അരിവിതരണത്തിന് അനുമതി

തിരുവനന്തപുരം: സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനമായ സൗജന്യ അരിവിതരണത്തിനു തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതിനല്‍കി. നിബന്ധനകള്‍ക്കു വിധേയമായി അരിവിതരണം നടത്താനാണ് അനുമതി. പദ്ധതിയെ രാഷ്ട്രീയലാഭത്തിനായി ഉപയോഗിക്കരുതെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു.
കൂടാതെ പുതിയ ഗുണഭോക്താക്കളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയോ അരിയുടെ അളവ് നിശ്ചയിച്ചതില്‍ നിന്നു വര്‍ധിപ്പിക്കുകയോ ചെയ്യരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പദ്ധതിക്കു കൂടുതല്‍ പ്രചാരണം നല്‍കരുതെന്നും കമ്മീഷന്‍ വ്യക്തമാക്കി.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അരിവിതരണത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള വിവരം സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറെ അറിയിച്ചു. സിവില്‍ സപ്ലൈസ് വകുപ്പിന് ഇതുസംബന്ധിച്ച അറിയിപ്പ് കമ്മീഷന്‍ കൈമാറിയിട്ടുണ്ട്.
ഏപ്രില്‍ ഒന്നുമുതലാണ് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച സൗജന്യ അരിവിതരണം തുടങ്ങേണ്ടിയിരുന്നത്. എന്നാല്‍, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി കമ്മീഷന്‍ പദ്ധതി തടഞ്ഞതിനെതിരേ നിയമനടപടി സ്വീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അരിവിതരണത്തിന് അനുമതിനല്‍കി കമ്മീഷന്‍ ഉത്തരവായത്.
എഎവൈ കാര്‍ഡുടമകള്‍ക്ക് 35 കിലോ അരിയും ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് 25 കിലോ അരിയും സൗജന്യമായി ലഭിക്കുന്ന പദ്ധതിയാണു തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന്റെ പേരുപറഞ്ഞ് കമ്മീഷന്‍ വിലക്കിയത്. തുടര്‍ന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് മന്ത്രിസഭ പരാതിനല്‍കുകയായിരുന്നു.
Next Story

RELATED STORIES

Share it