World

അരി കയറ്റുമതിക്കും ബ്രഹ്മപുത്ര ജലവിവരം കൈമാറാനും ധാരണ

ബെയ്ജിങ്: ഇന്ത്യയില്‍ നിന്നു വിവിധയിനം അരി കയറ്റി അയക്കാനും ബ്രഹ്മപുത്രയില്‍ നിന്നൊഴുകുന്ന ജലത്തിന്റെ കണക്ക് കൈമാറാനും ഇന്ത്യ-ചൈന ധാരണ. ഷാങ്ഹായി സഹകരണ സംഘടനയുടെ (എസ്‌സിഒ) ഉച്ചകോടിക്കായി ചൈനയിലെ ക്വിങ്ദാവോയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഷി ജിന്‍ പെങും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് ധാരണയില്‍ ഒപ്പിട്ടത്.
ബ്രഹ്മപുത്രനദി കരകവിഞ്ഞൊഴുകുന്ന മെയ് 15 മുതല്‍ ഒക്ടോബര്‍ 15 വരെയുള്ള വിവരങ്ങളാണ് ചൈന ഇന്ത്യക്കു കൈമാറുക. ഇതിനുപുറമേ സാധാരണ സമയങ്ങളില്‍ ജലഒഴുക്ക് അനുവദിക്കപ്പെട്ടതിലും കൂടിയാല്‍ അതും ഇന്ത്യയെ അറിയിക്കുമെന്നു ചൈന അറിയിച്ചു. 2006ല്‍ ഒപ്പിട്ട കരാര്‍ പുതുക്കുകയായിരുന്നു. ഇന്ത്യയില്‍ നിന്നു ബസുമതി ഇതര അരികള്‍ ചൈനയിലേക്കു കയറ്റി അയക്കാനും ഇന്ത്യ ചൈനയില്‍ നിന്ന് അനുമതി നേടി.
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള രൂപരേഖ തയ്യാറാക്കാനും കഴിഞ്ഞമാസം വുഹാനില്‍ നടത്തിയ അനൗദ്യോഗിക ചര്‍ച്ചയുടെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതു സംബന്ധിച്ച് അവലോകനം നടക്കാനും ഇരുനേതാക്കളും തമ്മില്‍ ധാരണയായി. ഉസ്ബക്കിസ്താന്‍ പ്രസിഡന്റ് ഷൗക്കത്് മിര്‍സിയോയീവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ആറാഴ്ചയ്ക്കിടെ രണ്ടാം തവണയാണു മോദി ചൈന സന്ദര്‍ശിക്കുന്നതും ഷി ജിന്‍ പെങുമായി ചര്‍ച്ച നടത്തുന്നതും. രണ്ടു ദിവസത്തെ ഉച്ചകോടിക്കിടയില്‍ മോദി ആറു രാഷ്ട്രത്തലവന്മാരുമായും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. ആഗോളതലത്തില്‍ സുപ്രധാനമായ പല തര്‍ക്കവിഷയങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ചയ്ക്കു വരുന്നുണ്ട്.
ഇറാനിലെ ആണവക്കരാറില്‍ നിന്നുള്ള യുഎസ് പിന്മാറ്റം,  ട്രംപ്-കിം ചര്‍ച്ച,  ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ് പദ്ധതി വരെ ചര്‍ച്ചയ്ക്കു വന്നേക്കാം. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.
Next Story

RELATED STORIES

Share it