അര്‍ധരാത്രിയും തെരുവുകള്‍ സജീവം; മഹാനഗരം റമദാന്‍ തിളക്കത്തില്‍

മുഹമ്മദ് പടന്ന

മുംബൈ: വിഭിന്നതകള്‍ കൊണ്ട് സമ്പന്നമായ മുംബൈ മഹാനഗരത്തില്‍ പുണ്യമാസമായ റമദാനില്‍ വിശേഷങ്ങളേറെ. റമദാന്‍ പകുതിയായിട്ടും കനത്ത ചൂട് തുടരുന്ന ഇവിടെ പക്ഷെ തിരക്കോടു തിരക്കാണ്.
താരതമ്യേന മുസ്‌ലിം ഭൂരിപക്ഷ കേന്ദ്രങ്ങളായ പൈഥുനി, ബെണ്ടി ബജാര്‍, ഡോംഗ്രി, മുഹമ്മദലി റോഡ്, ബാന്ദ്ര, ജോഗേശ്വരി, അന്ധേരി തുടങ്ങിയ ഇടങ്ങളില്‍ റമദാനിലെ രാവുകളെ പകലുകള്‍ എന്നുതന്നെ പറയാം. പകല്‍ ഭക്ഷണശാലകള്‍ തുറക്കാത്തതുമൂലം രാത്രി മുഴുവന്‍ ഇവിടം ജനനിബിഡമാണ്. വര്‍ഷത്തിലെ മുഴുവന്‍ ദിവസങ്ങളിലും വിപണികളിലെ തിരക്കൊഴിയാറില്ലെങ്കിലും റമദാന്‍ മാസത്തില്‍ തിരക്ക് ഇരട്ടിയിലധികമാവും. നോമ്പുതുറയ്ക്കു ശേഷം തെരുവുകള്‍ സജീവമാവും. നോമ്പുതുറയ്ക്ക് ഭക്ഷണവിഭവങ്ങള്‍ കൊണ്ടും സമ്പന്നമാണ് ഇവിടം. കാരക്കയും വെള്ളവുമാണ് മുഖ്യമെങ്കിലും റമദാന്‍ സ്‌പെഷ്യല്‍ വിഭവങ്ങളായ ഖീര്‍, മാല്‍പുവ, വിവിധതരം സമൂസകള്‍, ഫിര്‍ണി, കാന്ത ബജി, ചൈനീസ് ബജി തുടങ്ങിയവയ്ക്കായി ജനം തിരക്കു കൂട്ടും. കൂടാതെ, വിവിധയിനം പഴവര്‍ഗങ്ങളും ഉണ്ടാവും. ദാനധര്‍മങ്ങളിലും ഇഫ്താറുകള്‍ സംഘടിപ്പിക്കുന്നതിലും ശ്രദ്ധാലുക്കളായ മുംബൈ നിവാസികള്‍
പ്രധാന ഹോട്ടലുകളില്‍ നോമ്പുതുറയ്ക്കായി നിര്‍ധനര്‍ക്ക് ഭക്ഷണക്കൂപ്പണുകള്‍ ഏര്‍പ്പെടുത്തുക പതിവാണ്. ഇതുമൂലം പല ഹോട്ടലുകള്‍ക്കു മുന്നിലും അസ്തമയമാവുന്നതോടെ നോമ്പുകാരുടെ നീണ്ടനിര കാണാം. ചില മേഖലകളില്‍ പൊതുജനങ്ങളുടെ സൗകര്യാര്‍ഥം വഴിയരികില്‍ സംഘടിപ്പിക്കുന്ന ഇഫ്താര്‍ സംഗമങ്ങളില്‍ സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ പങ്കെടുക്കുന്നു. ഉള്ളവരും ഇല്ലാത്തവരുമായ വിശ്വാസികള്‍ ഭക്ഷണം കഴിച്ച് പ്രപഞ്ചനാഥനെ സ്തുതിക്കുന്നു.
ഭക്തിയില്‍ മുഴുകുന്ന വലിയവനെയും ചെറിയവനെയും മുതലാളിയെയും തൊഴിലാളിയെയും ഒരേയൊരു കണ്ണിയില്‍ കോര്‍ക്കുന്നത് മുംബൈയിലെ റമദാനിന്റെ പ്രത്യേകതയാണ്. ഇക്കാര്യത്തില്‍ മുംബൈ മലയാളികളും സജീവമാണ്. ബോംബെ കേരള മുസ്‌ലിം ജമാഅത്ത്, ബോംബെ പടന്ന മുസ്‌ലിം ജമാഅത്ത്, ബജറ്റ് ഹോട്ടല്‍ അസോസിയേഷന്‍ തുടങ്ങിയ പ്രമുഖ മലയാളി സംഘടനകള്‍ വിപുലമായ രീതിയില്‍ നോമ്പുതുറകളും റമദാന്‍ പ്രഭാഷണങ്ങളും വര്‍ഷംതോറും നടത്താറുണ്ട്.
Next Story

RELATED STORIES

Share it