അരുണാചലില്‍ രാഷ്ട്രപതി ഭരണം: ധൃതി എന്തിനെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താന്‍ എന്തിനാണ് ഇത്ര ധൃതിപിടിക്കുന്നതെന്നു കേന്ദ്രത്തോട് സുപ്രിംകോടതി. നാളെ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനും ഗവര്‍ണര്‍ക്കും സുപ്രിംകോടതി നോട്ടീസയച്ചു. രാഷ്ട്രപതിഭരണം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ച റിപോര്‍ട്ട് എത്രയും വേഗം കോടതിയില്‍ എത്തിക്കാന്‍ ഗവര്‍ണര്‍ ജ്യോതി പ്രസാദ് രാജ്‌കൊവക്ക് നിര്‍ദേശംനല്‍കി.
എന്നാല്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയമെടുക്കും എന്ന് ഗവര്‍ണര്‍ സുപ്രിംകോടതിയെ അറിയിച്ചു. തുടര്‍ന്ന് 15 മിനിറ്റിനുള്ളില്‍ റിപോര്‍ട്ട് എത്തിക്കാന്‍ കോടതി ഗവര്‍ണര്‍ക്കു കര്‍ശന നിര്‍ദേശം നല്‍കി. അരുണാചല്‍പ്രദേശില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര മന്ത്രിസഭയുടെ ശുപാര്‍ശയ്‌ക്കെതിരേ കോണ്‍ഗ്രസ്സും മുഖ്യമന്ത്രി നബാം ടുക്കിയും നല്‍കിയ ഹരജികള്‍ പരിഗണിച്ച സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് അടിയന്തര നടപടികള്‍ സ്വീകരിച്ചത്. ഹരജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
ഇന്നലെ രാവിലെ ജസ്റ്റിസ് ജെ എസ് ഖേഹറും സി നാഗപ്പനും അടങ്ങുന്ന രണ്ടംഗ ബെഞ്ചിന് മുമ്പിലാണു ഹരജി എത്തിയത്. കോണ്‍ഗ്രസ് നല്‍കിയ പരാതികളിലെ ന്യൂനതകള്‍ ചൂണ്ടിക്കാട്ടിയ ബെഞ്ച്, ആവശ്യമായ കോര്‍ട്ട് ഫീ അടയ്ക്കാത്തതില്‍ അസന്തുഷ്ടി രേഖപ്പെടുത്തി. ഹരജി വേഗം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട അഭിഭാഷകരോട്, അതിന് 800 രൂപകൂടി അധികം അടയ്‌ക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് ഖേഹര്‍ പറഞ്ഞു. ശേഷം ഹരജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിടുകയായിരുന്നു.
അതേസമയം, കോണ്‍ഗ്രസ് ഭരണത്തിലുള്ള അരുണാചല്‍പ്രദേശില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര മന്ത്രിസഭയുടെ ശുപാര്‍ശയ്ക്ക് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകാരം നല്‍കി. ഇതു രണ്ടാംതവണയാണ് അരുണാചല്‍പ്രദേശ് രാഷ്ട്രപതിഭരണത്തിനു കീഴിലാവുന്നത്.
Next Story

RELATED STORIES

Share it