ernakulam local

അരങ്ങേറ്റം അവിസ്മരണീയമാക്കി മീറ്റ് റെക്കോര്‍ഡുമായി അനീഷ് മധു

കൊച്ചി: പതിവ് ഇനമായ ഹൈജംപില്‍ നിന്നും പോള്‍ വാള്‍ട്ടിലേക്ക് ചുവടു മാറ്റിയെങ്കിലും അനീഷിന്റെ കണക്കുകള്‍ പിഴച്ചില്ല. ജൂനിയര്‍ ആണ്‍കുട്ടികളുടെ പോള്‍ വാള്‍ട്ടില്‍ റെക്കോര്‍ഡോടെ സ്വ ര്‍ണം നേടിയാണ് കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസിലെ താരമായ അനീഷ് മധു മൈതാനം വിട്ടത്.
ജൂനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ 3.91 മീറ്റര്‍ ചാടിയ കോതമംഗലം മാര്‍ബേസിലിന്റെ അനീഷ് മധു ആണ് രണ്ടാംദിനത്തിലെ ആദ്യ മീറ്റ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. സെന്റ് ജോര്‍ജ് എച്ച്എസ്എസ് കോതമംഗലം താരമായിരുന്ന വിഷ്ണു ഉണ്ണിയുടെ 3.90 എന്ന റെക്കോര്‍ഡാണ് 3.91 മീറ്റര്‍ ചാടിയ അനീഷ് പഴങ്കഥയാക്കിയത്. 2013, 2014 വര്‍ഷങ്ങളില്‍ ഹൈജംപ് ഇനത്തില്‍ മല്‍സരിച്ചിരുന്ന അനീഷ് കോച്ച് ചാള്‍സ് ഇ ഇടപ്പാളിന്റെ നിര്‍ദേശ പ്രകാരമാണ് പോള്‍ വാള്‍ട്ടിലേക്ക് ചുവടുമാറ്റിയത്. പത്താംതരം വിദ്യാര്‍ഥിയായ അനീഷ് ഇടുക്കി ജില്ലയിലെ കുമളി ആമയാര്‍ സ്വദേശിയാണ്. കൃഷിപ്പണിക്കാരനായ അച്ഛന്‍ മധുവും അമ്മ സ്വപ്‌നയുമാണ് അനീഷിനു പ്രോല്‍സാഹനം നല്‍കുന്നത്. നാല് വര്‍ഷം മുന്‍പാണ് അനീഷ് മാര്‍ ബേസിലില്‍ എത്തുന്നത്. 2013ല്‍ അമച്വര്‍ മത്സരങ്ങളില്‍ ഹൈജംപില്‍ നാലാം സ്ഥാനം നേടിയിരുന്നു. 2014ല്‍ കാലിലെ പരിക്കു കാരണം റവന്യൂ ജില്ലാ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
Next Story

RELATED STORIES

Share it