അര്‍ബുദ, ഹൃദ്രോഗ നിര്‍ണയം; വാഹനപദ്ധതിയുമായി താരസംഘടന അമ്മ

കൊച്ചി: അര്‍ബുദ രോഗനിര്‍ണയത്തിന് എല്ലാവിധ സജ്ജീകരണങ്ങളോടും കൂടിയ മെഡിക്കല്‍ വാഹനപദ്ധതിയുമായി താരസംഘടനയായ അമ്മ. ഗ്രാമപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് അര്‍ബുദ, ഹൃദ്രോഗികളെ കണ്ടെത്തി പ്രാഥമിക ചികില്‍സ നല്‍കുന്ന പദ്ധതി നാലു മാസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് കൊച്ചിയില്‍ അമ്മയുടെ ജനറല്‍ബോഡി യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ഇന്നസെന്റ് എംപി പറഞ്ഞു.
രണ്ടു മാമോഗ്രാം യൂനിറ്റുകളുള്ള വാഹനത്തില്‍ ഡോക്ടര്‍മാര്‍ അടക്കമുള്ളവരുടെ സേവനം ഉണ്ടാവും. സ്തനാര്‍ബുദം, പ്രോസ്‌റ്റേറ്റ് കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടെത്തുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം. സര്‍ക്കാര്‍ ആശുപത്രികള്‍ക്കു ഡയാലിസിസ് മെഷീനുകള്‍ നല്‍കുന്നതിനും ആലോചനയുണ്ട്. മലയാളത്തിലെ ഒരു പത്രസ്ഥാപനവുമായി സഹകരിച്ച് നിര്‍ധനരായ 52 പേര്‍ക്ക് വീടുവച്ചു നല്‍കുന്ന പദ്ധതിക്കും തുടക്കമിടുന്നതായി സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. അക്ഷരവീട് എന്ന പദ്ധതിയില്‍ മലയാളത്തിലെ 52 അക്ഷരങ്ങളിലായിരിക്കും ഓരോ വീടുകളും അറിയപ്പെടുക.
അവശത അനുഭവിക്കുന്ന കലാകാരന്‍മാര്‍ക്ക് അമ്മ നല്‍കിവരുന്ന കൈനീട്ടം പദ്ധതിയില്‍ 11 പേരെക്കൂടി ഉള്‍പ്പെടുത്തി. അസുഖ ബാധിതരായ അമ്മയിലെ അംഗങ്ങള്‍ക്കു നല്‍കുന്ന ചികില്‍സാ സഹായം രണ്ടു ലക്ഷമായും അപകട ഇന്‍ഷുറന്‍സ് അഞ്ച് ലക്ഷമായും ഉയര്‍ത്തി. ആദ്യകാല നടി എം ജി ഓമനയ്ക്ക് ഓണററി അംഗത്വം നല്‍കി. അമ്മയില്‍ തര്‍ക്കങ്ങളുണ്ടെന്നു പറയുന്നതു മാധ്യമ സൃഷ്ടിയാണെന്നു ഇന്നസെന്റ് പറഞ്ഞു.
ജനറല്‍ സെക്രട്ടറി മമ്മൂട്ടി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ മോഹന്‍ലാല്‍, ദിലീപ്, ദേവന്‍, കലാഭവന്‍ ഷാജോണ്‍, നിവിന്‍ പോളി, സിദ്ദീഖ്, കുക്കു പരമേശ്വരന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it