malappuram local

അരീക്കോട് ലഹരിമാഫിയ പിടിമുറുക്കുന്നു



അരീക്കോട്: ഊര്‍ങ്ങാട്ടിരി, അരീക്കോട് പ്രദേശങ്ങളില്‍ വിദ്യാര്‍ഥികളെയും ചെറുപ്പക്കാരേയും കേന്ദ്രീകരിച്ച് ലഹരി സംഘം പിടിമുറുക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ അരീക്കോട് ഉഗ്രപുരം ഗവ: ഹൈസ്‌കൂള്‍ പരിസരത്തുനിന്ന് വിദ്യാര്‍ഥികള്‍ കഞ്ചാവ് ഉപയോഗിക്കുന്നത് പിടികൂടിയിരുന്നു. കല്ലരട്ടിക്കല്‍, ഈസ്റ്റ് വടക്കുംമുറി പ്രദശങ്ങളിലെ ചില വ്യക്തികളെ പലതവണ ലഹരി വില്‍പനയ്ക്കിടെ പിടികൂടിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലാണ് ലഹരിവില്‍പന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും വിദ്യാര്‍ഥികളും ചെറുപ്പക്കാരും ഈ ഭാഗങ്ങളിലെത്താറുള്ളതായും സൂചനയുണ്ട്. കല്ലരട്ടിക്കല്‍ സ്വദേശിയായ വിദ്യാര്‍ഥിനിയില്‍നിന്ന് അടുത്തിടെ അരീക്കോട് പോലിസ് ഒന്നരക്കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഈ വിദ്യാര്‍ഥിനിയുടെ പിതാവ് പലതവണ ലഹരിവസ്തു വില്‍പനയ്ക്കിടെ പിടികൂടപ്പെട്ട പ്രതിയാണ്. ഈസ്റ്റ് വടക്കുംമുറി സ്വദേശിയും വിദ്യാര്‍ഥികളെ കേന്ദ്രികരിച്ച് ലഹരിവസ്തു വില്‍പന നടത്തുന്നുണ്ട്.മാവൂര്‍ പ്രദേശത്തു നിന്ന് വിദ്യാര്‍ഥികള്‍ എത്തുന്നതായാണ് സൂചന. കന്നുകാലി കച്ചവടത്തിന്റെ മറവില്‍ ഇതരസംസ്ഥാനത്തുനിന്ന് വന്‍തോതില്‍ കഞ്ചാവ് ഈ പ്രദേശങ്ങളിലേക്ക് ഒഴുകുന്നുണ്ടെന്ന് അടുത്തിടെയുള്ള ലഹരി വേട്ട വ്യക്തമാക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് പണവും ബൈക്കും നല്‍കി സ്വാധീനിക്കുക എന്ന തന്ത്രമാണ് ലഹരി മാഫിയ ഉപയോഗിക്കുന്നത്. ഈ പ്രദേശങ്ങളിലെ സ്ഥിരം പിടിക്കപ്പെടുന്ന പ്രതികള്‍ വീണ്ടും വില്‍പനയിലേക്ക് തിരിയുന്നതാണ് വില്‍പന വ്യാപകമാവാന്‍ കാരണം. ലഹരി വില്‍പന ശ്രദ്ധയില്‍പ്പെട്ടാലും നാട്ടുകാര്‍ പോലിസില്‍ വിവരമറിയിക്കാത്തത് ഇവര്‍ക്ക് സഹായമാവുന്നു. അടുത്തിടെ കൂടുതല്‍ ലഹരിക്കു വേണ്ടി കഞ്ചാവില്‍ കീടനാശിനി തളിച്ച് വില്‍പന നടത്തുന്നതായി സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത വന്നിരുന്നു.
Next Story

RELATED STORIES

Share it