Flash News

അരിയില്‍ ഷുക്കൂര്‍ വധക്കേസ്: ഹൈക്കോടതി പരാമര്‍ശത്തിന് എതിരേ സുപ്രിംകോടതി



ന്യൂഡല്‍ഹി: സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട അരിയില്‍ ഷുക്കൂര്‍ വധക്കേസ് അന്വേഷണം സിബിഐക്കു വിട്ടുകൊണ്ട് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേ സുപ്രിംകോടതി. അത്തരം പരാമര്‍ശങ്ങള്‍ അനാവശ്യമാണെന്നും കേസിന്റെ വിചാരണയെ ബാധിക്കുമെന്നും സുപ്രിംകോടതി അഭിപ്രായപ്പെട്ടു. ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഎം നേതാവ് പി ജയരാജന്‍ നല്‍കിയ ഹരജി പരിഗണിക്കവെ ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റേതാണ് നിരീക്ഷണം. സംസ്ഥാന സര്‍ക്കാര്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കെ കേസ് സിബിഐക്കു വിടേണ്ട ആവശ്യം ഉണ്ടായിരുന്നോ എന്ന കാര്യവും ഹൈക്കോടതിയുടെ ഈ നടപടി ശരിയായ വിധത്തിലുള്ളതായിരുന്നോ എന്നും പരിശോധിക്കും. ഒരു കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ട്. എന്നാല്‍, കേസ് സിബിഐക്കു വിട്ട സാഹചര്യത്തില്‍ നിലവിലെ സ്ഥിതിഗതികള്‍ അറിയേണ്ടതുണ്ടെന്നും സുപ്രിംകോടതി വ്യക്തമാക്കി. കേസിന്റെ നിലവിലെ സ്ഥിതിഗതികളും സിബിഐ അന്വേഷണത്തിലെ പുരോഗതിയും അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കോടതി സിബിഐക്ക് നോട്ടീസ് അയക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it