kannur local

അര്‍ജുന്‍ കെ ദാസിന്റെ പിറന്നാള്‍ദിനത്തില്‍ വേറിട്ടൊരു ചിത്രപ്രദര്‍ശനം

കണ്ണൂര്‍: അഹമ്മദാബാദ് എന്‍ഐഡിയിലെ ആനിമേഷന്‍ വിദ്യാര്‍ഥിയായിരിക്കെ മരണമടഞ്ഞ അര്‍ജുന്‍ കെ ദാസിന്റെ 24ാം പിറന്നാള്‍ ദിനത്തില്‍ അര്‍ജുന്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തി. അര്‍ജുന്‍ കെ ദാസ് ഫൗണ്ടേഷന്‍ നടത്തിയ പ്രദര്‍ശനം സംഗീത സംവിധായകന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി പിറന്നാള്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. സദസിലുണ്ടായവര്‍ക്ക് കേക്ക് വിതരണം ചെയ്തു.
എന്നാല്‍ സാധാരണ പിറന്നാളിന്റെ ആഹ്ലാദ ആരവങ്ങള്‍ ഇവിടെ ഉയര്‍ന്നില്ല. ആഘോഷത്തിനൊപ്പം ചേരാന്‍ പിറന്നാള്‍ കുട്ടിയായ അര്‍ജുന്‍ ഉണ്ടായിരുന്നില്ലെന്നതു തന്നെ ഇതിനു കാരണം. പഠന പ്രൊജക്ടിന്റെ ഭാഗമായി സിക്കിമിലെത്തിയപ്പോള്‍ അരുവിയില്‍ വീണാണ് അര്‍ജുന്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ 20നു വിടപറഞ്ഞത്. ഒടുവില്‍ പിതാവ് കെ മോഹന്‍ ദാസും മാതാവ് കരുണാദാസും സഹോദരി ആതിരയും ചിത്രങ്ങള്‍ പുറം ലോകത്തെ കാണിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബന്ധുക്കളും അര്‍ജുന്റെ സഹപാഠികളും പിന്തുണ നല്‍കി. 23 വര്‍ഷത്തിനിടെ അര്‍ജുന്‍ വരച്ച ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുണ്ടായിരുന്നത്. കളര്‍ പെന്‍സില്‍ മുതല്‍ ഡിജിറ്റല്‍ തലം വരെയുള്ള 50 ഓളം ചിത്രങ്ങളില്‍ പ്രകൃതിയും മനുഷ്യനും സഹജീവികളുമെല്ലാം നിറഞ്ഞുനിന്നു. മേയര്‍ ഇ പി ലത, ചിത്രകാരന്മാരായ എബി എന്‍ ജോസഫ്, സദു അലിയൂര്‍, പൊന്ന്യം ചന്ദ്രന്‍ സംസാരിച്ചു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പടിയൂര്‍ ബാലന്‍ അധ്യക്ഷത വഹിച്ചു. ഉത്തര മേഖലാചിത്രരചനാമത്രവും നടന്നു. പ്രദര്‍ശനത്തിന്റെ ഭാഗമായി ഇന്ന് വൈകീട്ട് 3നു എന്‍ഐഡി വിദ്യാര്‍ഥികളുമായി മുഖാമുഖം നടക്കും. പൊന്ന്യം ചന്ദ്രന്‍ മോഡറേറ്ററാകും. ചിത്രകാരന്മാരുടെ സംഗമത്തോടെ ബുധനാഴ്ച സമാപിക്കും.
Next Story

RELATED STORIES

Share it