അര്‍ബുദത്തിന്റെ ലക്ഷണങ്ങളെ തിരിച്ചറിയാം

അര്‍ബുദത്തിന്റെ ലക്ഷണങ്ങളെ തിരിച്ചറിയാം
X
_cancer

സ്തനാര്‍ബുദം
ആഗോളതലത്തില്‍ തന്നെ സ്ത്രീകളിലെ മരണകാരണമായ രോഗങ്ങളില്‍ ഏറ്റവും മുന്നിലാണ് സ്തനാര്‍ബുദം. എന്നാല്‍, തുടക്കത്തിലെ കണ്ടെത്തി ചികിത്സിക്കാനായാല്‍ പൂര്‍ണ്ണമായും സുഖപ്പെടുത്താവുന്നതാണ് സ്തനാര്‍ബുദം. സ്തനത്തില്‍ തടിപ്പ്, മുഴ, സ്തനത്തിലോ മുഴയിലോ വേദന, സ്തന ചര്‍മ്മത്തില്‍ വ്യത്യാസം, മുലക്കണ്ണില്‍ പൊട്ടല്‍, മുലക്കണ്ണ് ഉള്ളിലേക്കു വളയുക, രക്തമയമുള്ള സ്രവം, കക്ഷത്തിലെ തടിപ്പ്, സ്തനങ്ങിലെ തടിപ്പിലുള്ള വ്യത്യാസം എന്നിവ സ്തനാര്‍ബുദത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. സ്തനാര്‍ബുദം കണ്ടെത്താനുള്ള പ്രധാന പരിശോധന മാമോഗ്രാഫിയാണ്. കൂടാതെ സ്വയം സ്തന പരിശോധനയിയൂടെയും രോഗം കണ്ടെത്താവുന്നതാണ്.

ഗര്‍ഭാശയഗള അര്‍ബുദം
മുന്‍കൂട്ടി തിരിച്ചറിഞ്ഞ് പ്രതിരോധിക്കാവുന്ന അര്‍ബുദമാണ് ഗര്‍ഭാശയഗള കാന്‍സര്‍ സെര്‍വിക്കല്‍ (കാന്‍സര്‍). സ്താനാര്‍ബുദം കഴിഞ്ഞാല്‍ സ്ത്രീകളെ ഏറ്റവുമധികം ബാധിക്കുന്ന അര്‍ബുദമാണിത്. ഗര്‍ഭാശയഗളത്തിലെ കോശങ്ങളിലുണ്ടാകുന്ന മാറ്റമാണ് അര്‍ബുദത്തിനു കാരണമാകുന്നത്. രോഗം പ്രകടമാകുന്നതിനു 10-15 വര്‍ഷം മുമ്പു തന്നെ കാന്‍സറിനു കാരണമാകുന്ന കോശമാറ്റങ്ങള്‍  ഗര്‍ഭാശയഗളത്തില്‍ നടക്കും. അതുകൊണ്ട് സ്‌ക്രീനിങ്ങിലൂടെ കോശമാറ്റങ്ങള്‍ കണ്ടെത്താനും രോഗസാധ്യത തിരിച്ചറിയാനും പറ്റും. ലൈംഗിക ബന്ധത്തിനു ശേഷം രക്തസ്രാവമുണ്ടാകുക, ആര്‍ത്തവങ്ങള്‍ക്കിടയ്ക്കുള്ള സമയത്തെ രക്തംപോക്ക് എന്നിവ ഗര്‍ഭാശയഗള കാന്‍സറിന്റെ ലക്ഷണമാവാം. അതുകൊണ്ടു തന്നെ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാലുടന്‍ ഗര്‍ഭാശഗള കാന്‍സറാണോ എന്നറിയാന്‍ സ്‌ക്രീനിങ്ങ് നടത്തണം. പാപ്‌സ്മിയറാണ് ഗര്‍ഭാശയഗള കാന്‍സറിന്റെ പ്രധാന സ്‌ക്രീനിങ് പരിശോധന. വേദനയോ പാര്‍ശ്വഫലങ്ങളോ ഇല്ലാതെ വളരെ പെട്ടെന്ന് ചെയ്യാവുന്നതുമായ പരിശോധനയാണിത്. നഗ്‌നനേത്രങ്ങള്‍ കൊണ്ട് ഗര്‍ഭാശയമുഖത്തെ നിരീക്ഷിക്കുകയാണ് ആദ്യ പടി. പിന്നീട് ഗര്‍ഭാശയമുഖത്തിന്റെ അകത്തും പുറത്തുമുള്ള കോശങ്ങള്‍ സ്പാറ്റുല എന്ന ഉപകരണം കൊണ്ട് ശേഖരിച്ചു പരിശോധിക്കും. ഈ കോശങ്ങളെ സൂക്ഷ്മ നിരീക്ഷണിയിലൂടെ മാറ്റങ്ങളുണ്ടോയെന്നു നോക്കുന്നു. പാപ്‌സ്മിയറില്‍ എന്തെങ്കിലും പ്രകടമായ മാറ്റം  കണ്ടാല്‍ കോള്‍പ്പോസ്‌കോപ്പി പരിശോധന നടത്താം. എച്ച് പി വി ടെസ്റ്റും സ്‌ക്രീനിങ്ങിന് ഉപയോഗിക്കുന്നു. ഗര്‍ഭാശയഗള കാന്‍സറിനു കാരണമാകുന്ന എച്ച് പി വി ലൈംഗികബന്ധത്തിലൂടെയാണ് പകരുന്നത്. അതുകൊണ്ട് സജീവമായ ലൈംഗികബന്ധം തുടങ്ങി രണ്ടു വര്‍ഷം മുതല്‍ പാപ് സ്മിയര്‍ നടത്താം. ആദ്യ മൂന്നു വര്‍ഷത്തില്‍ എല്ലാ പ്രാവശ്യവും തുടര്‍ന്ന് 65 വയസ്സു വരെ മൂന്നു വര്‍ഷത്തിലൊരിക്കലും പരിശോധ നടത്തേണ്ടതാണ്.

