അരോളിയിലെ കൊലപാതകം: 20 പേര്‍ക്കെതിരേ കേസ്

കണ്ണൂര്‍: പാപ്പിനിശ്ശേരിക്കു സമീപം അരോളിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വീട്ടില്‍ നിന്നു പിടിച്ചിറക്കി ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ 20 പേര്‍ക്കെതിരേ വളപട്ടണം പോലിസ് കേസെടുത്തു. ആര്‍എസ്എസ് പാപ്പിനിശ്ശേരി മണ്ഡലം മുന്‍ കാര്യവാഹക് അരോളി ആസാദ് നഗര്‍ കോളനിയിലെ പരക്കോത്ത് വളപ്പില്‍ സുജിത്ത് (27) ആണ് തിങ്കളാഴ്ച രാത്രി 11ഓടെ കൊല്ലപ്പെട്ടത്.
10 സിപിഎം പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തെങ്കിലും ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ആക്രമണത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ആര്‍എസ്എസും ബിജെപിയും ആരോപിച്ചു. എന്നാല്‍ സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ശല്യംചെയ്തതിനെ തുടര്‍ന്നു നാട്ടുകാര്‍ ചേര്‍ന്നു മര്‍ദ്ദിച്ചതാണു കൊലപാതകത്തിലെത്തിയതെന്നും സിപിഎം പ്രസ്താവിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങളിലും കല്യാശ്ശേരി പഞ്ചായത്തിലും ഇന്നലെ ബിജെപി ഹര്‍ത്താല്‍ ആചരിച്ചു. ഹര്‍ത്താലനുകൂലികള്‍ അരോളിയില്‍ സിപിഎം അനുഭാവികളുടെ രണ്ടു വീടുകളും കണ്ണൂരില്‍ ബാങ്കും ആക്രമിച്ചു.
തിങ്കളാഴ്ച രാത്രി 11ഓടെയാണ് 20ലേറെ പേര്‍ വീട്ടില്‍ക്കയറി സുജിത്തിനെ ആക്രമിച്ചത്. ആക്രമണം തടയാനെത്തിയ മാതാപിതാക്കള്‍ക്കും സഹോദരനും മര്‍ദ്ദനമേറ്റിട്ടുണ്ട്. തളിപ്പറമ്പില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹം വൈകീട്ടോടെ പാപ്പിനിശ്ശേരിയിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.
Next Story

RELATED STORIES

Share it