അരി വില വര്‍ധിച്ചെന്ന പ്രചാരണം വ്യാജം: മന്ത്രി

കൊച്ചി: സംസ്ഥാനത്ത് അരി വില കുതിച്ചുയരുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്നു ഭക്ഷ്യമന്ത്രി പി തിലോത്തമന്‍. സംസ്ഥാനത്ത് അധികമായി ഉപയോഗിക്കുന്ന ജയ അരി ഉള്‍പ്പെടെയുള്ളവയുടെ വില നിയന്ത്രണ വിധേയമാണെന്നും വില ഉയരാനുള്ള സാഹചര്യങ്ങള്‍ നിലവിലില്ലെന്നും മന്ത്രി പറഞ്ഞു. വന്‍കിട കച്ചവടക്കാര്‍ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വിലക്കയറ്റമാണെന്ന പ്രചാരണം നടത്തുകയാണ്. ഷോപ്പിങ് മാളുകളിലും മറ്റും അരിയുടെ വില ഉയര്‍ത്തി നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സപ്ലൈകോയുടെ ഔട്ട്‌ലെറ്റുകളില്‍ 25 രൂപ മുതല്‍ ജയ അരി ലഭ്യമാണ്. ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് ആന്ധ്ര സര്‍ക്കാരുമായി സഹകരിച്ചു കൂടുതല്‍ അരി സംസ്ഥാനത്തേക്ക് ഇറക്കുമതി ചെയ്യും. ഇക്കാര്യത്തില്‍ ആന്ധ്രയ്ക്കു പുറമെ മറ്റ് സംസ്ഥാനങ്ങളെ സമീപിക്കാനും സര്‍ക്കാരിനു പദ്ധതിയുണ്ട്. വെളിച്ചെണ്ണ വില, നിലവില്‍ കിലോയ്ക്ക് 200 രൂപയ്ക്കടുത്താണ്. 90 രൂപയ്ക്ക് സപ്ലൈകോയില്‍ വെളിച്ചെണ്ണ ലഭ്യമാക്കും. ഇതിനായി 18 ലക്ഷം ലിറ്റര്‍ വെളിച്ചെണ്ണ വിപണിയിലേക്ക് ഇറക്കുമതി ചെയ്യുമെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം 200 കോടി രൂപയാണു സര്‍ക്കാര്‍ സബ്‌സിഡിയായി പൊതുവിതരണ രംഗത്ത് ചെലവഴിക്കുന്നത്. സാധാരണക്കാര്‍ക്കു വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുമെന്നും മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it