kozhikode local

അരക്കിണറില്‍ സ്റ്റേഷനറിക്കട കത്തിനശിച്ചു: ലക്ഷങ്ങളുടെ നഷ്ടം

അരക്കിണര്‍: അരക്കിണര്‍ അങ്ങാടിയില്‍ നടന്‍ മാമുക്കോയയുടെ വീടിന് മുന്‍വശത്തുള്ള സ്റ്റേഷനറക്കട അര്‍ധരാത്രിയില്‍ പൂര്‍ണമായും കത്തിനശിച്ചു. തൊട്ടടുത്തുള്ള രണ്ട് കടകളും ഭാഗികമായി കത്തി. ബുധനാഴ്ച രാത്രി രണ്ടുമണിക്ക് കടയില്‍ നിന്ന് തീയും പുകയും കണ്ട നൈറ്റ് പെട്രോള്‍ പോലഞ്ചസാണ് ബേപ്പൂര്‍ സ്റ്റേഷനിലേക്കും ഫയര്‍ സ്റ്റേഷനിലേക്കും വിവരമറിയിച്ചത്.
മീഞ്ചന്ത ഫയര്‍ സ്റ്റേഷനില്‍ നിന്ന് ഫയര്‍ ടീം എത്തിയാണ് തീയണച്ചത്. അപ്പോഴേക്കും കടയുടമകളും സ്ഥലത്തെത്തി. കാട്ടുശ്ശേരി ചന്ദ്രന്റെ സ്റ്റേഷനറി കട പൂര്‍ണമായും കത്തിനശിച്ചു.സാധനങ്ങള്‍ മുഴുവനും ചാരമായ നിലയിലാണ്.
സ്റ്റേഷനറി കടയിലെ സാധനങ്ങള്‍ കത്തിയതില്‍ ചന്ദ്രന് നാലുലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്.തൊട്ടടുത്ത പി പി മൊയ്തീന്‍ നടത്തുന്ന മില്‍മ ബൂത്തും, പള്ളിക്കണ്ടി നാലകത്ത് ഫിറോസിന്റെ പച്ചക്കറിക്കടയും സാധനങ്ങളടക്കം ഭാഗികമായി കത്തി നശിച്ചതില്‍ രണ്ടു ലക്ഷം രൂപയുടെ നഷ്ടവും ഉണ്ട് . മീഞ്ചന്ത ഫയര്‍‌സ്റ്റേഷനിലെ ലീഡ് ഫയര്‍മാന്‍ നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ടി എസ് ദിനേശ്, വികെ ദിനേശ്, അനൂപ് എം പിള്ള, കെ കെ സന്ദീപ് എന്നിവരും തീയണക്കുന്ന പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. സ്റ്റേഷനറി കട നടത്തുന്ന ചന്ദ്രന്‍ രാത്രി ഒരുമണിക്കാണ് കടയടച്ച് വീട്ടിലേക്ക് പോയത്.
സ്ഥിരമായി രാത്രി വൈകുംവരെ തുറന്നിരിക്കാറുണ്ട്. 40 വര്‍ഷത്തോളമായി അരക്കിണറിലുള്ള ആദ്യകാല സ്റ്റേഷനറി കടകളില്‍ ഒന്നാണിത്. കത്തിയ കടകള്‍ ഉള്‍പ്പെടുന്ന കെട്ടിടത്തിന്റെ ഉടമസ്ഥ അരങ്ങില്‍ സീത താമസിക്കുന്ന വീട് പിറകില്‍ തന്നെയാണ്. കെട്ടിട ഉടമ വിളിച്ചറിയിച്ചപ്പോഴാണ് 2 30 ന് ചന്ദ്രന്‍ കട കത്തുന്ന വിവരമറിഞ്ഞത്.

Next Story

RELATED STORIES

Share it