ernakulam local

അര്‍ധരാത്രി ദുരൂഹ സാഹചര്യത്തില്‍ കണ്ട യുവാവ് ഓടി രക്ഷപ്പെട്ടു

കളമശ്ശേരി: വിവിധ പ്രദേശങ്ങളിലെ വീടുകളില്‍ ജനലില്‍ ബ്ലാക്ക് സ്റ്റിക്കര്‍ വ്യാപകമായി കാണപ്പെടുന്നതിനിടയില്‍ അര്‍ധരാത്രി ദുരൂഹ സഹചര്യത്തില്‍ കണ്ട യുവാവ് നാട്ടുകാര്‍ ബഹളം വച്ചപ്പോള്‍ ബുള്ളറ്റ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചേ 1.30ന് റോക്‌വെല്‍ റോഡില്‍ സൂര്യ നഗറിന് സമിപമാണ് സംഭവം. സമീപത്ത് നിര്‍മാണം നടക്കുന്ന വീടിന് മുകളില്‍ കിടന്നുറങ്ങുന്ന യുവാക്കള്‍ ബുള്ളറ്റിന്റെ ശബ്ദം കേട്ട് ഉണര്‍ന്ന് വിവരം അന്വേഷിക്കുന്നതിനിടയില്‍ യുവാക്കള്‍ ബഹളം വച്ചതോടെ ബുള്ളറ്റില്‍ എത്തിയ യുവാവ് വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലിസ് സംഭവസ്ഥലത്ത് എത്തി പരിസരപ്രദേശങ്ങളില്‍ പരിശോധന നടത്തിയെങ്കിലും യുവാവിനെ കുറിച്ച് വിവരം ഒന്നും ലഭിച്ചില്ല. എന്നാല്‍ ഉപേക്ഷിക്കപ്പെട്ട ബുള്ളറ്റ് സ്‌റ്റേഷനിലേക്ക് മാറ്റേണ്ടതിന് പകരം സമീപത്തെ വീട്ടില്‍ വയ്ക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് ബുള്ളറ്റ് സ്‌റ്റേഷനിലേക്ക് മാറ്റിയത്. സംഭവം സംബന്ധിച്ച് ബുള്ളറ്റ് ഉടമയെ കണ്ടെത്താന്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേ സമയം കളമശ്ശേരിയുടെ വിവിധ ഭാഗങ്ങളില്‍ ബ്ലാക്ക് സ്റ്റിക്കര്‍ കണ്ടതിനിടയില്‍ കഴിഞ്ഞ ദിവസം റോക്ക് വെല്‍ റോഡില്‍ പലവീടുകളിലും കറുത്ത സ്റ്റിക്കര്‍ കണ്ടിരുന്നു. ഇതിന്റെ ഉറവിടം കണ്ടെത്തുന്നതിന് വേണ്ടിയുള്ള ശ്രമം നടക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം ബുള്ളറ്റില്‍ യുവാവിനെ കണ്ടത്. ഇത് ജനങ്ങളുടെ ആശങ്കയും വര്‍ധിപ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it