kozhikode local

അരിപ്പാറ ജലവൈദ്യുത പദ്ധതി : കലക്ടറുടെ നിര്‍ദേശം നടപ്പാക്കണം



കോഴിക്കോട്: ജില്ലയിലെ അന്യാധീനപ്പെട്ട പുഴകള്‍ വീണ്ടെടുത്തു സംരക്ഷിക്കണമെന്നും കൈയേറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ നദീ സംരക്ഷണ പ്രവര്‍ത്തകരുടെ കൂട്ടായ്മ നടന്നു. ഇരുവഴിഞ്ഞിപ്പുഴയോരത്ത് കോടഞ്ചേരിയിലെ നെല്ലിപ്പൊയിലില്‍ പ്രവര്‍ത്തകര്‍ നദീ സംരക്ഷണ പ്രതിജ്ഞയെടുത്തു. 75 മീറ്ററിലധികം വീതിയുണ്ടായിരുന്ന ഇരുവഴിഞ്ഞിയില്‍ 33 മീറ്റര്‍ വീതിയില്‍ പുഴ ഒഴുകിയിരുന്നു. ഇപ്പോഴിത് രണ്ടു മീറ്ററായി ചുരുങ്ങിയിരിക്കുകയാണ്. ചെറുകിട ജലവൈദ്യുത പദ്ധതികള്‍ ഇവിടെ നിര്‍മ്മാണാവസ്ഥയിലാണ്. ഒന്നിന്റെ ഉദ്ഘാടനം നടന്നുകഴിഞ്ഞു. ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നശിപ്പിക്കപ്പെട്ട വീടുകള്‍ പുനര്‍നിര്‍മിക്കണമെന്നുള്ള ജില്ലാ കലക്ടറുടെ ഉത്തരവ് നടപ്പാക്കാത്തതി ല്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. ഇതര സംസ്ഥാനങ്ങളില്‍ അഞ്ചു കിലോമീറ്റര്‍ ദൂരം വിട്ട് മാത്രമേ പദ്ധതികള്‍ നിര്‍മിക്കാന്‍ നിയമം അനുവദിക്കുന്നുള്ളു. രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍ നിബിഡ വനങ്ങള്‍ വെട്ടിമാറ്റിയും പുഴ പുറമ്പോക്കുകള്‍ നദിയിലേക്ക് ഇടിച്ചിട്ടുമാണ് പുഴയെ നശിപ്പിച്ചിരിക്കുന്നത്. ജില്ലയിലെ മിക്ക നദികളും കൈയേറ്റങ്ങളുടെയും തരംമാറ്റലിന്റെയും ഭീഷണിയിലാണെന്നും യോഗം അഭിപ്രായപ്പെട്ടു.കേരള നദീ സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി ടി വി രാജന്‍ അധ്യക്ഷതവഹിച്ചു. ഗാന്ധിയന്‍ തായാട്ട് ബാലന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. പി എ പൗരന്‍, പി എച്ച് താഹ, സതീഷ് ബാബു കൊല്ലമ്പലത്ത്, മോയിന്‍ ബാപ്പു, കെ പി യു അലി, എം പി അബ്ദുല്ല, മൊയ്തു കണ്ണങ്കോടന്‍ എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it