പ്രോസ്‌റ്റേറ്റ് കാന്‍സര്‍
പുരുഷന്മാരില്‍ കണ്ടുവരുന്ന കാന്‍സറാണ് പ്രോസ്‌റ്റേറ്റ് കാന്‍സര്‍. പ്രായം കൂടുന്നത് ഈ കാന്‍സറിനുള്ള സാധ്യതയെ സ്വാധീനിക്കാം.
മൂത്രമൊഴിക്കുന്നതിനുള്ള പ്രശ്‌നങ്ങളാണ് പ്രേസ്‌റ്റേറ്റ് കാന്‍സറിന്റെ ലക്ഷണമായി കാണുന്നത്. ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാന്‍ തോന്നുന്നതും മൂത്രമൊഴിക്കുമ്പോഴുണ്ടാകുന്ന അസ്വസ്ഥതകളും കടുത്തവേദനയും അപകട ലക്ഷണങ്ങളായി കരുതേണ്ടതാണ്. രോഗലക്ഷണങ്ങളെ വിലയിരുത്തിയതിനു ശേഷം ശാരീരിക പരിശോധന, സ്‌കാനിങ്ങ്, ബയോപ്‌സി എന്നിവ ചെയ്യും. 40 കഴിഞ്ഞാല്‍ പിഎസ്എ ടെസ്റ്റ് എന്നുപറയുന്ന രക്തപരിശോധന നടത്താവുന്നതാണ്. പിഎസ്എ അളവ് എപ്പോഴും കാന്‍സറിന്റെ സൂചനയാകണമെന്നില്ല. പിഎസ്എ ഫലത്തോടൊപ്പം, പിഎസ്എ അളവ് നാല് നാനോഗ്രാമോ അതില്‍ കൂടുതലോ ആണെങ്കില്‍ കാന്‍സര്‍ നിര്‍ണ്ണയ പരിശോധനകള്‍ നടത്താറുണ്ട്. 40 വയസ്സിനു ശേഷം എല്ലാ പുരുഷന്മാരും വര്‍ഷത്തിലൊരിക്കല്‍ പിഎസ്എ ടെസ്റ്റ് നടത്തുന്നത് നല്ലതാണ്.

