Flash News

അയ്യപ്പന്റെ മരണം : കൊലപാതകത്തിന് കേസെടുക്കണമെന്ന്



മഞ്ചേരി: എടവണ്ണ പത്തപ്പിരിയത്ത് ടാര്‍മിക്‌സിങ് യൂനിറ്റ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിനിടെ അയ്യപ്പന്‍ എന്നയാള്‍ മരിച്ച സംഭവത്തിന് ഉത്തരവാദിയായവര്‍ക്കെതിരേ കൊലപാതകത്തിന് കേസെടുക്കണമെന്ന് തിരുവനന്തപുരം പോലിസ് കംപ്ലെയിന്റ് അതോറിറ്റിയുടെ റിപോര്‍ട്ട്. അയ്യപ്പന്‍ മുങ്ങിമരിച്ചതോ അബദ്ധത്തില്‍ വീണതോ അല്ലെന്ന് ജസ്റ്റിസ് കെ നാരായണക്കുറുപ്പ് ചെയര്‍മാനായുള്ള അതോറിറ്റി വിലയിരുത്തി. മരണത്തിനു മുമ്പ് തലയ്ക്കടിയേറ്റതാവാം മരണകാരണമെന്നും  റിപോര്‍ട്ട് പറയുന്നു. പോലിസ് ലാത്തിച്ചാര്‍ജിന് നിര്‍ദേശം കൊടുത്തതാണ് അയ്യപ്പന്റെ മരണത്തിനു കാരണമായിരിക്കുന്നത്. അതുകൊണ്ടുതന്നെ നേതൃത്വം  കൊടുത്ത സിഐക്കെതിരേ 302 വകുപ്പുപ്രകാരം കൊലപാതകത്തിന് കേസെടുക്കണമെന്നും റിപോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.  അതേസമയം, പോലിസ് നടപടിയും അയ്യപ്പന്റെ മരണവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നാണ് ക്രൈംബ്രാഞ്ച് മലപ്പുറം ഡിവൈഎസ്പി തയ്യാറാക്കിയ റിപോര്‍ട്ടില്‍ പറയുന്നത്. 2015 ഡിസംബര്‍ 9നാണ് നെല്ലാണി കീര്‍ത്തിയില്‍ അയ്യപ്പന്റെ(47) മൃതദേഹം സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ കണ്ടെത്തിയത്. 8ാം തിയ്യതി നാട്ടുകാരും പോലിസും തമ്മില്‍ ടാര്‍മിക്‌സിങ് യൂനിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടായിരുന്നു. ശേഷമാണ് ലാത്തിച്ചാര്‍ജ് നടക്കുന്നതും അയ്യപ്പന്റെ മൃതദേഹം കണ്ടെത്തുന്നതും. അയ്യപ്പന്റെ ഭാര്യ ഇന്ദിരയാണ് പരാതിക്കാരി. കംപ്ലെയിന്റ് അതോറിറ്റി വിളിച്ചവരുത്തിയ സമയത്ത് പരാതിക്കാരെ സിഐ ഭീഷണിപ്പെടുത്തിയതായി ആക്ഷന്‍ കമ്മിറ്റി പരാതിപ്പെട്ടു.
Next Story

RELATED STORIES

Share it