wayanad local

അറവുമാലിന്യം ചുരത്തില്‍ തള്ളി;മൂന്നുപേര്‍ പിടിയില്‍



ലക്കിടി: ചുരത്തില്‍ അറവുമാലിന്യം തള്ളിയ മൂന്നുപേരെ പിടികൂടി. കല്‍പ്പറ്റ സ്വദേശികളായ അമ്പലങ്ങാട് സിദ്ദീഖ് (21), പാലക്കാപ്പറമ്പില്‍ ഹര്‍ഷാദ് (24), ഇരിട്ടി കുളിയന്തറ സ്വദേശിയായ പതിനേഴുകാരന്‍ എന്നിവരെയാണ് ചുരം സംരക്ഷണസമിതി പ്രവര്‍ത്തകര്‍ പിടികൂടി താമരശ്ശേരി പോലിസിന് കൈമാറിയത്. രണ്ടു ചാക്കുകളിലായി കോഴിക്കോട് ഭാഗത്തുനിന്ന് ഗുഡ്‌സില്‍ കയറ്റിക്കൊണ്ടുവന്ന അറവുമാലിന്യത്തില്‍ ഒരു ചാക്ക് ചുരത്തില്‍ നിക്ഷേപിച്ചിരുന്നു. അടുത്ത ചാക്ക് തട്ടാനുള്ള ശ്രമം ചുരം സംരക്ഷണസമിതി പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. ഉച്ചസമയത്ത് ചുരത്തില്‍ യാത്രക്കാര്‍ കുറവുള്ള നേരം നോക്കിയാണ് ഇവര്‍ മാലിന്യം തട്ടിയതെന്നു പ്രവര്‍ത്തകര്‍ പറഞ്ഞു. പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ പറയുന്നതിനാല്‍ താമരശ്ശേരി പോലിസില്‍ അറിയിക്കുകയും പോലിസ് സ്ഥലത്തെത്തി മൂന്നുപേരെയും വാഹനസഹിതം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ചുരത്തില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നു ചുരം സംരക്ഷണസമിതി ആവശ്യപ്പെട്ടു. ഇത്തരക്കാരെ ചെറിയ തുക പിഴയീടാക്കി വിട്ടയക്കുന്നതാണ് മാലിന്യനിക്ഷേപം ആവര്‍ത്തിക്കാന്‍ ഇടയാക്കുന്നത്. പൂര്‍ണമായി ഒഴിവാക്കാന്‍ കര്‍ശന നടപടികള്‍ ആവശ്യമാണെന്നും സമിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it