കൊളോറെക്ടല്‍ കാന്‍സര്‍
വന്‍കുടലിലും മലാശയത്തിലുമുണ്ടാകുന്ന കാന്‍സറുകളും ( കൊളോറെക്ടല്‍ കാന്‍സര്‍ ) ലക്ഷണങ്ങളിലൂടെ മുന്‍കൂട്ടി കണ്ടെത്താം. മലത്തിലൂടെ രക്തം പോകുക, മലദ്വാരത്തില്‍ നിന്നുള്ള രക്തസ്രാവം, ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന മലബന്ധം, അടിവയറ്റിലുണ്ടാകുന്ന വേദന, ഭാരനഷ്ടം എന്നിവയൊക്കെ ഇത്തരം കാന്‍സറുകളുടെ ലക്ഷണമാവാം. ഇത്തരം ലക്ഷണങ്ങള്‍ നീണ്ടുനിന്നാല്‍ ഡോക്ടറെ സമീപിക്കണം. കുടുംബത്തില്‍ ആര്‍ക്കെങ്കിലും വന്‍കുടലില്‍ മുഴകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ 10 വയസ്സിനു മുമ്പേ മറ്റ് അംഗങ്ങളും സ്‌ക്രീനിങ്ങ് തുടങ്ങണം. മലത്തില്‍ രക്തത്തിന്റെ സാന്നിധ്യം പരിശോധിക്കുന്നതിനുള്ള ഫീക്കല്‍ ഔക്കള്‍ട്ട് ബ്ലഡ് ടെസ്റ്റ് ( എഫ്.ഒ.ബി ) കോളനോ സ്‌കോപ്പി എന്നീ പരിശോധനകളാണ് സ്‌ക്രീനിങ്ങിനായി ഉപയോഗിക്കുന്നത്. ഇവയില്‍ എഫ്ഒബി വര്‍ഷംതോറുമാണ് നടത്തേണ്ടത്. കൂടുതലും പ്രായം ചെന്നവരിലാണ് ഇത്തരം കാന്‍സറുകള്‍ കണ്ടുവരുന്നത് എന്നതുകൊണ്ട് 40 വയസ്സു മുതല്‍ ഇത്തരം സ്‌ക്രീനിങ്ങിനു വിധേയരാക്കേണ്ടതാണ്.

ശ്വാസകോശ കാന്‍സര്‍
ശ്വാസകോശ കാന്‍സറിന്റെ കാര്യത്തില്‍ പലപ്പോഴും രോഗം ഗുരുതരമായി കഴിഞ്ഞേ ലക്ഷണങ്ങള്‍ പ്രകടമാകൂ എന്നതുകൊണ്ടു തന്നെ മുന്‍കൂട്ടി തിരിച്ചറിയല്‍ പ്രയാസമാണ്. പക്ഷേ, രോഗലക്ഷണങ്ങളുള്ളവര്‍ക്ക് ചെസ്റ്റ് എക്‌സ്‌റേയിലൂടെ രോഗതീവ്രത ഉണ്ടോ എന്നറിയാം. പുകവലി പതിവാക്കിയവര്‍, ആസ്ബറ്റോസ്, ചില രാസവസ്തുക്കള്‍ എന്നിവയുമായി സ്ഥിരം ബന്ധപ്പെടുന്ന ജോലികളിലേര്‍പ്പെടുന്നവര്‍ തുടങ്ങിയവരെല്ലാം പ്രകടമായ ലക്ഷണങ്ങളില്ലെങ്കിലും സിടി സ്‌കാന്‍ പരിശോധനയ്ക്കു വിധേയരാകുന്നത് നല്ലതാണ്. മൂന്നാംലോക രാഷ്ട്രങ്ങളില്‍ കണ്ടെത്തുന്ന 80 ശതമാനം കാന്‍സറുകളും ഗുരുതരാവസ്ഥയിലെത്തിയതിനു ശേഷമാണ് തിരിച്ചറിയപ്പെടുന്നത്. ഇത്തരം കേസുകളില്‍ 70-80 ശതമാനവും മുന്‍കൂട്ടി തിരിച്ചറിഞ്ഞിരുന്നെങ്കില്‍ പൂര്‍ണ്ണമായി സുഖപ്പെടുത്താനാവും എന്നതൊരു ദു:ഖ സത്യമാണ്. അതുകൊണ്ടു തന്നെ, സ്‌പെഷ്യലിസ്റ്റുകളുടെ ഈ യുഗത്തില്‍ ഫാമിലി ഡോക്ടര്‍ എന്ന ആശയത്തിന് പ്രസക്തിയേറുന്നു. വര്‍ഷാവര്‍ഷമുള്ള പരിശോധനകളില്‍ നിങ്ങള്‍ക്കാവശ്യമുള്ള കാന്‍സര്‍ സ്‌ക്രീനിങ്ങുകള്‍ ഉപ്പെടുത്താനും ലക്ഷണങ്ങളോടൊപ്പം കുടുംബപാരമ്പര്യവും ജീവിതശൈലിയും കണക്കിലെടുത്ത് രോഗം മുന്‍കൂട്ടി തിരിച്ചറിയാനും വേണ്ട സമയത്ത് ചികിത്സ തുടങ്ങാനും കുടുംബ ഡോക്ടര്‍ക്ക് എളുപ്പം കഴിഞ്ഞേക്കും. പുകയില ഒഴിവാക്കുന്നത് ശ്വാസകോശാര്‍ബുദം തടയുന്നതിനു സഹായിക്കും.

