അരീക്കോട് അഞ്ചു കോടിയുടെ മയക്കുമരുന്ന് വേട്ട

അരീക്കോട്: അഞ്ചു കോടി വിലമതിക്കുന്ന മയക്കുമരുന്നുമായി അഞ്ചംഗ സംഘത്തെ അരീക്കോട് പോലിസ് അറസ്റ്റ് ചെയ്തു. അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന 750 ഗ്രാം മീഥെയിന്‍ ഡയോസിന്‍ ആന്‍ക്‌സിസ്റ്റാമിന്‍ (എംഡിഎ) എന്ന മയക്കു മരുന്നാണ്  പിടികൂടിയത്. ഒരുവര്‍ഷം മുമ്പ് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് കൊണ്ടോട്ടി സ്വദേശിയെ 18 ഗ്രാം മയക്കുമരുന്നുമായി പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ  സംഘം അറസ്റ്റിലായത്. തമിഴ്‌നാട് പളനി റോഡില്‍ കൊടൈക്കനാല്‍ റഫീഖ് രാജ്, കോട്ടയം മീനച്ചാല്‍ കീഴ്പറയാര്‍ മാങ്ങാത്ത് പയസ് മാത്യു, തമിഴ്‌നാട് തൃച്ചി മഞ്ചല്‍തിടയില്‍ വിക്ടര്‍ ജഗന്‍ രാജ്, ദിണ്ഡിഗല്‍ പീരമ്മാള്‍കോവില്‍ വെള്ളച്ചാമി ഗുണശേഖരന്‍, കോഴിക്കോട് കൊടിയത്തൂര്‍ പന്നിക്കോട് പാലാട് മജീദ് എന്നിവരാണ് അറസ്റ്റിലായത്. മജീദാണ് മലബാറിലെ പ്രധാന ഏജന്റ്. മജീദിനെ പിടികൂടി ചോദ്യം ചെയ്തതിലൂടെയാണ് മറ്റുള്ളവര്‍ പിടിയിലായത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഉത്പാദിപ്പിക്കുന്ന മയക്കുമരുന്ന് അഫ്ഗാനിസ്താന്‍ വഴിയാണ് ഇന്ത്യയില്‍ എത്തുന്നത്. നേരത്തെ വിമാനമാര്‍ഗം കൊണ്ടുവന്നിരുന്നെങ്കിലും പിടിക്കപ്പെടുമെന്ന് കണ്ടതോടെ ശ്രീലങ്ക വഴി കടല്‍മാര്‍ഗം സ്വീകരിക്കുകയായിരുന്നു. ഇങ്ങനെ തൂത്തുക്കുടിയില്‍ എത്തിച്ച ശേഷമാണ് രാജ്യത്തിന്റെ വിവിധ ഭാഗത്തേക്കെത്തിക്കുന്നത്. അറബ് രാജ്യങ്ങളിലേക്കും ഈ സംഘം മയക്കുമരുന്ന്  കടത്തുന്നുണ്ട്. ഇവരില്‍ നിന്നും കെ എല്‍ 35 ബി 6535 കാറും പോലിസ് പിടിച്ചെടുത്തു. കരിപ്പൂരില്‍ നിന്നും എംഡിഎ മയക്കുമരുന്ന് പിടികൂടിയതിനെ തുടര്‍ന്ന് ഡിജിപിയുടെ നേതൃത്വത്തില്‍ സംസ്ഥാന തലത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവല്‍ക്കരിച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സംഘം പിടിയിലായത്. സംസ്ഥാനത്ത് ഇത്രയും വലിയ മയക്കുമരുന്നുവേട്ട ഇത് ആദ്യമാണ്. സമൂഹത്തിലെ ഉന്നതരാണ് എംഡിഎ ഉപഭോക്താക്കള്‍. നിശാക്ലബ്, അപ്പാര്‍ട്ട്‌മെന്റ് ഹോട്ടലുകള്‍ എന്നിവിടങ്ങളിലാണ് ഇവ വിതരണം ചെയ്യുന്നത്.  കാസര്‍കോട്, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ ഉപഭോക്താക്കള്‍ ഉള്ളതെന്ന് പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് വ്യക്തമായി.  പ്രതികളെ  വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഡിവൈഎസ്പി അറിയിച്ചു.
Next Story

RELATED STORIES

Share it