Kerala

അര്‍ഹതയ്ക്കുള്ള അംഗീകാരമായിജലീലിന്റെ മന്ത്രിസ്ഥാനം

അര്‍ഹതയ്ക്കുള്ള അംഗീകാരമായിജലീലിന്റെ മന്ത്രിസ്ഥാനം
X
dr.kt-jaleel,thavanoorഎടപ്പാള്‍: ഇടതു സ്വതന്ത്രനായി മല്‍സരിച്ച് മൂന്നാംതവണയും വിജയംകണ്ട കെ ടി ജലീലിനു ലഭിച്ച മന്ത്രിസ്ഥാനം തികച്ചും അര്‍ഹതയ്ക്കുള്ള അംഗീകാരമായാണ് തവനൂരിലെ ജനങ്ങള്‍ കാണുന്നത്. എല്‍ഡിഎഫ് പിന്തുണയോടെ ആദ്യമായി കുറ്റിപ്പുറം മണ്ഡലത്തില്‍നിന്ന് തന്റെ രാഷ്ട്രീയ ഗുരുവും മുസ്‌ലിംലീഗിന്റെ നെടുംതൂണുമായ പി കെ കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തിയ ജലീലിന് അന്നത്തെ ഇടതു മന്ത്രിസഭയില്‍ മന്ത്രിസ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അതിനായി ജില്ലയിലെ ഒരുവിഭാഗം സിപിഎം നേതാക്കള്‍ ചരടുവലി നടത്തിയിരുന്നെങ്കിലും ശ്രമം വിജയിച്ചില്ല. തുടര്‍ന്ന് 2011ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കുറ്റിപ്പുറം മണ്ഡലം ഇല്ലാതാവുകയും പുതിയ മണ്ഡലമായി തവനൂര്‍ രൂപീകൃതമാവുകയും ചെയ്തപ്പോള്‍ ജലീലിനെ തന്നെയാണ് സിപിഎം സ്വതന്ത്രവേഷത്തില്‍ ഇറക്കിയത്. 17,000ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജലീല്‍ ഇത്തവണ ജയിച്ചത്. യുഡിഎഫ് മന്ത്രിസഭയില്‍ നാലു മന്ത്രിമാരുണ്ടായിരുന്ന ജില്ലയില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍ താന്‍ മന്ത്രിയാവുമെന്ന് ജലീല്‍ സൂചിപ്പിച്ചിരുന്നു.ജില്ലയില്‍ എല്‍ഡിഎഫ് വിജയിച്ചിരുന്ന പൊന്നാനിക്കും തവനൂരിനും പുറമെ താനൂര്‍, നിലമ്പൂര്‍ സീറ്റുകള്‍ കൂടി പിടിച്ചെടുത്തതോടെയാണ് മലപ്പുറത്തിന് അര്‍ഹമായ പരിഗണന മന്ത്രിസഭയില്‍ വേണമെന്ന ആവശ്യം ശക്തമായത്. പിണറായി വിജയന്റെ വിശ്വസ്തന്‍ എന്നതും പിണറായി നയിച്ച രണ്ട് സംസ്ഥാന ജാഥകളിലും പാര്‍ട്ടി അംഗം അല്ലാതിരുന്നിട്ടും ജലീലിനെ ഉള്‍പ്പെടുത്തിയതും എല്‍ഡിഎഫ് ജലീലിനെ മന്ത്രിയാക്കുമെന്ന പ്രതീതി അണികളില്‍ ഉയര്‍ന്നിരുന്നു. മുസ്‌ലിംലീഗ് നേതൃത്വത്തിന്റെ നിലപാടുകളെ ചോദ്യംചെയ്തും കരിമണല്‍ ഖനനം അടക്കമുള്ള അഴിമതിക്കെതിരേ ശക്തമായ നിലപാടെടുത്തും ലീഗില്‍നിന്നു പുറത്തുപോയ ജലീലിന് ഇത് മധുര പ്രതികാരം കൂടിയായി. യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറിയായി പ്രവര്‍ത്തിക്കുമ്പോള്‍ മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷനായി തിളങ്ങിയ ജലീലിന് ചുമതല അനായാസേന നടപ്പാക്കാന്‍ കഴിയുമെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു.
Next Story

RELATED STORIES

Share it