Kottayam Local

അരുവിക്കുഴി വെള്ളച്ചാട്ടത്തില്‍ അപകടം പതിയിരിക്കുന്നു; കാവലിനു രണ്ടു ജീവനക്കാര്‍ മാത്രം

പള്ളിക്കത്തോട്: മഴ കനത്ത് അരുവിക്കുഴി വെള്ളച്ചാട്ടത്തിനു ദൃശ്യഭംഗി ഏറിയതോടെ അരുവിക്കുഴി കാണാനെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ്. എന്നാല്‍ വെള്ളച്ചാട്ടം കാണാനെത്തുന്ന വിനോദ സഞ്ചാരികള്‍ക്കു വേണ്ടത്ര സുരക്ഷ ഒരുക്കിയിട്ടില്ലെന്ന് ആക്ഷേപമുയരുന്നു. കനത്തമഴയില്‍ വെള്ളച്ചാട്ടം ശക്തമായപ്പോള്‍ പായല്‍മൂടിയ പാറക്കെട്ടുകളും ആഴമേറിയ കുഴികളും അപകട സാധ്യത വര്‍ധിപ്പിക്കുന്നു. ഇവിടെ എത്തുന്ന സഞ്ചാരികളിലേറെയും സാഹസികത ഇഷ്ടപ്പെടുന്ന യുവാക്കളാണ്. മരത്തിനു മുകളില്‍ കയറിയും വഴുവഴുപ്പുള്ള പാറക്കെട്ടുകളില്‍ നിന്നു ഫോട്ടോ എടുക്കുന്നതും അക്കരെയിക്കരെ നീന്തുന്നതുമൊക്കെയാണ് ഇവര്‍ക്ക് വിനോദം. ചെറിയ അപകടങ്ങള്‍ നിത്യസംഭവമാണെങ്കിലും ആരും ഇതു ഗൗരവമായി കാണാറില്ല. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി അതല്ല ശക്തമായ മഴയെത്തുടര്‍ന്ന് വെള്ളച്ചാട്ടവും ഒഴുക്കും ശക്തമായത് അപകടങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യത ഏറെയാണ്. എന്നാല്‍ ഇവിടെ കാവലിനു രണ്ടു ജീവനക്കാര്‍ മാത്രമാണുള്ളത്. അവര്‍ എപ്പോഴും പ്രവേശന കവാടത്തില്‍ തന്നെയാണ്. അകത്തു കടക്കുന്നവര്‍ എന്തു ചെയ്യുന്നെന്ന് ഇവര്‍ ശ്രദ്ധിക്കാറുമില്ല. സഞ്ചാരികള്‍ക്കു സുരക്ഷിതമായി നിന്ന് വെള്ളച്ചാട്ടം ആസ്വദിക്കാനുള്ള സംവിധാനം ഇവിടെ ഒരുക്കിയിട്ടുണ്ടെങ്കിലും സാഹസികരായ യുവാക്കള്‍ അതിരുവിടുന്നതാണ് പ്രശ്‌നങ്ങള്‍ക്കു കാരണം. ഇതിനു പുറമേ പ്രധാന പ്രവേശന കവാടത്തിലൂടെയല്ലാതെ തന്നെ അരുവിക്കുഴിയില്‍ എത്താന്‍ നിരവധി വഴികളുള്ളതിനാല്‍ ഇവിടെ എത്തുന്നവരെ കുറിച്ചുള്ള കൃത്യമായ കണക്കും ജീവനക്കാര്‍ക്കില്ലെന്നത്. അപകടമുണ്ടായാല്‍ തന്നെ കണ്ടില്ലെങ്കില്‍ അപകട വിവരം മനസ്സിലാക്കാനുള്ള സാധ്യതയും ഇല്ലാതാക്കുന്നു. അരുവി കടക്കാന്‍ പാലം ഇല്ലാത്തതും അപകട സാധ്യത ഏറുന്നതിനു വഴിവച്ചിരിക്കുകയാണ്. താല്‍ക്കാലികമായെങ്കിലും കൂടുതല്‍ ജീവനക്കാരെ നിയമിച്ച് സുരക്ഷ ശക്തമാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it