Flash News

അര്‍ദ്ധരാത്രിയില്‍ പ്രതിയെ തേടിയെത്തിയ പോലിസ് വീടിന് നേരെ ആക്രമണം നടത്തിയതായി പരാതി

അര്‍ദ്ധരാത്രിയില്‍ പ്രതിയെ തേടിയെത്തിയ പോലിസ് വീടിന് നേരെ ആക്രമണം നടത്തിയതായി പരാതി
X
[caption id="attachment_294939" align="aligncenter" width="560"] പോലിസ് ആക്രമണം: വരവൂര്‍ പഞ്ചായത്തിലെ ഇട്ടോണം ചേലൂര്‍പീടികയില്‍ ഹമീദിന്റെ വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്ത നിലയില്‍. മീറ്റര്‍ ബോര്‍ഡിലെ ഫ്യൂസുകള്‍ ഊരിമാറ്റിയതും കാണാം.[/caption]

എരുമപ്പെട്ടി: അര്‍ദ്ധരാത്രിയില്‍ പ്രതിയെ തേടിയെത്തിയ പോലിസ് വീടിന് നേരെ ആക്രമണം നടത്തിയതായി പരാതി. പ്രതി വീട്ടിലില്ലെന്ന് തിരിച്ചറിഞ്ഞ പോലിസ് വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തു. വരവൂര്‍ പഞ്ചായത്തിലെ ഇട്ടോണം ചേലൂര്‍പീടികയില്‍ ഹമീദിന്റെ വീടിന് നേരെയാണ് ചാലിശ്ശേരി പോലിസ് ആക്രമണം നടത്തിയത്. രണ്ടാഴ്ച മുമ്പ് ചാലിശേരി പോലിസ് വാഹന പരിശോധന നടത്തുന്നതിനിടയില്‍ രേഖകള്‍ കൈവശമില്ലാതെ ബൈക്ക് ഓടിച്ചതിന് ഹമീദിന് പിഴ ചുമത്തിയിരുന്നു. പിഴത്തുകയെചൊല്ലി ഹമീദും പോലിസ് ഉദ്യോഗസ്ഥരുമായി വാക്കേറ്റം നടന്നു. തുടര്‍ന്ന് പോലിസിന്റെ കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തിയെന്ന് കാണിച്ച് ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി ഹമീദിനെതിരെ പോലിസ് കേസെടുത്തിരുന്നു. ഹമീദ് ഹൈക്കോടതിയെ സമീപിച്ചതിനെതുടര്‍ന്ന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഉത്തരവിന്റെ കോപ്പി ലഭിക്കുന്നതിന് മുമ്പ് ഹമീദിനെ പിടികൂടുന്നതിന് വേണ്ടി വെള്ളിയാഴ്ച അര്‍ദ്ധരാത്രിയില്‍ പോലിസ് വീട്ടിലെത്തുകയായിരുന്നു. മൂന്ന് വാഹനങ്ങളിലായി എത്തിയ പോലിസ് വീട് വളയുകയും കോളിംഗ് ബെല്ലടിച്ച് വീട്ടുകാരെ ഉണര്‍ത്തി ഹമീദിനെ ഇറക്കിവിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഈ സമയം ഹമീദ് വീട്ടില്‍ ഉണ്ടായിരുന്നില്ല. ഭാര്യ നെജിദയും ചെറിയ രണ്ട് മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഹമീദ് ഇല്ലായെന്ന് അറിയിച്ച ഭാര്യ നെജിദയെ അസഭ്യം പറഞ്ഞ് പോലിസ് വാതില്‍ ചവിട്ടിപ്പൊളിക്കാന്‍ ശ്രമിച്ചു. ഫ്യൂസ് ഊരി വൈദ്യുതി വിച്ഛേദിച്ചതിന് ശേഷം വീടിന്റെ മുന്നിലേയും വശങ്ങളിലേയും ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു. വീടിന്റെ പോര്‍ച്ചില്‍ കിടന്നിരുന്ന കുട്ടികളുടെ സൈക്കിളിനും ഓട്ടോറിക്ഷയ്ക്കും പോലിസ് കേടുപാടുകള്‍ വരുത്തുകയും ചെയ്തു. പോലിസാണ് ആക്രമണം നടത്തിയതെന്ന് അയല്‍വാസി പറഞ്ഞു. യുവതിയും പെണ്‍കുട്ടികളും മാത്രമുണ്ടായിരുന്ന വീട്ടില്‍ ചാലിശേരി പോലിസ് നടത്തിയ അക്രമത്തിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വീട് നിലനില്‍ക്കുന്ന എരുമപ്പെട്ടി പോലിസിലും ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കും വീട്ടുകാര്‍ പരാതി നല്‍കി.
Next Story

RELATED STORIES

Share it