അരുണാചല്‍ രാഷ്ട്രപതി ഭരണം; കേന്ദ്ര നിലപാടിനെതിരേ ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹ

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ രാഷ്ട്രപതി ഭരണം നടപ്പാക്കിയ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് ബിജെപിയിലെ മുതിര്‍ന്ന എംപി ശത്രുഘ്‌നന്‍ സിന്‍ഹ.
അരുണാചലിലെ രാഷ്ട്രീയപ്രതിസന്ധി സുപ്രിം കോടതി പരിഗണിച്ചുകൊണ്ടിരിക്കെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ നടപടി ധൃതി പിടിച്ചുള്ളതായിരുന്നുവെന്ന് ബിഹാറില്‍നിന്നുള്ള എംപി പറഞ്ഞു.
അരുണാചലില്‍ രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തണമെന്ന് മോദിയെ ഉപദേശിച്ച മഹാന്മാരായ ഉപദേശികള്‍ ആരൊക്കെയാണെന്ന് മുന്‍ അഭിനേതാവ് കൂടിയായ സിന്‍ഹ ചോദിച്ചു. വിഷയത്തില്‍ സുപ്രിംകോടതി വിധി അനുകൂലമല്ലെങ്കില്‍ ഈ ധൃതിപിടിച്ച തീരുമാനത്തിന് എന്ത് ന്യായീകരണവും മറുപടിയുമാണ് നമ്മുടെ ബഹുമാന്യനായ പ്രധാനമന്ത്രിക്ക് നല്‍കാനുണ്ടാവുകയെന്നും സിന്‍ഹ ചോദിച്ചു. മുമ്പും പല വിഷയങ്ങളിലും സിന്‍ഹ ബിജെപി നേതൃത്വത്തിന്റേതില്‍നിന്നും ഭിന്നമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അരുണാചലില്‍ രാ ഷ്ട്രപതി ഭരണമേര്‍പ്പെടുത്തുന്നതിന് മുന്‍കൈയെടുത്തതിനെ ഗവര്‍ണരും കേന്ദ്രസര്‍ക്കാരും ന്യായീകരിച്ചിരുന്നു. രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തിയത് ചോദ്യംചെയ്ത് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹരജി നിലവില്‍ സുപ്രിം കോടതി പരിഗണിച്ചുകൊണ്ടിരിക്കുകയാണ്.
ചൊവ്വാഴ്ചയാണ് രാഷ്ട്രപതിഭരണമേര്‍പ്പെടുത്താനള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പ്രണബ് മുഖര്‍ജി അംഗീകാരം നല്‍കിയത്.
Next Story

RELATED STORIES

Share it