ernakulam local

അയ്യമ്പുഴയില്‍ ഉരുള്‍പൊട്ടല്‍; പ്രതിഷേധം ശക്തം

അങ്കമാലി: കാലവര്‍ഷക്കെടുതിയില്‍ അയ്യമ്പുഴ ഗ്രാമപഞ്ചായത്തില്‍ മൂന്ന് സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടല്‍. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ജനജീവിതം ദു:സഹമാക്കുന്ന വിധത്തില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടും പഞ്ചായത്ത് അധികൃതര്‍ വേണ്ടവിധത്തില്‍ ശ്രദ്ധിക്കാത്തതില്‍ പ്രതിഷേധം ശക്തമായി. അയ്യംമ്പുഴ പഞ്ചായത്തിലെ നാല് സ്ഥലങ്ങളിലാണ് ചെറുതും വലതുമായ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുള്ളത.് ഇതില്‍ കോല്ലക്കോട് മുണ്ടോപുറം റോഡ്, പോട്ട എന്നിവിടങ്ങളില്‍ ആണ് പ്രധാനമായും ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുള്ളത്. പോട്ടയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വീടുകള്‍ വരെ തകര്‍ന്നിട്ടുണ്ട്. പുലര്‍ച്ചെ ആറ് മണിയോടെ ഉണ്ടായ ഉരള്‍പൊട്ടലുകള്‍ യഥാസമയം സമീപത്തുള്ള വീടുകളിലെ ജനങ്ങള്‍ അറിഞ്ഞതു മുലം വീടുകളില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ കഴിഞ്ഞതു മൂലമാണ് വന്‍ ദുരന്തം ഒഴിവായത്. ഇത്തരം ഭീകരമായ വിധത്തില്‍ ഉരള്‍പൊട്ടല്‍ ഉണ്ടായിട്ടും വിവരങ്ങള്‍ പുറംലോകത്തെ അറിയിക്കാത്തതും അധികൃതരെ വിവരം അറിയിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കാത്തതും അയ്യംമ്പുഴ ഗ്രാമപഞ്ചായത്തില്‍ അനധികൃതമായും അധികൃതമായുംപ്രവര്‍ത്തിക്കുന്ന പാറമടലോബികളെ സഹായിക്കാനാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട. ്പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പാറമടകമാണ് ഉരുള്‍പൊട്ടലിന് പ്രധാന കാരണം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പാറമടകള്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമപഞ്ചായത്തുകളില്‍ ഒന്നാണ് അയ്യംമ്പുഴ ഗ്രാമപഞ്ചായത്ത്. പാറമടകള്‍ കൂടാതെ നിരവധി മെറ്റല്‍ ക്രഷര്‍ യൂനിറ്റുകളും യാതൊരു മാനദണ്ഡങ്ങളും കൂടാതെ പ്രവര്‍ത്തിക്കുന്നുണ്ട്. രാത്രിയും പകലും ഭേദമില്ലാതെയാണ് ഇവിടെ പാറമടകളും മെറ്റല്‍ ക്രഷറുകളും പ്രവര്‍ത്തിക്കുന്നത്. ഇതിനെതിരെ ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ കള്ളക്കേസുണ്ടാക്കി കുടുക്കുകയോ മറ്റ് പ്രലോഭനങ്ങള്‍ ഉപയോഗിച്ച് ഒതുക്കുകയോ ചെയ്യാറാണ് പതിവ്. സംസ്ഥാനത്തെ പ്രമുഖ പാര്‍ട്ടികളുടെ പിന്‍ബലം ഉള്ളതുകൊണ്ട് പാറമടകള്‍ക്ക് എതിരെയുള്ള രോദനം കേള്‍ക്കാതെ പോകുകയാണ് പതിവ്. പ്രതികരിക്കുന്നവരുടെ ജീവന് വരെ ഭീഷണിയുള്ളത് കൊണ്ട് പാറമട, ക്രഷര്‍ ലോബികള്‍ക്കെതിരേ പരസ്യമായി ആരും രംഗത്ത് വരാറില്ല. ഇത് മുതലാക്കിയാണ് പാറമടക്കാര്‍ യാതൊരു മാനദണ്ഡങ്ങളും ഇല്ലാതെ പ്രവര്‍ത്തനം നടത്തുന്നത്. ഈ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന പാറമടകള്‍ പുലര്‍ച്ചെ 4 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഈ സമയങ്ങളില്‍ അമിത ലോഡുകളുമായി അമിത വേഗതയില്‍ പോകുന്ന ടോറസ്, ടിപ്പര്‍ ലോറികള്‍ ജനജീവിതത്തെ ദുരിതപൂര്‍ണ്ണമാക്കുന്നുണ്ട്. പകല്‍ സമയങ്ങളില്‍ വന്‍ സ്‌ഫോടനത്തോടെയാണ് പാറകള്‍ പൊട്ടിക്കുന്നത്. ഇത്തരം സ്‌ഫോടനങ്ങളില്‍ വീടുകള്‍ കുലുങ്ങുന്നതിനും വിള്ളലുകള്‍ സംഭവിക്കുന്നതിനും കാരണമാകുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജനജീവിതം ദുസഹമാക്കുന്നതിനിടെയാണ് കാലവര്‍ഷത്ത് ഈ പ്രദേശത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായിരിക്കുന്നത.് യഥാസമയം ഇത്തരം ചെറിയ ഉരുള്‍പൊട്ടലുകള്‍ക്ക് എതിരെ വേണ്ട സുരക്ഷ നടപടികള്‍ സ്വീകരിച്ചില്ലങ്കില്‍ അടുത്ത കാലവര്‍ഷം ശക്തമാകുമ്പോള്‍ വന്‍ ഉരുള്‍പൊട്ടലുകള്‍ ഉണ്ടാകുന്നതിനും ആള്‍നാശം വരെ നടക്കുന്നതിനും കാരണമാകും. ഒരു പാറമടയില്‍ ഉപയോഗിക്കുവാന്‍ അധികൃതര്‍ ലൈസന്‍സ് കൊടുക്കുന്നതിനേക്കാള്‍ നൂറ് ഇരട്ടി ഉപകരണങ്ങളും സ്‌ഫോടകവസ്തുക്കളുമാണ് അയ്യംമ്പുഴ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കന്ന പാറമടകളില്‍ ഉപയോഗിക്കുന്നത്. ഇതിനെതിരെ ആരെങ്കിലും പരാതിപ്പെട്ടാല്‍ പാറമടക്കാരെ അറിയിച്ചതിന് ശേഷം പരിശോധനകള്‍ നടത്തി പാറമടക്കാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കുകയാണ് പതിവ്. പരാതിപ്പെടുന്നവരെ വികസന വിരോധികള്‍ എന്ന് പറഞ്ഞ് ഒറ്റപ്പെടുത്തുകയും ചെയ്യും. പാറമടകള്‍ക്ക് എതിരെ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് രാഷ്ട്രീയത്തിന് അധീതമായി സംഘടിച്ച് നാട്ടുകാര്‍ സമരത്തിനൊരുങ്ങുകയാണ.്

Next Story

RELATED STORIES

Share it