kannur local

അറക്കല്‍ കൊട്ടാരക്കെട്ട് സംരക്ഷണത്തിന് നടപടി വൈകുന്നു

കണ്ണൂര്‍സിറ്റി: സംസ്ഥാന പുരാവസ്തുവകുപ്പിനും വേണ്ടാതായതോടെ അറക്കല്‍ കൊട്ടാരക്കെട്ട് സംരക്ഷിക്കാന്‍ നടപടി വൈകുന്നു. കാലവര്‍ഷത്തില്‍ കെട്ടിന്റെ പല ഭാഗങ്ങളും ഇടിഞ്ഞുവീണു തുടങ്ങി. നേരത്തെ ഡല്‍ഹിയിലെ കോണ്‍സുലേറ്റ് വഴി നെതര്‍ലാന്‍ഡ്‌സ് സര്‍ക്കാര്‍ അറക്കല്‍കെട്ട് സംക്ഷിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.
ഇതിന്റെ ഭാഗമായി 2015ല്‍ ഡല്‍ഹിയില്‍നിന്ന് സിവില്‍ എന്‍ജിനീയര്‍മാരും ആര്‍ക്കിടെക്റ്റുകളും അടങ്ങിയ സംഘം അറക്കല്‍ കെട്ടിലെത്തിയിരുന്നു. എന്നാല്‍ തുടര്‍നടപടികള്‍ എങ്ങുമെത്തിയില്ല. ചരിത്രപ്രാധാന്യമുള്ള പഴയ കെട്ടിടങ്ങളും മറ്റും പഴമ ചോരാതെ സംരക്ഷിച്ചുനിര്‍ത്തണമെങ്കില്‍ വന്‍തുകയുടെ പദ്ധതി നടപ്പാക്കേണ്ടി വരും. കണ്ണൂര്‍സിറ്റി റോഡരികില്‍ ഏതുനിമിഷവും നിലം പൊത്താവുന്ന പഴഞ്ചന്‍ കെട്ടിടങ്ങളുടെ കൂട്ടമാണ് ഇന്ന് അറക്കല്‍ കൊട്ടാരക്കെട്ട്.
കെട്ടിന്റെ പല ഭാഗങ്ങളും വര്‍ഷങ്ങളായി തകര്‍ച്ചയിലാണ്. 2014ല്‍ വിജ്ഞാപനത്തിലൂടെ അറക്കല്‍ കൊട്ടാരം അടങ്ങുന്ന 2.11 ഹെക്റ്റര്‍ സ്ഥലവും അനുബന്ധ കെട്ടിടങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്ത് പുരാവസ്തുവകുപ്പിന് കൈമാറിയിരുന്നു. കൊട്ടാരത്തിന്റെ ഓഫിസും ദര്‍ബാര്‍ ഹാളും പ്രവര്‍ത്തിച്ചിരുന്ന അറക്കല്‍ മാടം മാത്രം പുരാവസ്തു സംരക്ഷിച്ച് മ്യൂസിയമാക്കി മാറ്റി 2015ല്‍ തുറന്നു കൊടുത്തു. അവശേഷിച്ച ഭാഗം സംരക്ഷിക്കാന്‍ ഒരു പ്രവര്‍ത്തനവും പുരാവസ്തുവകുപ്പ് നടത്തിയിരുന്നില്ല. അറക്കല്‍ രാജവംശവും പഴയ ഡച്ചുകാരും വര്‍ഷങ്ങള്‍ നീണ്ട വ്യാപാരബന്ധങ്ങള്‍ ഉണ്ടായിരുന്നു. പോര്‍ച്ചുഗീസുകാരെ തോല്‍പിച്ചെത്തിയ ഡച്ചുകാര്‍ അറക്കല്‍ രാജാവുമായി നല്ലബന്ധം പുലര്‍ത്തി വ്യാപാരം ശക്തിപ്പെടുത്തിയതായി ചരിത്രം പറയുന്നു. ഡച്ചുകാര്‍ പിടിച്ചടക്കിയ കണ്ണൂര്‍ കോട്ട അന്നത്തെ അറക്കല്‍ ഭരണാധികാരിയായിരുന്ന കുഞ്ഞി ഹംസ ആദിരാജ (1745-1777) ഒരുലക്ഷം രൂപയ്ക്ക് ഡച്ചുകാരില്‍നിന്ന് വിലയ്ക്കു വാങ്ങിയതായും രേഖകളുണ്ട്.
Next Story

RELATED STORIES

Share it