ജെയ്റ്റ്‌ലിക്കെതിരായ ഡിഡിസിഎ അഴിമതി ആരോപണം: തെളിവുകളുമായി കീര്‍ത്തി ആസാദ്

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: ഡല്‍ഹി ആന്റ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍ (ഡിഡിസിഎ) അഴിമതിയില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. ബിജെപി എംപിയും മുന്‍ ദേശീയ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദ് ആണ് ജെയ്റ്റ്‌ലിക്ക് അഴിമതിയിലുള്ള പങ്ക് വ്യക്തമാക്കുന്ന വീഡിയോദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ബിജെപി ദേശീയാധ്യക്ഷന്‍ അമിത്ഷായുടെ താക്കീത് വകവയ്ക്കാതെ ഇന്നലെ നാലു മണിക്ക് ഡല്‍ഹി പ്രസ്‌ക്ലബില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് കീര്‍ത്തി ആസാദ് ജെയ്റ്റ്‌ലിക്കെതിരേ തെളിവുകള്‍ പുറത്തുവിട്ടത്.
നിലവിലില്ലാത്ത കമ്പനികള്‍ക്കാണ് ജെയ്റ്റ്‌ലി അധ്യക്ഷനായ ഡിഡിസിഎ പണം നല്‍കിയതെന്നാണ് 28 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. വ്യാജമായ 14 കമ്പനികളുടെ പേരിലാണ് അഴിമതി നടന്നതെന്നു വ്യക്തമാക്കുന്ന വീഡിയോദൃശ്യങ്ങള്‍ ഒളികാമറ ഉപയോഗിച്ച് റിക്കാഡ് ചെയ്തവയാണ്. 2013 വരെ തുടര്‍ച്ചയായി 13 വര്‍ഷം ഡിഡിസിഎയുടെ അധ്യക്ഷനായിരുന്നു അരുണ്‍ ജെയ്റ്റ്‌ലി. ഇക്കാലയളവിലാണ് ഭീമമായ അഴിമതി നടന്നതെന്ന് ആസാദ് വ്യക്തമാക്കി. വ്യാജ കമ്പനികളുടെ പേരില്‍ ചെയ്യാത്ത ജോലികള്‍ക്കായി വ്യാജ ബില്ലുകളുണ്ടാക്കി കോടികള്‍ തട്ടി. വ്യാജ കമ്പനികളുടെ പേരിലുള്ള ബില്ലുകളുടെ പകര്‍പ്പും അദ്ദേഹം ഹാജരാക്കി. എന്തു ജോലിക്കാണ് പണം നല്‍കുന്നതെന്ന് ബില്ലുകളില്‍ പലതിലും വ്യക്തമല്ല. ബില്ലുകളില്‍ പറയുന്ന വിലാസത്തില്‍ അന്വേഷണം നടത്തി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നു തെളിയിക്കുന്ന വീഡിയോദൃശ്യങ്ങളും പ്രദര്‍ശിപ്പിച്ചു.
നാല് കക്കൂസ് നിര്‍മിക്കാന്‍ നാലരക്കോടി രൂപ നല്‍കിയെന്നാണ് ഒരു ബില്ല് വ്യക്തമാക്കുന്നത്. ഒരു ലാപ്‌ടോപ്പ് ദിവസവാടകയ്‌ക്കെടുക്കാന്‍ 16,000 രൂപ, ഒരു പ്രിന്ററിന് ദിവസവാടക 3,000 രൂപ എന്നിങ്ങനെയൊക്കെ കാണിച്ചാണ് കോടികളുടെ അഴിമതി നടത്തിയിരിക്കുന്നത്.
പണം ആരുടെയൊക്കെ അക്കൗണ്ടിലേക്കാണ് പോയതെന്ന് അറിയാമെന്നും അക്കാര്യം പിന്നീട് വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷന്റെ 2011-12ലെ ജനറല്‍ ബോഡി യോഗത്തില്‍ അഴിമതിയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ അരുണ്‍ ജെയ്റ്റ്‌ലിയുമായി നടന്ന വാക്തര്‍ക്കത്തിന്റെ ദൃശ്യവും ഒളികാമറയില്‍ വ്യക്തമാവുന്നുണ്ട്.
ജെയ്റ്റ്‌ലിക്കെതിരായ അഴിമതി പുറത്തുവിടുന്നതിന് പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ വിലക്കേര്‍പ്പെടുത്തിയിരുന്നോയെന്ന ചോദ്യത്തിന്, അദ്ദേഹം തന്നെ വിളിപ്പിച്ച് സുഖാന്വേഷണമാണു നടത്തിയതെന്നായിരുന്നു കീര്‍ത്തി ആസാദിന്റെ മറുപടി. നല്ല സുഖമാണെന്നു മറുപടി നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബിഷന്‍സിങ് ബേദിയും പങ്കെടുത്തു.
അതേസമയം, തന്നെ കുടുക്കാന്‍ കീര്‍ത്തി ആസാദ് സോണിയാഗാന്ധിയുമായി ധാരണയുണ്ടാക്കിയെന്ന ജെയ്റ്റ്‌ലിയുടെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല. കഴിഞ്ഞ ഒമ്പതു വര്‍ഷമായി ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതിക്കെതിരേ താന്‍ പോരാടുന്നുണ്ടെന്നും ഇന്നലെ വന്ന കെജ്‌രിവാള്‍ അത് എറ്റെടുത്തു തന്റേതാക്കി മാറ്റാന്‍ ശ്രമിക്കുകയാണെന്നും ആസാദ് ആരോപിച്ചു.
താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വലിയ ആരാധകനാണെന്നു പറഞ്ഞുകൊണ്ടാണ് കീര്‍ത്തി ആസാദ് വാര്‍ത്താസമ്മേളനം ആരംഭിച്ചത്. മോദിയുടെയും അദ്ദേഹത്തിന്റെ അഴിമതിവിരുദ്ധ പ്രചാരണത്തിന്റെയും ആരാധകനാണു താന്‍. അഴിമതിയെ തുറന്നുകാണിക്കുക മാത്രമാണ് ചെയ്യുന്നത്. തന്റെ പോരാട്ടം ക്രിക്കറ്റിലെ അഴിമതിക്കെതിരേയാണ്. ഇത് വ്യക്തിപരമോ രാഷ്ട്രീയപരമോ അല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് ആര്‍ക്കെങ്കിലുമെതിരേയുള്ള വ്യക്തിപരമായ ആക്രമണമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it