malappuram local

അരീക്കോട്ടെ കുടിവെള്ള ക്ഷാമം : ഗ്രാമപ്പഞ്ചായത്ത് യോഗത്തില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങി പോയി



അരീക്കോട്: കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ജലവിതരണത്തില്‍ അലഭാവം കാണിക്കുന്നതില്‍ പ്രതിഷേധിച്ച് അരീക്കോട് ഗ്രാമപ്പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ നിന്നു പ്രതിപക്ഷ അംഗങ്ങള്‍ ഇറങ്ങിപോയി. നിലവിലുള്ള പദ്ധതിയില്‍ വേണ്ട ശൃഖല പുന:സ്ഥാപിക്കാനും ഭരണ സമിതി തയ്യാറായിട്ടില്ലെന്ന് പ്രതിപക്ഷ അംഗങ്ങള്‍ കുറ്റപെടുത്തി. സര്‍ക്കാറിന്റെ നിര്‍മല്‍ പദ്ധതി നടത്തിപ്പിലും ഭരണസമിതി വീഴ്ച വരുത്തിയതായി സിപിഎം അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വര്‍ഷകാലം ആരംഭിക്കും മുമ്പേ നടത്തേണ്ട ശുചീകരണ പ്രവൃത്തികള്‍ ഇവിടെ പൂര്‍ത്തീകരിച്ചിട്ടില്ല. മാത്രമല്ല, നിര്‍മല്‍ പദ്ധതിക്ക് ഫണ്ടും നീക്കിവച്ചിട്ടില്ല. ഗ്രാമസഭകള്‍ പ്രഹസനമായിരിക്കുകയാണ്. ഒരേ ദിവസം എട്ടോളം ഗ്രാമസഭകളാണ് ചേരുന്നത്. പ്രസിഡന്റ് ഗ്രാമസഭകളില്‍ പങ്കെടുക്കണമെന്ന നിര്‍ദേശവും പാലിക്കുന്നില്ല. തൊഴിലുറപ്പ് പദ്ധതിയും അട്ടിമറിച്ചിരിക്കുകയാണ്. വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുമ്പില്‍കണ്ട് തൊഴില്‍ ദിനങ്ങള്‍ 150 ആക്കി ഉയര്‍ത്തിയിട്ടും വേണ്ട പ്രവൃത്തികള്‍ കണ്ടെത്താനും ഭരണസമിതി തയ്യാറായിട്ടില്ല. തൊഴിലാളികള്‍ക്ക് ആറു മാസമായി വേതനവും ലഭിക്കുന്നില്ല. ഭിന്നശേഷിക്കാര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 20,000 രൂപ നല്‍കുന്നതിലും വീഴ്ച വരുത്തിയിട്ടുണ്ട്. ഏകപക്ഷീയ ഭരണമാണ് ഇവിടെ നടക്കുന്നതെന്നും ഇവര്‍ കുറ്റപ്പെടുത്തി. ഭരണകക്ഷി യില്‍പെട്ട മുസ്‌ലിംലീഗിലെ 16ാം വാര്‍ഡ് അംഗം സറീന രാജി കത്ത് നല്‍കാന്‍ തയ്യാറായിട്ടും അതില്‍ നിന്നു ലീഗ് അംഗങ്ങള്‍ പിന്തിരിപ്പിക്കുകയായിരുന്നു. ഭരണസമിതിയുടെ പ്രവര്‍ത്തിയില്‍ പ്രതിഷേധിച്ച് സറീന കൃത്യമായി ബോര്‍ഡ് യോഗത്തില്‍ എത്താറില്ല. ഇന്നലെ ലീഗ് പ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിന് വഴങ്ങി യോഗത്തിന് എത്തിയ സറീന യോഗം തീരുംമുമ്പേ ഇറങ്ങിപോയതായും പ്രതിപക്ഷം പറഞ്ഞു.ഭരണത്തിന്റെ അസ്തിരതയില്‍ പ്രതിഷേധിച്ച് 18ന് സിപിഎം അരീക്കോട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തും.
Next Story

RELATED STORIES

Share it