thiruvananthapuram local

അറബിക് മുന്‍ഷീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം

തിരുവനന്തപുരം: കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ 66ാം സംസ്ഥാന സമ്മേളനം ഇന്നും നാളെയും തിരുവനന്തപുരത്ത് അധ്യാപക ഭവനില്‍ നടക്കും. ഉദ്ഘാടന സമ്മേളനം, പ്രതിനിധി സമ്മേളനം, വിദ്യാഭ്യാസ സാംസ്‌കാരിക സമ്മേളനം, അറബിഭാഷാസമ്മേളനം, യാത്രയയപ്പ് സമ്മേളനം എന്നിവ രണ്ടു ദിവസങ്ങളിലായി നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അറബിഭാഷാ പഠനം ധാര്‍മിക മുന്നേറ്റത്തിന് എന്ന സന്ദേശത്തില്‍ നടത്തുന്ന സമ്മേളനം അറബിക് സര്‍വകലാശാലാ യാഥാര്‍ഥ്യമാക്കുക, ഭാഷാധ്യാപക പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങളുന്നയിക്കും. ഇന്ന് രാവിലെ 10.30ന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ഇടവം ഖാലിദ്കുഞ്ഞ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് മൂന്നിന് ജനറല്‍ കൗണ്‍സിലും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും. നാളെ രാവിലെ പത്തിന് നടക്കുന്ന ഉദ്ഘാടന സമ്മേളനം മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു അധ്യക്ഷത വഹിക്കും. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി മുഖ്യപ്രഭാഷണം നടത്തും. അഡ്വ. വി എസ് ശിവകുമാര്‍ എംഎല്‍എ സുവനീര്‍ പ്രകാശനം നടത്തും. 11.30ന് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. കെഎഎംഎയുടെ ഈ വര്‍ഷത്തെ സി എച്ച് സ്മാരക അവാര്‍ഡ്, ശിഹാബ് തങ്ങള്‍ സ്മാരക അവാര്‍ഡ്, മജീദ്‌റഹ്മാന്‍ കുഞ്ഞിപ്പ സ്മരാക അവാര്‍ഡ്, പ്രതിഭാ പുരസ്‌കാരം എന്നിവ ചടങ്ങില്‍ ഡോ. എം കെ മുനീര്‍ എംഎല്‍എ വിതരണം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എ എ ജാഫര്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ വി മോഹന്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. പ്രഫ. തോന്നയ്ക്കല്‍ ജമാല്‍, എം എ സമദ് കൊല്ലം, ഡോ. എം എസ് മൗലവി എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും. 12.30ന് നടക്കുന്ന അറബി ഭാഷാ സമ്മേളനം പാളയം ഇമാം വി പി സുഹൈബ് മൗലവി ഉദ്ഘാടനം ചെയ്യും. എം ഇമാമുദ്ദീന്‍ മാസ്റ്റര്‍ അധ്യക്ഷനാകും. അറബിക് സ്‌പെഷ്യല്‍ ഓഫിസര്‍ ഒ അബ്ദുല്‍ റഹീം മുഖ്യപ്രഭാഷണം നടത്തും. 2.30ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഖജാഞ്ചി പി പി ഫിറോസ് അധ്യക്ഷനാകുന്ന ചടങ്ങില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് ബസ്മല മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ എം തമീമുദ്ദീന്‍, എ എം ആരിഫ്, മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it