palakkad local

അരി പരിശോധനയില്‍ തര്‍ക്കം ; നെല്ലുസംഭരണം അനിശ്ചിതത്വത്തില്‍



ആലത്തൂര്‍: മുഖ്യമന്ത്രിയും അരിമില്ലുടമകളുമായി കഴിഞ്ഞ ബുധനാഴ്ച തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയില്‍ നെല്ലുസംഭരണം സംബന്ധിച്ചുണ്ടാക്കിയ ധാരണ അംഗീകരിക്കപ്പെട്ടില്ല. ഇതേത്തുടര്‍ന്ന് മില്ലുടമകളും സപ്ലൈകോയും തമ്മില്‍ കരാര്‍ ഒപ്പിട്ടുമില്ല. സംഭരിച്ച നെല്ല് അരിയാക്കി തിരികെ നല്‍കുമ്പോള്‍ നടത്തുന്ന ഗുണനിലവാര പരിശോധനയുടെ കാര്യത്തിലാണ് മില്ലുടമകളും സപ്ലൈകോയും തര്‍ക്കം നിലനില്‍ക്കുന്നത്. അരിയുടെ ഗുണനിലവാരം മില്ലില്‍ നിന്നു തന്നെ പരിശോധിച്ച് കൊണ്ടുപോവണമെന്നാണ് മില്ലുടമകളുടെ ആവശ്യം. തങ്ങളുടെ ഗോഡൗണിലേക്ക്  മാറ്റിയ ശേഷം മതി ഗുണനിലവാര പരിശോധനയെന്നാണ് സപ്ലൈകോയുടെ നിലവിലെ വ്യവസ്ഥ. കരാര്‍ വ്യവസ്ഥയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയിരുന്നതിനാല്‍ മില്ലുടമകള്‍ ഒപ്പു വയ്ക്കാതെ തിരികെ പോവുകയായിരുന്നു. ഗുണനിലവാര പരിശോധന നടത്താതെ മാസങ്ങളോളം സപ്ലൈകോ ഗോഡൗണില്‍ കെട്ടിക്കിടക്കുന്ന അരി കേടാവുകയും പിന്നീട് മാറ്റിക്കൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നത് പതിവാണെന്നാണ് മില്ലുടമകള്‍ പറയുന്നത്. കയറ്റിറക്കുകൂലി, വണ്ടിവാടക തുടങ്ങിയ ഇനത്തില്‍ ഇത് വലിയ നഷ്ടമുണ്ടാകുന്നതായി അവര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ സപ്ലൈകോയും മില്ലുകാരുമായി ധാരണ ഉണ്ടാക്കാനാണ് യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്. നെല്ലു സംഭരണകാര്യത്തില്‍ മില്ലുകാരുടെ പ്രശ്‌നം പഠിക്കുന്നതിന് കഴിഞ്ഞവര്‍ഷം കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ റിപോര്‍ട്ട് യോഗം തത്വത്തില്‍ അംഗീകരിച്ചു. സംസ്‌കരണ കൂലി 268 രൂപയായി വര്‍ധിപ്പിക്കും. നെല്ല് അരിയാക്കി തിരികെ നല്‍കുമ്പോള്‍ ക്വിന്റലിന് 68 കിലോഗ്രാം എന്നത് 64 കിലോഗ്രാമാക്കി കുറക്കാനും ധാരണയായി. ഇത് കേന്ദ്ര മാനദണ്ഡമായതിനാല്‍ കേന്ദ്രത്തെ ബോധ്യപ്പെടുത്താനും അതുവരെ മില്ലുകള്‍ക്കുണ്ടാകുന്ന നഷ്ടം സംസ്ഥാന സര്‍ക്കാര്‍ നികത്തുന്ന കാര്യം കാബിനറ്റില്‍ പരിഗണിക്കാനും തീരുമാനിച്ചു. നെല്ലിന്റെ ഗുണനിലവാര പരിശോധനയ്ക്ക് ജില്ലതോറും ലാബ് സ്ഥാപിക്കും. മില്ലുടമകളും സപ്ലൈകോയുമായി തിങ്കളാഴ്ച വീണ്ടും ചര്‍ച്ച തുടരും. ഇതില്‍ ധാരണയായാല്‍ മാത്രമേ സംഭരണം ആരംഭിക്കൂ.ജില്ലയില്‍ സംഭരണത്തിന് പാഡികോ മാത്രംആലത്തൂര്‍: ജില്ലയില്‍ നെല്ലുസംഭരണത്തിന് രംഗത്തുള്ളത് എലപ്പുള്ളി പാഡികോ റൈസ് മില്‍ മാത്രം .പാലക്കാട് താലൂക്കില്‍ നിന്ന് ഇതുവരെ ആറ് ടണ്‍ നെല്ലാണ് സംഭരിച്ചത്. ആലത്തൂര്‍ താലൂക്കിലേക്ക് മൂന്ന് സ്വകാര്യ മില്ലുകള്‍ ചുമതലയേറ്റെങ്കിലും സംഭരണം തുടങ്ങിയിട്ടില്ല.
Next Story

RELATED STORIES

Share it