കാന്‍സര്‍ ലക്ഷണങ്ങളിലൂടെ അറിയാം

നാസോഫാരിങ്‌സ്-    മൂക്കൊലിപ്പ്, സ്ഥിരം മൂക്കടപ്പ്, കേള്‍വിക്കുറവ്, കഴുത്തിനു മുകള്‍ വശത്തായി മുഴകളും വീക്കവും.
ലാരിങ്‌സ്- തുടര്‍ച്ചയായി ഒച്ചയടപ്പ് രണ്ടുമാസത്തില്‍ കൂടുതല്‍.
ആമാശയം- മുകള്‍ വയറ്റില്‍ വേദന, ദഹനക്കുറവ്, ഭാരനഷ്ടം, കറുത്ത നിറത്തിലുള്ള മലം.
സ്‌കിന്‍ മെലനോമ-     കൃത്യമായ അരികുകളില്ലാതെ പടര്‍ന്നു കിടക്കുന്ന തവിട്ടുനിറമുള്ള പാടുകള്‍, ചൊറിച്ചിലുള്ളതോ രക്തം വരുന്നതോ ആയ പാടുകള്‍.
മറ്റ് ത്വക്ക് കാന്‍സറുകള്‍-     ത്വക്കിലെ ഭേദമാകാത്ത പാടുകള്‍.
മൂത്രാശയ കാന്‍സര്‍- വേദന, ഇടയ്ക്കിടെയുള്ള ആയാസകരമായ മൂത്രം പോക്ക്, മൂത്രത്തില്‍ രക്തം കാണപ്പെടുക
ടെസ്റ്റിക്കുലര്‍ കാന്‍സര്‍-ഏതെങ്കിലും ഒരു വൃഷണത്തിലുണ്ടാകുന്ന തടിപ്പ്
തൈറോയിഡ് കാന്‍സര്‍-  കഴുത്തിലെ വീക്കം
തലച്ചോറില ട്യൂമര്‍- തുടര്‍ച്ചയായ തലവേദന, ഛര്‍ദ്ദി, അപസ്മാരം, ബോധക്ഷയം

ഈ ലക്ഷണങ്ങള്‍ കൊണ്ടു മാത്രം കാന്‍സര്‍ ഉറപ്പിക്കാനാവില്ല. പക്ഷേ, ലക്ഷണങ്ങള്‍ കാന്‍സറിന്റേതല്ലെന്ന് ഉറപ്പുവരുത്തണം.

ഡോ. ജയപ്രകാശ്
ഓങ്കോളജിസ്റ്റ്
കിംസ് കാന്‍സര്‍ സെന്റര്‍
തിരുവനന്തപുരം
Next Story

RELATED STORIES

Share it