kasaragod local

അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം

കാഞ്ഞങ്ങാട്: അവഗണിക്കപ്പെട്ട ഒരു സര്‍ക്കാര്‍ വിദ്യാലയം കഠിനമായ പരിശ്രമത്തിലൂടെ മികവിന്റെ പട്ടം നേടിയതോടെ അരയി ഒരുമയുടെ തിരുമധുരം സംസ്ഥാന തലത്തിലേക്ക് ഉയര്‍ന്നു. ചന്തേര ഗവ. യുപി സ്‌കൂളില്‍ നടന്ന ജില്ലാതല മികവുല്‍സവത്തില്‍ വച്ചാണ് അരയി ഗവ. യുപി സ്‌കൂളിനെ ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി തിരഞ്ഞെടുത്തത്.
കുട്ടികളുടെ എണ്ണം കുറഞ്ഞ് നൂറില്‍ താഴെ എത്തിയ ഘട്ടത്തിലാണ് പ്രധാനാധ്യാപകനായി എത്തിയ കൊടക്കാട് നാരായണന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ജാതി മത രാഷ്ടീയ വ്യത്യാസമില്ലാതെ അരയി ഒരുമയുടെ തിരുമധുരം പദ്ധതി ആരംഭിക്കുന്നത്.
പഠന നിലവാരം ഉയര്‍ന്നതോടെ കുട്ടികളുടെ എണ്ണം 208 ആയി വര്‍ധിച്ചു. നഗരസഭാ തലത്തിലും ഉപജില്ലാ തലത്തിലും ഒന്നാം സ്ഥാനം നേടിയ അരയി ജില്ലയിലും മികച്ച പ്രകടനം കാഴ്ചവച്ചതോടെ അടുത്ത മാസം 4,5 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന മികവുല്‍സവത്തില്‍ മാറ്റുരക്കും. വിദ്യാര്‍ഥികളായ ടി അനുശ്രീ, കെ അനുശ്രീ, കെ ആദിത്യന്‍, പി കെ സ്‌നേഹ മോള്‍, മദര്‍ പിടിഎ പ്രസിഡന്റ് എസ് സി റഹ്മത്ത്, അധ്യാപികമാരായ ശോഭനാ കൊഴുമ്മല്‍, പി ബിന്ദു എന്നിവരാണ് വിദ്യാലയ മികവുകള്‍ അവതരിപ്പിച്ചത്.
Next Story

RELATED STORIES

Share it