thiruvananthapuram local

അരിയുമായി വന്ന ലോറി മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്

വിഴിഞ്ഞം: സ്വകാര്യ ഗോഡൗണിലേക്ക് അരിയുമായി വന്ന ലോറി മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 10ഓടെ വിഴിഞ്ഞം പള്ളിച്ചല്‍ റോഡില്‍ ജമാഅത്ത് പള്ളിക്ക് മുന്നിലായിരുന്നു അപകടം. കുത്തനെയുള്ള കയറ്റത്തില്‍ ഇന്നോവ കാറില്‍ ഇടിക്കാതിരിക്കാന്‍ നിര്‍ത്തിയ ലോറി തുടര്‍ന്നു മുന്നോട്ടുനീങ്ങാനാവാതെ വരികയും നിയന്ത്രണം നഷ്ടപ്പെട്ട് പിന്നോട്ട് ഉരുളുകയുമായിരുന്നു.
ഈ സമയം ഇതുവഴി വന്ന സ്‌കൂട്ടറില്‍ ഇടിച്ചാണു ദമ്പതികള്‍ക്ക് പരിക്കേറ്റത്. തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിരുന്ന മറ്റൊരു ബൈക്കിലുമിടിച്ച് ലോറിക്ക് നിയന്ത്രണം നഷ്ടപ്പെടുകയും സമീപത്തെ മതിലിലിടിച്ച് തലകീഴായി മറിയുകയും ചെയ്തു. ഭര്‍ത്താവിനോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന തിരുമല സ്വദേശി ഗീതയ്ക്ക് അപകടത്തെ തുടര്‍ന്ന് കാലിനും കൈക്കും പരിക്കേറ്റു. ഭര്‍ത്താവ് ജയാനന്ദന് നിസ്സാര പരിക്കും ലോറിയില്‍ സഞ്ചരിക്കുകയായിരുന്ന അമരവിള സ്വദേശി വിവേകാനന്ദന് തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പരിക്കേറ്റവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നൂറു മീറ്ററോളം പിന്നോട്ട് ഉരുണ്ട ലോറിയുടെ അപകടാവസ്ഥ മനസ്സിലാക്കിയ നാട്ടുകാര്‍ ബഹളമുണ്ടാക്കിയതിനാല്‍ ഡ്രൈവര്‍ ചുവരിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കുറച്ചുകൂടി പിന്നോട്ടുപോയിരുന്നുവെങ്കില്‍ തിരക്കേറിയ ജങ്ഷനില്‍ വന്‍ ദുരന്തത്തിന് കാരണമാകുമായിരുന്നെന്ന് പോലിസും അഭിപ്രായപ്പെട്ടു. ആന്ധ്രയില്‍ നിന്നാണ് അരിയുമായി ലോറിയെത്തിയത്.
അപകടത്തിനു ശേഷം ലോറി ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. ലോറിയില്‍ നിന്നു ഡീസല്‍ പരന്നൊഴുകിയത് ഫയര്‍ഫോഴ്‌സെത്തി കഴുകിക്കളഞ്ഞു. തുടര്‍ന്ന് റോഡിനു കുറുകെ കിടന്ന ലോറിയില്‍ നിന്ന് അരി മറ്റ് രണ്ട് ലോറികളിലേക്ക് മാറ്റി. അപകടത്തില്‍പ്പെട്ട ലോറി ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി ഗതാഗതം പുനസ്ഥാപിച്ചു. 74 കിലോയുടെ 300ഓളം ചാക്കുകളായിരുന്നു ലോറിയിലുണ്ടായിരുന്നത്. ഇത് ലോറിയുടെ ശേഷിയേക്കാള്‍ വളരെ കൂടുതലാണെന്നും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it