണ്ടെത്തി.
വിവിധ ടൗണുകളില്‍ നിന്നുമുള്ള അറവ് മാലിന്യങ്ങള്‍ നിത്യവും രാത്രികാലങ്ങളില്‍ ഇവിടെയെത്തിച്ച് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മറവുചെയ്യുന്നതായി തെളിഞ്ഞു.
അലക്ഷ്യമായി നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ പക്ഷിമൃഗാദികള്‍ അടക്കം ജനവാസകേന്ദ്രങ്ങളിലെ കിണറുകളിലും വീട്ട് മുറ്റത്തും മറ്റും കൊണ്ടിടുന്നത് പകര്‍ച്ച വ്യാധികള്‍ പകരാന്‍ ഇടയാക്കുമെന്ന് നഗരസഭാ ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
തുടര്‍ന്ന് നഗരസഭ ഇടപെട്ട് ദുര്‍ഗന്ധം വമിക്കുന്ന മാലിന്യങ്ങള്‍ ഇവിടെ തന്നെ സംസ്‌കരിച്ചു. മാലിന്യം തള്ളാനായി കൊണ്ടുവന്ന കെഎല്‍35ഇ2677 പിക്കപ്പ് വാന്‍ പോലിസ് കസ്റ്റഡിയിലെടുക്കുകയും സ്ഥലമുടമക്കെതിരേ കേസെടുക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it