kozhikode local

അരിയുമായി വന്ന ലോറി നാട്ടുകാര്‍ തടഞ്ഞു

കുന്ദമംഗലം: അരിയുമായി വന്ന ലോറി നാട്ടുകാര്‍ റേഷനരിയാണെന്നാരോപിച്ച് തടഞ്ഞു. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് കര്‍ണ്ണാടകയില്‍ നിന്ന് അരിയുമായി വന്ന ലോറി കുന്ദമംഗലത്ത് ചിലര്‍ തടഞ്ഞത്. ലോറിയിലുള്ളത് റേഷനരിയാണെന്നാരോപിച്ച് ഇവര്‍ പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പോലിസെത്തി ലോറി കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെ സപ്ലൈ ഓഫീസര്‍ ഷംസുദ്ദീന്‍ സ്ഥലത്തെത്തി അരി പരിശോധന നടത്തിയെങ്കിലും റേഷനരിയാണെന്ന് കണ്ടെത്താന്‍ സാധിച്ചില്ല. ബില്ല് പരിശോധിച്ച് മാത്രമേ അരി ഏതാണെന്ന് മനസ്സിലാക്കാന്‍ കഴിയുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. കൃത്യമായി നികുതിയടച്ച ബില്ലാണ് ഇവരുടെ കൈവശമുള്ളതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ റേഷനരിയല്ലെന്ന് കണ്ടെത്തിയതോടെ ചിലര്‍ അരി നികുതി വെട്ടിപ്പ് നടത്തിയാണ് കൊണ്ടുവന്നതെന്ന ആരോപണവുമായി രംഗത്തെത്തി. കുറച്ച് അരി വരുന്ന വഴിയില്‍ ഇറക്കിയിട്ടുണ്ടെന്നും ഇറക്കിയ അരിയുടെ ബില്ലും ഇവരുടെ കൈയില്‍ തന്നെ ഉണ്ടെന്നും ഇവര്‍ ആരോപിച്ചു. ലോറി സമരം തുടങ്ങിയതോടെയാണ് പടനിലം ഭാഗത്ത് ചിലര്‍ ലോറികള്‍ തടഞ്ഞുനിര്‍ത്തി പരിശോധന തുടങ്ങിയത്.
കഴിഞ്ഞ ദിവസം ഇതേപോലെ രണ്ടു ലോറികള്‍ ചിലര്‍ തടഞ്ഞിരുന്നു. ലോറിയില്‍ കയറ്റാന്‍ അനുവദിച്ചതിലും കൂടുതല്‍ ലോഡ് കയറ്റിയതിനെ തുടര്‍ന്ന് ഈ ലോറികള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയിരുന്നു. സ്ഥിരമായി ഇത്തരം നിയമ ലംഘനം നടത്തുന്നവര്‍ തന്നെയാണ് സമരത്തിന്റെ മറവില്‍ ലോറില്‍ തടഞ്ഞ് പരിശോധന നടത്തുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
നിയമ പരമായ എല്ലാ ബില്ലുകളും കാണിച്ചിട്ടും പോലിസ് നാട്ടുകാരുടെ ആരോപണത്തെ തുടര്‍ന്ന് അനാവശ്യമായി ലോറി തടഞ്ഞുവെക്കുകയായിരുന്നുവെന്ന് ലോറി ഡ്രൈവര്‍ പറഞ്ഞു.
എന്നാല്‍ അരി പരിശോധിക്കാന്‍ തങ്ങള്‍ക്ക് അനുമതിയില്ലെന്നും പരിശോധന നടത്തേണ്ടത് റേഷനിംഗ് ഓഫീസര്‍മാരാണെന്നും നാട്ടുകാരുടെ സംശയം കാരണമാണ് വാഹനം കസ്റ്റഡിയിലെടുത്തതെന്നുമാണ് പോലിസിന്റെ ഭാഷ്യം. എന്നാല്‍ ചിലര്‍ വാഹനം തടഞ്ഞുനിര്‍ത്തി പരിശോധന തുടങ്ങിയതോടെ ഇതുവഴി വാഹനമോടിക്കാന്‍ ഭയപ്പെടുകയാണ് അന്യ സംസ്ഥാന ലോറി െ്രെഡവര്‍മാര്‍.
പോലിസ് ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ അന്യ സംസ്ഥാനത്ത് നിന്നുള്ള ചരക്ക് നീക്കം നിലക്കാന്‍ കാരണമായേക്കും. യാത്ര സൗകര്യം ഒരുക്കികൊടുക്കേണ്ട പോലിസ് സമരക്കാര്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ചത് വിവാദമായിട്ടുണ്ട്.
Next Story

RELATED STORIES

Share it