palakkad local

അര നൂറ്റാണ്ടിനു ശേഷം പറക്കുളത്ത് എന്‍എസ്എസ് കോളജ് വരുന്നു

സി കെ ശശി ചാത്തയില്‍

ആനക്കര: അര നൂറ്റാണ്ടത്തെ കാത്തിരിപ്പിന് ശേഷം പറക്കുളം കോളജ് യാഥാര്‍ഥ്യമാവുന്നു. കഴിഞ്ഞ ദിവസം പറക്കുളത്തെ കോളജ് വക സ്ഥലത്ത് പറക്കുളം എന്‍എസ്എസ് സയന്‍സ് കോളജ് എന്ന ബോര്‍ഡ് സ്ഥാപിച്ചു. അടുത്ത ദിവസം തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. നേരത്തെ എന്‍എസ്എസിന്റ പുതിയ ബജറ്റില്‍ പറക്കുളത്ത് കോളജ് നിര്‍മിക്കാന്‍ മൂന്ന് കോടി രൂപ നീക്കി വച്ചിരുന്നു.
1964ല്‍ രൂപീകരിച്ച പറക്കുളം കോളജ് കമ്മിറ്റി 42.36 ഏക്കര്‍ സ്ഥലവും നാട്ടുകാരില്‍ നിന്നും പിരിവെടുത്ത് സ്വരൂപിച്ച ഒരുലക്ഷത്തോളം രൂപയും 1966ല്‍ എന്‍എസ്എസിന് കൈമാറിയിരുന്നു. മന്നത്താചാര്യന്‍ വന്ന് ശിലാസ്ഥാപനം നടത്തി തറപ്പണി പൂര്‍ത്തീകരിച്ചുവെങ്കിലും തുടര്‍ന്നങ്ങോട്ട് കോളജിന്റെ കാര്യത്തില്‍ നേതൃത്വം കാട്ടിയ അലസതയും അവഗണയും ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളോടുള്ള അവഹേളനമായി മാറുകയായിരുന്നു. ഇതിനിടെ ഈ ഭൂമി— വില്‍പന നടത്താനുള്ള ശ്രമങ്ങള്‍ കോളജ് കമ്മിറ്റിയുടേയും നാട്ടുകാരുടേയും സമയോചിതമായ ഇടപെടലിലൂടെ ഇല്ലാതായി.
പിന്നീട് ഒട്ടേറെ സമരങ്ങള്‍ക്കും തുടര്‍ന്ന് കോടതിയിലും വരെ കാര്യങ്ങളെത്തി. ഇത്രയും ഭൂമി സംഭാവനയായി നല്‍കിയ പ്രദേശത്തെ മഹദ് വ്യക്തികളേയും മന്നത്താചാര്യനെ തന്നെയും അപമാനിക്കുന്ന സമീപനമാണ് എന്‍എസ്എസ് നേതൃത്വം കൈക്കൊണ്ടിരുന്നതെന്നായിരുന്നു പ്രദേശവാസികളായ എന്‍എസ്എസ് പ്രവര്‍ത്തകരുടേയും അനുഭാവികളുടേയും ആരോപണം. സര്‍ക്കാര്‍ തൃത്താല മണ്ഡലത്തിനൊരു കോളജ് അനുവദിച്ചപ്പോള്‍ പറക്കുളത്ത് കോളജ് തുടങ്ങാനോ സ്ഥലം സര്‍ക്കാരിന് വിട്ടുനല്‍കാനോ എന്‍എസ്എസ് നേതൃത്വം തയ്യാറായിരുന്നുമില്ല.
ഭൂമി പറക്കുളം കോളജ് കമ്മിറ്റിക്ക് തിരിച്ചു നല്‍കണമെന്ന കരാര്‍ ലംഘനം നടത്തിയതിനെതിരേ നിയമ നടപടികളുമായി മുന്നോട്ടു പോകുന്ന വേളയിലാണ് ഇപ്പോള്‍ കോളജ് നിര്‍മാണവുമായി എന്‍എസ്എസ് നേതൃത്വം രംഗത്തു വന്നത്. മന്നത്താചാര്യന്‍ ശിലാസ്ഥാപനം നടത്തി പൂര്‍ത്തീകരിക്കാതെ കിടക്കുന്ന കേരളത്തിലെ ഏക പദ്ധതികൂടിയായിരുന്നു ഇത്. പറക്കുളം കോളജ് വിഷയത്തി ല്‍ എന്‍എസ്എസ് നിലപാടില്‍ പ്രതിഷേധിച്ച് പ്രതീകാത്മക ഭൂമി പിടിച്ചെടുക്കല്‍ വരെ നടന്നിരുന്നു.
Next Story

RELATED STORIES

Share it