അര്‍ജന്റീനയുടെ തോല്‍വി; യുവാവിനെ കാണാനില്ല

കോട്ടയം: ലോകകപ്പ് ഫുട്‌ബോളില്‍ അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് ആത്മഹത്യാ കുറിപ്പ് എഴുതിവച്ച യുവാവിനെ കാണാനില്ല. കോട്ടയം അയര്‍ക്കുന്നം അമയന്നൂര്‍ കൊറ്റത്തില്‍ ചാണ്ടിയുടെ മകന്‍ സ്വദേശി ഡിനു അലക്‌സി (30)നെയാണ് ഇന്നലെ പുലര്‍ച്ചെ മുതല്‍ കാണാതായത്. പോലിസ് നായ തൊട്ടടുത്ത പുഴയില്‍ വരെ എത്തിയതോടെ ഫയര്‍ഫോഴ്‌സ് പുഴയില്‍ തിരച്ചില്‍ തുടങ്ങി. 'അര്‍ജന്റീന തോറ്റതോടെ ഇനി തനിക്ക് ലോകത്ത് ഒന്നും കാണാനില്ലെന്നും മരണത്തിന്റെ ആഴങ്ങളിലേക്കു പോവുകയാണെ'ന്നും എഴുതിവച്ച കുറിപ്പ് പോലിസ് കണ്ടെടുത്തു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീടിനു തൊട്ടടുത്തുള്ള പുഴയ്ക്കു സമീപം വരെ പോലിസ് നായ എത്തുകയായിരുന്നു. അമയന്നൂരിനു സമീപം മീനച്ചിലാറ്റില്‍ ഇയാള്‍ ചാടിയെന്ന സംശയത്തെ തുടര്‍ന്ന് അയര്‍ക്കുന്നം പോലിസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ ആരംഭിച്ചു. കനത്ത മഴയും ആറ്റിലെ ശക്തമായ ഒഴുക്കും തിരച്ചിലിനെ ബാധിച്ചിട്ടുണ്ട്. വ്യാപകമായി മറ്റിടങ്ങളിലും ഫയര്‍ഫോഴ്‌സ് തിരച്ചില്‍ തുടരുകയാണ്. ഫുട്‌ബോള്‍ കളിക്കില്ലെങ്കിലും കടുത്ത മെസ്സി ആരാധകനായ ഡിനുവിന്റെ മൊബൈല്‍ ഫോണിന്റെ കവറും വാട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ചിത്രവും മെസ്സി തന്നെയാണ്.
അയര്‍ക്കുന്നം പോലിസാണ് കേസ് അന്വേഷിക്കുന്നത്. ലോകകപ്പില്‍ അര്‍ജന്റീനയും ക്രൊയേഷ്യയും തമ്മില്‍ വ്യാഴാഴ്ച നടന്ന മല്‍സരത്തില്‍ അര്‍ജന്റീന എതിരില്ലാത്ത മൂന്നു ഗോളിനു പരാജയപ്പെട്ടിരുന്നു. രാത്രി 1 മണി വരെ ഡിനു കളി കാണുന്നത് അമ്മയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇന്നലെ പുലര്‍ച്ചെ നോക്കിയപ്പോഴാണ് ഡിനുവിനെ വീട്ടില്‍ കാണാനില്ലെന്നത് ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് വിവരം അയര്‍ക്കുന്നം പോലിസിനെ അറിയിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it