malappuram local

അരീക്കോട് ഡോക്ടേഴ്‌സ് റോഡിലെ തിരക്കൊഴിവാക്കാന്‍ നടപടിയില്ല



അരീക്കോട്: യാത്രക്കാര്‍ പ്രയാസംകൊണ്ട് വീര്‍പ്പുമുട്ടുമ്പോഴും അരീക്കോട് ഡോക്ടേഴ്‌സ് റോഡിന്റെ തിരക്ക് ഒഴിവാക്കാന്‍ നടപടിയായില്ല. കൊണ്ടോട്ടി, മഞ്ചേരി, നിലമ്പൂര്‍ ഭാഗങ്ങളിലേക്കുള്ള ബസുകള്‍ സ്റ്റാന്റില്‍ നിന്നു പുറത്തിറങ്ങുന്ന റോഡിലാണ് ഗതാഗത കുരുക്കനുഭവപ്പെടുന്നത്. ടൗണിലെ കുരുക്കഴിക്കാന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അമ്പായത്തിങ്ങല്‍ മുനീറയുടെ നേതൃത്വത്തില്‍ പോലിസ് ഉദ്യോഗസ്ഥരേയും രാഷ്ട്രീയപാര്‍ട്ടി നേതാക്കളേയും വ്യാപാരികളേയും വിളിച്ചുചേര്‍ത്ത് ട്രാഫിക് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് യോഗം ചേര്‍ന്നിരുന്നെങ്കിലും മാസങ്ങള്‍ പിന്നിട്ടിട്ടും തീരുമാനമൊന്നുമായില്ല.പോലിസിന്റെ നേതൃത്വത്തില്‍ പാര്‍ക്കിങ് നിരോധിച്ച് ബോര്‍ഡ് സ്ഥാപിച്ചത് മാത്രമാണ് ട്രാഫിക് പരിഷ്‌കരണത്തില്‍ പേരില്‍ ഉണ്ടായിട്ടുള്ളത്. ട്രാഫിക് പരിഷ്‌കരണം നടപ്പാക്കാന്‍ കാലതാമസം എടുക്കുമ്പോള്‍ ഏറെയും പ്രയാസം നേരിടേണ്ടി വരുന്നത് ഡോക്ടേഴ്‌സ് റോഡിലെ കാല്‍ നടയാത്രക്കാരാണ്. ഇടുങ്ങിയ റോഡില്‍ തന്നെ ഓട്ടോ പാര്‍ക്കിങ് കേന്ദ്രമാക്കിയതും വഴി അടച്ചുള്ള കച്ചവടങ്ങളുമാണ് യാത്രക്കാരെ വലക്കുന്നത്. സ്റ്റാന്റില്‍ നിന്ന് ബസ്സുകള്‍ പുറത്തിറങ്ങുന്ന റോഡില്‍ തന്നെ ഓട്ടോ പാര്‍ക്കിങ് കേന്ദ്രമാക്കിയത് ശരിയല്ലെന്നും പുതിയ ബസ്സ്റ്റാന്റ് കോംപ്ലക്‌സ്  ഭാഗത്തേക്ക് ഓട്ടോ പാര്‍ക്കിംഗ് മാറ്റണമെന്നും പഞ്ചായത്ത് പ്രസിഡന്റ് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു. എന്നാല്‍ പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം സ്വീകരിച്ച ശേഷം തീരുമാനമെടുക്കാമെന്ന് പറഞ്ഞ് യോഗം പിരിയുകയായിരുന്നു. പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം സ്വീകരിച്ചെങ്കിലും പിന്നീട് ഇതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നാണ് അറിയുന്നത്.
Next Story

RELATED STORIES

Share it