Alappuzha local

അരൂര്‍ ആര്‍എസ്പിക്ക്

ആലപ്പുഴ: കോണ്‍ഗ്രസ് സീറ്റ് വിഭജനം പുരോഗമിക്കവെ അരൂര്‍ സീറ്റ് ഘടകകക്ഷിയായ ആര്‍എസ്പിക്ക് നല്‍കാന്‍ തീരുമാനം. സിറ്റിങ് സീറ്റുകള്‍ക്ക് പുറമെ അരൂര്‍, ആറ്റിങ്ങല്‍ സീറ്റുകള്‍ ആര്‍എസ്പിക്ക് നല്‍കാനാണ് കോണ്‍ഗ്രസ്സില്‍ തീരുമാനമെന്നറിയിന്നു.
മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ആര്‍എസ്പി നേതൃത്വത്തെ ഫോണില്‍ വിളിച്ച് ഇക്കാര്യം അറിയിക്കുകയായിരുന്നു. അതേസമയം അരൂരിലെ സ്ഥാനാര്‍ഥിയായി ജില്ലയിലെ ആര്‍എസ്പി പ്രവര്‍ത്തകരെ തന്നെ പരിഗണിക്കുമെന്ന് മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ബി ബാലഗോപാല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നാണ് ആര്‍എസ്പിയുടെ പ്രതീക്ഷ. നിലവില്‍ ചവറയില്‍ ഷിബു ബേബിജോണ്‍, ഇരവിപുരത്ത് എ എ അസീസ്, കുന്നത്തൂരില്‍ ഉല്ലാസ് കോവൂര്‍ തുടങ്ങിയവരാണ് സ്ഥാനാര്‍ഥികള്‍. ഇതിന് പുറമെ ആറ് സീറ്റുകള്‍ ആര്‍എസ്പി ചോദിച്ചിരുന്നെങ്കിലും അഞ്ചു സീറ്റുകള്‍ മുന്നണി നല്‍കുകയായിരുന്നു.
ആര്‍എസ്പി നേതൃത്വം യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും. ആറു സീറ്റുകളാണ് ആര്‍എസ്പി ചോദിച്ചിരുന്നതെങ്കിലും അഞ്ചെണ്ണം വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാകുകയായിരുന്നു.
അരൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നടന്‍ സിദ്ദിഖിനെ പരിഗണിച്ചിരുന്നു. എന്നാല്‍ സിദ്ദിഖിനെതിരെ കോണ്‍ഗ്രസ്സിനുള്ളില്‍തന്നെ അഭിപ്രായവ്യത്യാസങ്ങള്‍ ഉയരുകയും ചെയ്തു. സിനിമാക്കാരെ മല്‍സരിപ്പിക്കരുതെന്ന തരത്തില്‍ സിദ്ദിഖിനെതിരേ അരൂരില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. സിനിമാക്കാരെ മണ്ഡലത്തില്‍ കെട്ടിയിറക്കിയാല്‍ അംഗീകരിക്കില്ലെന്ന് ആലപ്പുഴ രൂപതയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അതേസമയം, അരൂര്‍ സീറ്റ് ആര്‍എസ്പിക്ക് നല്‍കിയതിനെതിരേ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ പ്രതിഷേധം ശക്തമാണ്.
Next Story

RELATED STORIES

Share it