അറബിക് സര്‍വകലാശാല: സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കണം- കെഎഎംഎ

തിരുവനന്തപുരം: കേരളത്തില്‍ അറബിക് സര്‍വകലാശാല സ്ഥാപിക്കുമെന്ന എല്‍ഡിഎഫ് പ്രകടന പത്രികയിലെ പ്രഖ്യാപനം നടപ്പാക്കുന്ന വിഷയത്തില്‍ കേരള സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കണമെന്ന് കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ (കെഎഎംഎ) സംസ്ഥാന കമ്മിറ്റി കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാലോളി കമ്മിറ്റി ശുപാര്‍ശ ചെയ്ത അറബിക് സര്‍വകലാശാല സ്ഥാപിക്കുന്നതില്‍ അലംഭാവം തുടരുന്നതു പ്രതിഷേധാര്‍ഹമാണെന്നു യോഗം അഭിപ്രായപ്പെട്ടു.
കേരളീയര്‍ക്ക് തൊഴില്‍ നേടിത്തരുന്നതും കേരളത്തിന്റെ സമ്പദ്ഘടനയെ മെച്ചപ്പെടുത്തുന്നതും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ശുപാര്‍ശ ചെയ്തതുമായ ഈ പ്രശ്‌നം ഇനിയും നീട്ടരുത്. 15ലധികം സര്‍വകലാശാലകള്‍ നിലവിലുള്ള നമ്മുടെ സംസ്ഥാനത്ത് അറബിക് സര്‍വകലാശാല സ്ഥാപിക്കുന്ന വിഷയത്തില്‍ മൗനംഭജിക്കുന്നതു ഖേദകരമാണെന്നും യോഗം ചൂണ്ടിക്കാട്ടി. ഇതിനു വേണ്ടി നടത്തിയ സമരങ്ങളും നല്‍കിയ നിവേദനങ്ങളും കണ്ടില്ലെന്നു നടിക്കുന്ന സമീപനം സര്‍ക്കാര്‍ തിരുത്തണമെന്നും അറബിക് സര്‍വകലാശാല സ്ഥാപിക്കുന്നതിനു വേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന നേതൃ പരിശീലന ക്യാംപ് മെയ് ഒന്നിന് കോഴിക്കോട് നടത്താനും തീരുമാനിച്ചു. യോഗം ഇടവം ഖാലിദ് കുഞ്ഞ് ഉദ്ഘാടനം ചെയ്തു. പി പി ഫിറോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം തമീമുദീന്‍ റിപോര്‍ട്ട് അവതരിപ്പിച്ചു.
Next Story

RELATED STORIES

Share it