malappuram local

അര്‍ജന്റീനക്കാരും ബ്രസീലുകാരും ഒഴുകി; സ്റ്റേഡിയം നിറഞ്ഞു

മലപ്പുറം: റഷ്യന്‍ ലോകകപ്പിനെ വരവേല്‍ക്കാന്‍ ജില്ലയിലെ അര്‍ജന്റീനക്കാരും ബ്രസീലുകാരും ഒഴുകിയെത്തിയപ്പോള്‍ കോട്ടപ്പടി മൈതാനം നിറഞ്ഞു. ഇന്നലെ മലപ്പുറം ഫുട്‌ബോള്‍ ലവേഴ്‌സ് ഫോറം സംഘടിപ്പിച്ച പ്രതീകാത്മക അര്‍ജന്റീന- ബ്രസീല്‍ മല്‍സരമാണ് ജില്ലയിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് വിരുന്നൊരുക്കിയത്. ലോക ഫുട്‌ബോള്‍ ആരാധകര്‍ ആഗ്രഹിക്കുന്ന സ്വപ്‌നഫൈനലാണ് മെസിയുടേയും നെയ്മറിന്റെയും നേര്‍ക്കു നേരുള്ള കളി. ഈ ആഗ്രഹം കാലങ്ങളായി തുടരന്നുണ്ടെങ്കിലും അത്തരത്തിലൊരു ഫൈനല്‍ ഇതുവരെ നടന്നിട്ടില്ല.  1978ലും 2014ലും ഇരുവരും സെമിയിലെത്തിയെങ്കിലുംപോരടിച്ചിട്ടില്ല. 1990ലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ മാത്രമാണ് ഏറ്റുമുട്ടിയത്. അന്ന് അര്‍ജന്റീനക്കായിരുന്നു വിജയം.  എങ്കിലും മലപ്പുറത്ത് എല്ലാ ലോകകപ്പിനും ഫൈനല്‍ ഇരുവരും തമ്മിലായിരിക്കും. ഇന്നലെ മെസിയും നെയ്മറുമില്ലാത്ത   അര്‍ജന്റീനയും ബ്രസീലും മലപ്പുറത്തുകാര്‍ക്കായി കളിച്ചു.  മൈതാനത്തിലേക്ക്  കാണികള്‍ ഒഴുകിയെത്തിയപ്പോള്‍  സ്‌റ്റേഡിയം അടച്ചിട്ടത് മലപ്പുറം  കാഴ്ചയായി.  സന്തോഷ് ട്രോഫി, ഐഎസ്എല്‍, ഐലീഗ് താരങ്ങള്‍ ഇരുടീമുകള്‍ക്കുമായി അണിനിരന്നു. മഞ്ഞപ്പടയും ലാറ്റിനമേരിക്കന്‍ സൗന്ദര്യവുമായെത്തിയ നീലപ്പടയും ആരാധകരെ തൃപ്തിപ്പെടുത്തി.
സ്വപ്‌ന ഫൈനലില്‍ ഒരോ ഗോളുകളടിച്ച് ഇരു ടീമുകളും സമനിലപാലിച്ചു. 19-ാം മിനിറ്റില്‍ മുന്‍ ബഗാന്‍  മിഡ്ഫീല്‍ഡര്‍ വാഹിദ് സാലിയാണ് ബ്രസീലിനും  57-ാം മിനിറ്റില്‍ ഇര്‍ഷാദ് അര്‍ജന്റീനയ്ക്കും സ്‌കോര്‍ ചെയ്തു. പി കെ കുഞ്ഞാലിക്കുട്ടി എംപി  ഉദ്ഘാടനം ചെയ്തു. ഗോകുലം അസിസ്റ്റന്റ് കോച്ച് ഷാജറുദ്ദീന്‍, സുഡാനി ഫ്രം നൈജീരിയ അഭിനേതാവ് സൂപ്പര്‍ അഷ്‌റഫ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഷൈജു ദാമോദരന്‍, ഡിഎഫ്എ സെക്രട്ടറി സുരേന്ദ്രന്‍ മങ്കട, കെഎഫ്എ എക്‌സിക്കൂട്ടീവ് കമ്മിറ്റിയംഗം എം മുഹമ്മദ് സലീം, ഉപ്പൂടന്‍ ഷൗക്കത്ത് എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it